ADVERTISEMENT

പ്ലസ്ടു സേ പരീക്ഷയെഴുതാൻ അവസരം കൊടുക്കണമെന്ന അഭ്യർഥനയുമായി ലോക ചാംപ്യൻഷിപ് മെഡൽ ജേതാവ്

ഫൈനൽ നഷ്ടപ്പെട്ടതിൽ സങ്കടമുണ്ട്. എങ്കിലും ടീം മെഡൽ നേടിയതിൽ സന്തോഷം. പക്ഷേ, തിരിച്ചുവരുമ്പോൾ എനിക്കു പരീക്ഷയെഴുതാൻ പറ്റണേ എന്ന പ്രാർഥന മാത്രമാണ് ഇപ്പോഴുള്ളത്’ – നയ്റോബിയിൽനിന്നു സംസാരിക്കുമ്പോൾ സി.ആർ.അബ്ദുൽ റസാക്ക് പറഞ്ഞു. റസാക്കിന്റെ ആശങ്കയ്ക്കു കാരണം ഇന്നലെ പൂർത്തിയായ പ്ലസ്ടു സേ പരീക്ഷയാണ്. ലോക ചാംപ്യൻഷിപ്പിനുള്ള ടീമിൽ ഇടംനേടി ദേശീയ ക്യാംപിലേക്കു പോയതിനാൽ 11ന് തുടങ്ങിയ പരീക്ഷയെഴുതാൻ റസാക്കിനായില്ല. പ്രത്യേക അവസരം നൽകണമെന്ന അപേക്ഷയുമായി വിദ്യാഭ്യാസ, കായിക മന്ത്രിമാർക്കും വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും നൽകിയ നിവേദനത്തിന് അനുകൂല മറുപടിയുണ്ടായാൽ രക്ഷപ്പെടുന്നത് ഒരു കുടുംബമാകും.

19 വയസ്സിനുള്ളിൽ 4 രാജ്യാന്തര മീറ്റുകളിൽ പങ്കെടുത്ത പാലക്കാട് മാത്തൂർ സിഎഫ്ഡി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ റസാക്ക് കഴിഞ്ഞ വർഷം പ്ലസ്ടു പരീക്ഷ എഴുതേണ്ടതായിരുന്നു.    

എന്നാൽ, തന്റെ ഭാവിയിൽ പ്രതീക്ഷയർപ്പിച്ചു കഴിയുന്ന കുടുംബത്തെ സഹായിക്കാൻ നാവികസേനയിൽ ജോലി തിരഞ്ഞെടുക്കേണ്ടി വന്നു. ജോലിക്കായുള്ള ശരീരക്ഷമതാ പരിശോധനയും ട്രയൽസും പരീക്ഷയുടെ അതേ സമയത്തായിരുന്നു. ഇപ്പോൾ സേ എഴുതേണ്ട സമയത്ത് അണ്ടർ 20 ലോക മീറ്റും വന്നു. ഇതിനിടെ, ജൂലൈ 5നു നാവികസേനയിൽ ജോലിക്കും ചേർന്നു.

റസാക്കിനെ കണ്ടെടുത്തതു മാത്തൂർ സ്കൂളിലെ കായികാധ്യാപകൻ കെ.സുരേന്ദ്രനാണ്. ജൂനിയർ മീറ്റുകളിലെ പ്രകടനത്തിലൂടെ ദക്ഷിണേഷ്യൻ ഗെയിംസിനുള്ള (പഴയ സാഫ് ഗെയിംസ്) ഇന്ത്യൻ സീനിയർ ടീമിലേക്കുവരെ റസാക്ക് എത്തി. ഇതുവരെ 4 രാജ്യാന്തര മീറ്റുകളിൽ പങ്കെടുത്തു. നാലിലും മെഡൽ നേടി. ദേശീയ ക്യാംപിൽവച്ചു കാലിനേറ്റ പരുക്ക് ഹീറ്റ്സിൽ ഓടുന്നതിനിടെ വഷളായതു മൂലമാണു ഫൈനലിന് ഇറങ്ങാൻ കഴിയാതിരുന്നതെന്നു റസാഖ് പറഞ്ഞു. പരുത്തിപ്പുള്ളി റഷീദിന്റെയും ഷാജിദയുടെയും മകനാണ്.

English Summary: U-20 World Athlet CR Abdul Razak plea to write plus two exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com