ADVERTISEMENT

ഫൈനലിൽ കടന്ന് മെഡലിന്റെ നിറം മാറ്റാമെന്ന പ്രതീക്ഷയിലാണു ഞാനിറങ്ങിയത്. പക്ഷേ, എന്റെ ശക്തിദൗർബല്യങ്ങളെപ്പറ്റി നന്നായി പഠിച്ചിറങ്ങിയ ബുസേനസിനോടു പിടിച്ചുനിൽക്കാനായില്ല. വെങ്കലം കിട്ടിയതിൽ സന്തോഷമുണ്ട്. പക്ഷേ, രാജ്യത്തിനായി സ്വർണം നേടാൻ കഴിയാതെ പോയതിൽ നിരാശയുമുണ്ട്’ – ബോക്സിങ് സെമിയിൽ പരാജയപ്പെട്ടശേഷം സംസാരിക്കുമ്പോൾ ല‍വ്‌ലിന ബോർഗോഹെയ്ൻ പറഞ്ഞു. പ്രിയ ല‌വ്‌ലിന, സാരമില്ല.  136 കോടി ഇന്ത്യൻ ജനതയ്ക്ക് ഒളിംപിക്സിലെ ഓരോ മെഡലും പൊൻതിളക്കമുള്ള പുഞ്ചിരിയാണു സമ്മാനിക്കുന്നത്... താരം സംസാരിക്കുന്നു:

എം.സി.മേരി കോമിനെപ്പോലെയുള്ള സീനിയർ താരങ്ങൾ പുറത്തായെങ്കിലും അരങ്ങേറ്റ ഒളിംപിക്സിൽതന്നെ മെഡലിലെത്താൻ ലവ്‌ലിനയ്ക്കു കഴിഞ്ഞു. മെഡൽ പ്രതീക്ഷ ഉണ്ടായിരുന്നോ?

മികച്ച പ്രകടനം നടത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങിയത്. ഒളിംപിക്സ് എന്റെ സ്വപ്നമായിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി എന്റെ ഇഷ്ടങ്ങളെല്ലാം മാറ്റിവച്ച് ആ സ്വപ്നത്തിനു പിന്നാലെയായിരുന്നു. അസമിലെ എന്റെ വീട്ടിലേക്കു പോകുന്നതുപോലും അപൂർവമായിട്ടായിരുന്നു. കഠിനാധ്വാനം ഫലം കണ്ടതിൽ സന്തോഷമുണ്ട്. മേരി കോം പുറത്തായതിൽ വലിയ നിരാശയുണ്ട്. സ്വന്തം കരിയറിനായി എന്തൊക്കെ ത്യാഗം സഹിച്ചിട്ടുള്ളവരാണ് അവർ. എന്റെ നേട്ടത്തിൽ അവരുടെയൊക്കെ പിന്തുണ വലുതാണ്.

സെമിയിലെ തോൽവിക്കു കാരണമെന്താണ്?

ബുസേനസ് ശക്തയായ എതിരാളിയാണെന്ന് എനിക്കറിയാമായിരുന്നു. എന്റെ ഉയരക്കൂടുതൽ മുതലെടുത്ത് അവരെ ആക്രമിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, അതു കൃത്യമായി മനസ്സിലാക്കിയെന്നതുപോലെ ബുസേനസ് മാറിനിന്നതോടെ നേരത്തേ പ്ലാൻ ചെയ്തതുപോലെ എനിക്കു മത്സരിക്കാൻ കഴിഞ്ഞില്ല. 

മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി. ഇനിയെന്തൊക്കെ സ്വപ്നങ്ങളാണുള്ളത്?

എന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷമാണ് ഈ മെഡൽ നേട്ടം. ഇനിയും ഏറെ മുന്നേറാനുണ്ട്. ലോക ചാംപ്യൻഷിപ് നടക്കാനിരിക്കുന്നു. അടുത്ത വർഷം കോമൺവെൽത്ത് ഗെയിംസുണ്ട്. 

രാജ്യത്തു തിരിച്ചെത്തിയാൽ എന്താവും ആദ്യം ചെയ്യുക?

എന്റെ വീട്ടിലേക്കു പോകണം. അമ്മയെയും അച്ഛനെയും കാണണം. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലാണ് അമ്മ. വീട്ടിലെത്തി മാതാപിതാക്കളെ മെഡൽ കാണിക്കണം. എനിക്കറിയാം, അതാകും അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന്... 

English Summary: Olympic bronze winner Lawleena speaks to Malayala Manorama from Tokyo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com