ADVERTISEMENT

ചെന്നൈ ∙ ടോക്കിയോയിലെ ആരവങ്ങളിൽ നിന്ന് ഉയിരുരുകുന്ന വേദനയിലേക്കാണ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ അത്‌ലറ്റിക്സ് ടീം അംഗമായ എസ്.ധനലക്ഷ്മി പറന്നിറങ്ങിയത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ പൂക്കളും ആരതിയുമായി  സ്വീകരിക്കാൻ കാത്തു നിന്ന അമ്മയും ബന്ധുക്കളും അതു വരെ മറച്ചു വച്ച സങ്കടവാർത്ത പറഞ്ഞതോടെ സകല നിയന്ത്രണവും വിട്ടു പൊട്ടിക്കരഞ്ഞുപോയി ധനലക്ഷ്മി. 

4 – 400 മിക്സ്ഡ് റിലേ റിസർവ് ടീമിലെ അംഗമായിരുന്നു ഇരുപത്തിരണ്ടുകാരിയായ ധനലക്ഷ്മി. 14–ാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട ശേഷം അമ്മ ഉഷയ്ക്കും സഹോദരിമാർക്കുമൊപ്പമായിരുന്നു  ജീവിതം. 2019ലെ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 200 മീറ്ററിൽ പി.ടി.ഉഷയുടെ റെക്കോർഡ് തകർത്ത ധനലക്ഷ്മി പട്യാലയിൽ ദേശീയ മത്സരത്തിൽ മുൻനിര താരങ്ങളായ ദ്യുതി ചന്ദിനെയും ഹിമ ദാസിനെയും 100 മീറ്ററിൽ തോൽപ്പിച്ചതോടെ ഒളിംപിക്സിലേക്കുള്ള വഴി തെളിഞ്ഞു. 

ധനലക്ഷ്മി പട്യാലയിൽ പരിശീലനത്തിൽ സജീവമായിരുന്നതിനിടെ, കഴിഞ്ഞ ജൂലൈ 12ന് സഹോദരി ഗായത്രി ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ഈ വിവരം അറിഞ്ഞാൽ ധനലക്ഷ്മിക്കു താങ്ങാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു മാതാവ് ഉഷയ്ക്ക്. അതോടെ ദുരന്ത വാർത്ത പൂർണമായും മറച്ചു വച്ചാണ് അവർ മകളെ ടോക്കിയോയിലേക്ക് യാത്രയാക്കിയത്. ഗുണ്ടൂരെന്ന ഗ്രാമം മുഴുവൻ ആ രഹസ്യം ഒളിപ്പിച്ചു. 

കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളിയിൽ വിമാനമിറങ്ങിയപ്പോൾ സ്വീകരിക്കാനെത്തിയ മാതാവിനോട് ഗായത്രിയെക്കുറിച്ച് ധനലക്ഷ്മി ചോദിച്ചു. രഹസ്യമാക്കിവച്ച മരണവാർത്ത  ഉഷ പറഞ്ഞതോടെ ധനലക്ഷ്മി അലറിക്കരയാൻ തുടങ്ങി. നിലത്തു വീണു കരഞ്ഞ മകളെ സമാധാനിപ്പിക്കാൻ കഴിയാതെ ഉഷയും കുഴങ്ങി.  ഇനി ആ വീട്ടിൽ അമ്മയും ധനലക്ഷ്മിയും മാത്രം...

English Summary: Olympian Dhanalakshmi Sekar Breaks Down After Knowing About Her Sister's Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com