ഇന്ത്യയ്ക്ക് 3–ാം മെഡൽ; ബോക്സിങ് സെമിയിൽ തോറ്റ ലവ്ലിനയ്ക്ക് വെങ്കലം
Mail This Article
ടോക്കിയോ ∙ ഒളിംപിക്സിൽ മറ്റൊരു ഫൈനൽ സ്വപ്നം കൂടി പടിയ്ക്കൽ വീണുടഞ്ഞതോടെ ടോക്കിയോയിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡലും രണ്ടാം വെങ്കലവും. ബോക്സിങ്ങിൽ വനിതകളുടെ 69 കിലോഗ്രാം വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ ലവ്‌ലിന ബോർഗോഹെയ്നാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. സെമിഫൈനലിൽ ലോകചാംപ്യൻ തുർക്കിയുടെ ബുസേനസ് സർമേനലിയോടു തോറ്റതോടെയാണ് ലവ്‌ലിനയുടെ മെഡൽ നേട്ടം വെങ്കലത്തിൽ ഒതുങ്ങിയത്. 5–0നാണ് തുർക്കി താരം ലവ്‌ലിനയെ തോൽപ്പിച്ചത്.
ഒളിംപിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ബോക്സിങ് താരമെന്ന റെക്കോർഡ് ഈ തോൽവിയോടെ ഇരുപത്തിമൂന്നുകാരിരായ ലവ്‌ലിന കൈവിട്ടു. അതേസമയം, ടോക്കിയോയിൽ ഇതുവരെ ഇന്ത്യയുടെ മൂന്നു മെഡലുകളും നേടിയത് വനിതാ താരങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന്റെ വെള്ളിക്കും ബാഡ്മിന്റൻ സിംഗിൾസിൽ പി.വി. സിന്ധുവിന്റെ വെങ്കലത്തിനും ശേഷം ടോക്കിയോ ഒളിംപിക്സിൽ മെഡൽ പട്ടികയിൽ ഇടംപിടിക്കുന്ന താരമാണ് അസം സ്വദേശിനിയായ ലവ്‌ലിന.
ഇന്ത്യയ്ക്കായി ഒളിംപിക് മെഡൽ നേടുന്ന മൂന്നാമത്തെ മാത്രം ബോക്സിങ് താരം കൂടിയാണ് ലവ്‌ലിന. വിജേന്ദർ സിങ് (2008) മേരി കോം (2012) എന്നിവരാണ് ഇതിനു മുൻപ് ഒളിംപിക് മെഡൽ നേടിയ ഇന്ത്യൻ ബോക്സർമാർ. ഇത്തവണത്തെ ഒളിംപിക്സിൽ മത്സരിച്ച 9 ഇന്ത്യൻ ബോക്സിങ് താരങ്ങളിൽ മെഡൽ നേട്ടത്തിലേക്ക് ഇടിച്ചു കയറാനായതും ലവ്‍ലിനയ്ക്കു മാത്രമാണ്.
ക്വാർട്ടറിൽ പുറത്തെടുത്ത അസാമാന്യ പ്രകടനം സെമിയിൽ തുർക്കി താരത്തിനെതിരെ ആവർത്തിക്കാനാകാതെ പോയതോടെയാണ് ലവ്‍ലിനയുടെ പോരാട്ടം വെങ്കലത്തിൽ അവസാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്പേയിയുടെ നീൻ ചിൻ ചെന്നിനെ അട്ടിമറിച്ചു സെമിയിലെത്തിയപ്പോൾത്തന്നെ ലവ്‍ലിന ഒളിംപിക്സ് മെഡൽ ഉറപ്പിച്ചിരുന്നു.
English Summary: Lovlina Borgohain vs Busenaz Surmeneli, Women boxing Semi Final, Tokyo Olympics 2020