ADVERTISEMENT

‘ഞാൻ ഒട്ടും തൃപ്തനല്ല. വെള്ളി ലഭിച്ചതിൽ സന്തോഷമുണ്ട്. പക്ഷേ, സ്വർണം നഷ്ടപ്പെട്ടതിൽ വല്ലാത്ത സങ്കടമുണ്ട്. എതിരാളി ശക്തനായിരുന്നു. ഫൈനലിൽ എന്റെ തന്ത്രങ്ങൾ പാളി. ഇനി പിഴവ് സംഭവിക്കില്ല’ – ടോക്കിയോ ഒളിംപിക്സിൽ 57 കിലോ വിഭാഗം ഗുസ്തിയിൽ വെള്ളി നേടിയ രവികുമാർ ദഹിയ പറഞ്ഞു. ഇരുപത്തിമൂന്നുകാരൻ ഹരിയാന താരം സംസാരിക്കുന്നു:

∙ ആദ്യ ഒളിംപിക്സിൽതന്നെ മെഡൽ നേടി. ഇനി എന്താണു ലക്ഷ്യം?

നാട്ടിൽ തിരിച്ചെത്തി പരിശീലനം തുടരണം. ഛത്രസാൽ സ്റ്റേഡിയത്തിൽ പോയി എല്ലാവരോടും നന്ദി പറയണം. ഫൈനലിൽ എനിക്കുവേണ്ടി കയ്യടിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. അടുത്ത ഒളിംപിക്സിൽ പാരിസിൽ രാജ്യത്തിനായി സ്വർണം നേടുകയെന്ന ലക്ഷ്യമാണു മുന്നിലുള്ളത്.

∙ ഛത്രസാൽ സ്റ്റേഡിയത്തിലെ പരിശീലനം എത്രത്തോളം ഗുണമായിട്ടുണ്ട്?

സത്പാൽ സിങ് എന്ന മഹാ പരിശീലകന്റെ അടുത്തെത്തിയതാണ് എന്റെ കരിയർ മാറ്റിമറിച്ചത്. സുശീൽ കുമാർ, യോഗേശ്വർ ദത്ത്, ദീപക് പൂനിയ എന്നിവരെല്ലാം അവിടെനിന്നു വളർന്നവരാണ്.

∙ സെമിയിൽ എതിരാളി കടിച്ചപ്പോൾ ഏറെ ബുദ്ധിമുട്ടിയോ?

ഞാൻ ജയത്തിന്റെ വക്കിലെത്തിയപ്പോഴാണ് എതിരാളി എന്റെ കയ്യിൽ കടിച്ചത്. ജയിക്കുക എന്നതു മാത്രമായിരുന്നു അപ്പോൾ എന്റെ ലക്ഷ്യം. വേദന കാര്യമാക്കിയില്ല. മത്സരശേഷം ഐസ് വച്ചതോടെ വേദന പോയി. ഫൈനലിൽ അതൊന്നും ഒരു പ്രശ്നമായില്ല.

∙ രവിയുടെ ജീവിതത്തിൽ കുടുംബവും അച്ഛനുമൊക്കെ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടല്ലോ. വീട്ടുകാരെ വിളിച്ചോ?

മത്സരത്തിൽ മാത്രം ശ്രദ്ധിക്കാൻ 2 മാസമായി ഫോൺ ഓഫ് ചെയ്തു വച്ചിരിക്കുകയായിരുന്നു. ഞാൻ വിളിച്ചപ്പോൾ അച്ഛന് ഏറെ സന്തോഷമായി. കൃഷിപ്പണിക്കാരനായ അദ്ദേഹം എനിക്കുവേണ്ടി ഏറെ അധ്വാനിച്ചിട്ടുണ്ട്. എന്റെ വിജയം അദ്ദേഹത്തിന്റെ വിയർപ്പിന്റെകൂടി ഫലമാണ്.

∙ ഈ മെഡൽ ആർക്കാണു സമർപ്പിക്കുന്നത്?

എന്റെ രാജ്യത്തിനുവേണ്ടി. പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് ഞാൻ ഈ മെഡൽ സമ‍ർപ്പിക്കുന്നു.

English Summary: Interview with Ravi Kumar Dahiya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com