ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്കു സർക്കാർ ജോലി: ആ ഫയൽ എവിടെ?
Mail This Article
കോട്ടയം ∙ ആശിച്ച നേട്ടം നാടിനു സമ്മാനിച്ചവരാണ് ഇവർ. പക്ഷേ ആശിപ്പിച്ച ജോലി ഇവർക്ക് ഇപ്പോഴും അകലെ. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽ ജേതാക്കളായ 4 പേർക്കു സർക്കാർ വാഗ്ദാനം ചെയ്ത ജോലി അടുത്ത ഏഷ്യൻ ഗെയിംസ് അടുത്തെത്തിയിട്ടും യാഥാർഥ്യമായില്ല. ഏഷ്യൻ ഗെയിംസ് വനിതാ റിലേയിൽ സ്വർണം നേടിയ വി.കെ.വിസ്മയ, 400 മീറ്ററിലും റിലേകളിലും സ്വർണം നേടിയ മുഹമ്മദ് അനസ്, ലോങ്ജംപിൽ വെള്ളി നേടിയ നീന പിന്റോ, 1500 മീറ്ററിൽ വെങ്കലം നേടിയ പി.യു.ചിത്ര എന്നിവർ സർക്കാർ വാക്കുപാലിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പ് തുടങ്ങിയിട്ട് 3 വർഷത്തിലേറെയായി. നടപടികൾ വേഗത്തിലാക്കാൻ ഇവർ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും നേരിൽകണ്ട് അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഏഷ്യൻ ഗെയിംസിനു പിന്നാലെ മെഡൽ ജേതാക്കൾക്കു നൽകിയ സ്വീകരണച്ചടങ്ങിലാണ് സർക്കാർ ആദ്യമായി ജോലി വാഗ്ദാനം ചെയ്തത്. കേരളത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മെഡൽ ജേതാക്കൾക്കു ജോലി നൽകുമെന്നായിരുന്നു പ്രഖ്യാപനം. പിന്നീടു പല വേദികളിൽ വച്ച് വാഗ്ദാനം പുതുക്കി. തുടർന്നു കലക്ടർമാർ മുഖേന താരങ്ങളിൽ നിന്നു ജോലിക്കുള്ള അപേക്ഷ സ്വീകരിച്ചു. പൊതുഭരണ വകുപ്പിൽ നിന്നുള്ള ശുപാർശയനുസരിച്ച് ഇവർക്കു വിദ്യാഭ്യാസ വകുപ്പിൽ സ്പോർട്സ്
കോ–ഓർഡിനേറ്റർ തസ്തിക സൃഷ്ടിച്ച് നിയമനം നൽകുന്നതിനുള്ള ഫയൽ കഴിഞ്ഞ ഒരുവർഷമായി ഇതേ വകുപ്പിൽ കുരുങ്ങിക്കിടക്കുകയാണ്.
രാജ്യാന്തര മത്സരങ്ങൾക്കായി ദേശീയ അത്‍ലറ്റിക് ക്യാംപുകളിൽ തയാറെടുപ്പു നടത്തുന്നതിനിടെയിലും ജോലിയുറപ്പാക്കാൻ പലതവണ സെക്രട്ടേറിയറ്റിൽ കയറിയിറങ്ങിയതായി കായിക താരങ്ങൾ പറയുന്നു. അപ്പോഴെല്ലാം ഉടൻ ശരിയാക്കാമെന്ന മറുപടിയിൽ പ്രതീക്ഷയർപ്പിച്ച് മടങ്ങുകയാണ് ചെയ്തത്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലമാണ് നടപടികൾ വൈകിയതെന്നും പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുന്നതിനുള്ള സ്വാഭാവിക കാലതാമസമാണ് ഇപ്പോഴുള്ളതെന്നുമാണു സർക്കാർ വിശദീകരണം.
English summary: Kerala Govt offer job for Asian Games medal winners