ADVERTISEMENT

കോവിഡ് ബാധിതർക്കു നടുവിൽ സേവനനിരതനായി ഓടിനടക്കുന്ന ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫിന്റെ അനുഭവക്കുറിപ്പ്...

പല തവണ കേരളത്തിന്റെ വോളിബോൾ ടീമിനെ ഒറ്റയ്ക്കു തോളിലേറ്റിയ താരം ഇപ്പോൾ ചുമക്കുന്നത് ഓക്സിജൻ സിലിണ്ടറുകളും മരുന്നു പെട്ടികളുമാണ്. എതിരാളികളെ വിറപ്പിച്ച സ്മാഷുകൾ പിറന്ന കൈകളിൽ കോവിഡ് ബാധിതരുടെ പേരുകളും അവർക്കാവശ്യമുള്ള സാധനങ്ങളുടെ പട്ടികയുമാണ്.

സേവനത്തിന്റെ സ്മാഷുകൾ നിറഞ്ഞ കോർട്ടിലാണ് ഇപ്പോൾ ടോം ജോസഫ്. കൊച്ചിൻ റിഫൈനറിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ (സിഎഫ്എൽടിസി) 7 മാസമായി സേവനത്തിലാണു ടോം. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ (ബിപിസിഎൽ–കൊച്ചി) അസിസ്റ്റന്റ് മാനേജരും സ്പോർട്സ് ഓഫിസറുമായ ടോം കോവിഡ് ട്രീറ്റ്മെന്റ് സെന്ററിന്റെ ചുമതലയിൽ എത്തുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് അമ്പലമുകളിലെ റിഫൈനറിയുടെ പഴയ സ്കൂൾ കെട്ടിടത്തിൽ കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ചത്.

സേവനം 24X7

പുലർച്ചെ മൂന്നിനാണ് ഒരു ദിവസം ചികിത്സാ കേന്ദ്രത്തിൽനിന്നു വിളിയെത്തിയത്. അവിടെ അഡ്മിറ്റ് ആക്കിയ ഒരാൾക്ക് ഓക്സിജൻ അളവ് വല്ലാതെ താഴുന്നു. ആശുപത്രിയിലേക്ക് മാറ്റണം.

 ഉടൻ തന്നെ ആംബുലൻസ് വിളിച്ചു തയാറാക്കി. ചികിത്സാ കേന്ദ്രത്തിലേക്കു സർക്കാർ നിയോഗിച്ച ഡോക്ടർ സജിത്തിന്റെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയിൽ അഡ്മിഷൻ ശരിയാക്കി അങ്ങോട്ടേക്ക് മാറ്റി. അപകടമൊന്നും സംഭവിക്കാതെ ക്രമീകരണങ്ങൾ ചെയ്യാനായി. ഇതുപോലെ ഇടയ്ക്ക് വിളികൾ വരുന്നുണ്ട്. തുടങ്ങിയപ്പോൾ ഓക്സിജൻ സൗകര്യം ചികിത്സാ കേന്ദ്രത്തിൽ ഇല്ലായിരുന്നു. ഇപ്പോൾ അതും ഏർപ്പാടാക്കി. ഓക്സിജൻ സിലിണ്ടറുകളും മരുന്നുകളും ആംബുലൻസിൽ എത്തിക്കും. ഇത് എടുത്ത് അകത്തു വയ്ക്കാനും സഹായിക്കും.

‘പോസിറ്റീവ്’ ശിഷ്യർ

ദേശീയ ടൂർണമെന്റിനു പോയ കേരള ടീമിലുണ്ടായിരുന്ന 3 ബിപിസിഎൽ താരങ്ങൾക്ക് കോവിഡ് ബാധിച്ചിരുന്നു. മൂവരെയും ചികിത്സിച്ചത് അമ്പലമുകളിലെ ഇതേ കേന്ദ്രത്തിലാണ്. ദേശീയ ടൂർണമെന്റ് കഴിഞ്ഞെത്തിയപ്പോൾ അവർക്കു കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. 10 ദിവസത്തോളം താരങ്ങൾക്ക് ഇവിടെ കഴിയേണ്ടിവന്നു. ശിഷ്യൻമാരായതിനാൽ എന്തിനുമേതിനും ടോമിനെ വിളിക്കും. സഹായവുമായി ടോം ഒപ്പംനിന്നു. നെഗറ്റീവായതോടെ അവർ വീണ്ടും പരിശീലനത്തിൽ സജീവം. 

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ഡ്യൂട്ടിയുള്ളതിനാൽ ഏറെ ശ്രദ്ധിച്ചാണു ടോമിന്റെ ജീവിതം. ‘സദാസമയവും ഇരട്ട മാസ്ക് ഉണ്ടാകും. എവിടെപ്പോയാലും മാസ്ക് മാറ്റുന്ന പ്രശ്നമേയില്ല. മാസ്ക് ഇടുമ്പോൾ ചിലപ്പോൾ ശ്വാസമെടുക്കാനൊക്കെ പ്രയാസം തോന്നാറുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ജോലിയിൽ  സജീവം. എപ്പോഴും സാനിറ്റൈസർ കയ്യിൽ കരുതും. ഇടയ്ക്കിടയ്ക്ക് കൈകൾ വൃത്തിയാക്കും. കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പോകുമ്പോൾ ഗ്ലൗസും ഉപയോഗിക്കും.

വീട്ടിൽ എത്തിയാലുടൻ കുളിച്ച് വസ്ത്രം കഴുകി മാത്രമേ അകത്തു കയറൂ. വീട്ടിൽ ഭാര്യ ജാനറ്റും മക്കളായ റിയയും സ്റ്റ്യുവർട്ടും ജ്യുവൽ റോസുമുണ്ട്. അതിനാൽ പ്രതിരോധം പ്രധാനമാണ്’ –  വോളിബോൾ കോർട്ടിലെ ഓൾറൗണ്ടറിന്റെ കൃത്യത ടോമിന്റെ വാക്കുകളിലുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com