ADVERTISEMENT

ന്യൂഡൽഹി ∙ ടോക്കിയോയിൽ ഒളിംപിക് മെഡൽ ഉറപ്പിച്ച രവികുമാർ ദഹിയയും വെങ്കലമെഡലിനു വേണ്ടി മത്സരിക്കുന്ന ദീപക് പൂനിയയും ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിന്റെ പാരമ്പര്യമാണു പിന്തുടരുന്നത്. ഒളിംപിക്സ് ഉൾപ്പെടെയുള്ള മൽസരങ്ങളിൽ മെഡൽ നേടിയ പല താരങ്ങളെയും രാജ്യത്തിനു  സംഭാവന ചെയ്തതു ഛത്രസാൽ സ്റ്റേഡിയവും പരിശീലകൻ സത്പാൽ സിങ്ങുമാണ്. രണ്ട് ഒളിംപിക് മെഡൽ നേടിയ സുശീൽ കുമാർ, കൊലക്കേസ് പ്രതിയായി തിഹാർ ജയിലിലിരുന്നു ഒളിംപിക് മൽസരങ്ങൾ കാണുന്നുവെന്നതു ഛത്രസാൽ സ്റ്റേഡിയത്തിന്റെ ചേരിപ്പോരിന്റെയും ബദ്ധവൈരത്തിന്റെയും നേർക്കാഴ്ചയായി നിലനിൽക്കുന്നു. 

സുശീൽ കുമാർ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങളുടെയെല്ലാം  പരിശീലകൻ  സത്പാൽ സിങ്ങാണ് ഛത്രസാലിന്റെ ആകർഷണം. ഒളിംപിക് മെഡൽ ജേതാവ് യോഗേശ്വർ ദത്ത്, ലോക മെഡൽ ജേതാവ് അമിത് ദഹിയ തുടങ്ങിയവരുമുണ്ട് ഛത്രസാൽ സ്റ്റേഡിയത്തിന്റെ പാരമ്പര്യത്തിൽ. പുതിയ താരങ്ങൾ ഉദിച്ചുയർന്നതോടെ  ഛത്രസാൽ സ്റ്റേഡിയത്തിൽ ഗുസ്തി താരങ്ങൾക്കിടിയലും വേർതിരിവു രൂപപ്പെട്ടതും ചരിത്രം. ജൂനിയർ ഗുസ്തി താരം സാഗർ ധൻകഡിനെ ഛത്രസാൽ സ്റ്റേഡിയത്തിന്റെ പരിസരത്തു വച്ചു മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായാണ് സുശീൽ കുമാർ ജയിലിലെത്തിയത്. 

ഹരിയാനയിലെ സോണിപത്ത് ജില്ലയിലെ നഹ്‌റി ഗ്രാമത്തിൽ നിന്നുള്ള രവികുമാർ 2015ലാണ്ഛത്രസാൽ സ്റ്റേഡിയത്തിലെത്തുന്നത്. 2 വർഷത്തിനു ശേഷം സുഹൃത്തിന്റെ പാത പിന്തുടർന്നു ദീപക് പൂനിയയും. ഇരുവരും ഛത്രസാലിൽ സ‌ത്‌പാൽ സിങ്ങിന്റെ ശിക്ഷണത്തിലെത്താൻ കാരണമായതാകട്ടെ നാട്ടുകാരൻ കൂടിയായ സുശീൽ കുമാറും. 2015ൽ അണ്ടർ–23 ലോകചാംപ്യൻഷിപ്പിൽ വെള്ളി നേടിയാണ് രവികുമാർ ശ്രദ്ധയാകർഷിക്കുന്നത്. പിന്നീട് പ്രൊ–റസ്‌ലിങ് ലീഗിൽ അണ്ടർ–23 യൂറോപ്യൻ ചാംപ്യനായ സന്ദീപ് തോമറെ വീഴ്ത്തി. 2019ൽ കസഖ്സ്ഥാൻ തലസ്ഥാനമായ നൂർ സുൽത്താനിൽ നടന്ന ലോക ചാംപ്യൻഷിപ്പിൽ‌ വെങ്കലം നേടിയതോടെ ഒളിംപിക്സിനു യോഗ്യതയായി. കഴിഞ്ഞ ഏഷ്യൻ ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ രവികുമാർ ഇത്തവണ അതു നിലനിർത്തുകയും ചെയ്തു. 

പിതാവിന്റെ സമർപ്പണം

രവികുമാറിന്റെ ഉയർച്ചയ്ക്കു പിന്നിൽ അച്ഛൻ രാകേഷ് കുമാറിന്റെ സമർപ്പണം കൂടിയുണ്ട്. 60 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ നിന്ന് മകനു കുടിക്കാനുള്ള പാലുമായി എന്നും ഛത്രസാൽ സ്റ്റേഡിയത്തിലെത്തുമായിരുന്നു അദ്ദേഹം. പുലർച്ചെ 3.30ന് എഴുന്നേറ്റ് 5 കിലോമീറ്റർ അകലെയുള്ള റയിൽവേ സ്റ്റേഷനിലേക്കു നടന്നെത്തും. പിന്നീട് ആസാദ്പുരിൽ ട്രെയിൻ ഇറങ്ങിയ ശേഷം ഛത്രസാൽ സ്റ്റേഡിയത്തിലേക്ക് വീണ്ടും 2 കിലോമീറ്റർ കാൽനടയാത്ര. 

മകനെ കണ്ട് തിരിച്ച് ഗ്രാമത്തിലെത്തിയതിനു ശേഷം പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിപ്പണി. 12 വർഷം നീണ്ട അച്ഛന്റെ അധ്വാനം കൂടിയാണ് ടോക്കിയോയിൽ രവികുമാർ മെഡൽ സാക്ഷാൽക്കാരത്തിലെത്തിച്ചത്.

Content Highlight: Ravikumar Dahiya, Olympics wrestling, Chhatrasal stadium, Tokyo Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com