ADVERTISEMENT

ന്യൂഡൽഹി ∙ ഒളിംപിക്സിലും പാരാലിംപിക്സിലുമായി ലോകവേദിയിൽ ഇന്ത്യൻ താരങ്ങൾ കാഴ്ചവച്ച അതുല്യനേട്ടങ്ങൾക്ക് പുരസ്കാരം നൽകി രാജ്യം. പരമോന്നത കായിക പുരസ്കാരമായ ഖേൽരത്ന 12 പേർക്കായി നൽകുന്നത് ആദ്യമായാണ്. ഇതിൽ നീരജ് ചോപ്രയടക്കം 5 പേർ ടോക്കിയോ ഒളിംപിക്സിലെ മെഡൽ ജേതാക്കളാണ്. പാരാലിംപിക്സിൽ എക്കാലത്തെയും മികച്ച മെഡൽനേട്ടത്തിലേക്ക് ഇന്ത്യയെ നയിച്ച 5 പേരും ഇത്തവണ പുരസ്കാരം നേടി. സുനിൽ ഛേത്രി ഖേൽരത്നയ്ക്ക് അർഹനാകുന്ന ആദ്യ പുരുഷ ഫുട്ബോൾ താരമായപ്പോൾ മിതാലി രാജ് ആദ്യ വനിതാ ക്രിക്കറ്ററായി. 13നു രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

ഖേൽരത്നയ്ക്കായി 11 പേരുടെ പട്ടികയാണു വിദഗ്ധ സമിതി കായികമന്ത്രാലയത്തിനു സമർപ്പിച്ചത്. അർജുന അവാർഡിനു ശുപാർശ ചെയ്യപ്പെട്ട ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിങ്ങിനും ഖേൽരത്ന നൽകാൻ തീരുമാനിക്കുകയായിരുന്നു. ടോക്കിയോ ഒളിംപിക്സ് ഹോക്കി വെങ്കലനേട്ടമാണ് ശ്രീജേഷിനെയും മൻപ്രീതിനെയും പുരസ്കാരത്തിന് അർഹരാക്കിയത്. ടോക്കിയോ ഒളിംപിക്സ് ജാവലിൻ സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര, പുരുഷ ഗുസ്തി വെങ്കലജേതാവ് രവികുമാർ ദഹിയ, വനിതാ ബോക്സിങ്ങിൽ വെങ്കലം നേടിയ ലവ്‌ലിന ബോർഗോഹെയ്ൻ എന്നിവർക്കും ഖേൽരത്ന അർഹിച്ച അംഗീകാരമായി. ഇവർക്കൊപ്പം ഇത്തവണ ഒളിംപിക്സിൽ മെഡൽ നേടിയ ഭാരോദ്വഹന താരം മീരാബായ് ചാനു, പി.വി.സിന്ധു, ബജ്‌രംഗ് പുനിയ എന്നിവർ നേരത്തേ ഖേൽരത്‌ന നേടിയിട്ടുണ്ട്. ടോക്കിയോ പാരാലിംപിക്സിലെ സ്വർണജേതാക്കളായ അവനി ലെഖാരെ, മനീഷ് നർവാൽ, സുമിത് ആന്റിൽ, പ്രമോദ് ഭഗത്, കൃഷ്ണ നാഗർ എന്നിവരും ഖേൽരത്ന പട്ടികയിൽ ഇടം പിടിച്ചു.

KhelRatna

കഴിഞ്ഞ വർഷം അർജുന അവാർഡ് നേടിയ ലവ്‌ലിനയ്ക്ക് ഇക്കുറി ഖേൽരത്നയും ലഭിക്കുന്നത് ഇരട്ടി മധുരമാകും. ശ്രീജേഷ്, മൻപ്രീത് എന്നിവരൊഴികെ ഹോക്കി ഒളിംപിക്സ് മെഡൽ നേടിയ പുരുഷ ടീമിലെ മുഴുവൻ താരങ്ങൾക്കും അർജുന അവാർഡുമുണ്ട്. ക്രിക്കറ്റ് താരം ശിഖർ ധവാൻ, വനിതാ ഹോക്കി താരം വന്ദന കഠാരിയ, ഗുസ്തി താരം ദീപക് പുനിയ എന്നിവർക്കും അർജുന തിളക്കമുണ്ട്. പാരാലിംപിക്സിൽ വെള്ളി മെഡൽ നേടിയ ഐഎഎസ് ഉദ്യോഗസ്ഥൻ സുഹാസ് യതിരാജ് ഉൾപ്പെടെ 8 പാരാ ഒളിംപിക്സ് താരങ്ങൾക്കാണ് ഇക്കുറി അർജുന പുരസ്കാരമുള്ളത്. ആകെ 35 പേർക്കാണ് അർജുന പുരസ്കാരം. ഇതിൽ മലയാളികളില്ല. രാജീവ് ഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന ഖേൽ രത്ന പുരസ്കാരം ഓഗസ്റ്റിലാണു മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം എന്നു പേരുമാറ്റിയത്.

ഖേൽരത്ന പുരസ്കാര ജേതാക്കളും അവരുടെ കായിക ഇനങ്ങളും ചുവടെ

∙ നീരജ് ചോപ്ര (അത്‌ലറ്റിക്സ്)
∙ രവി കുമാർ ദഹിയ (ഗുസ്തി)
∙ ലവ്‌വിന ബോർഗൊഹെയിൻ (ബോക്സിങ്)
∙ പി. ആർ. ശ്രീജേഷ് (ഹോക്കി)
∙ അവനി ലെഖാര (പാരാലിംപിക്സ് ഷൂട്ടിങ്)
∙ സുമിത് അന്തിൽ (പാരാലിംപിക്സ് അത‌ലറ്റിക്സ്)
∙ പ്രമോദ് ഭഗത് (പാരാലിംപിക്സ് (ബാഡ്മിന്റൻ)
∙ കൃഷ്ണ നഗർ (പാരാലിംപിക്സ് ബാഡ്മിന്റൻ)
∙ മനീഷ് നർവാൾ (പാരാലിംപിക്സ് ഷൂട്ടിങ്)
∙ മിതാലി രാജ് (ക്രിക്കറ്റ്)
∙ സുനിൽ ഛേത്രി (ഫുട്ബോൾ)
∙ മൻപ്രീത് സിങ് (ഹോക്കി)

വീണ്ടുമൊരു അഭിമാന മെഡൽ!
∙ ഖേൽരത്ന പുരസ്കാരം നേടുന്ന
ആദ്യ മലയാളി പുരുഷ താരമായി പി.ആർ.ശ്രീജേഷ്

ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡലിനൊപ്പം ചേർത്തുവയ്ക്കാൻ പി.ആർ.ശ്രീജേഷിന്റെ എറണാകുളം കിഴക്കമ്പലത്തെ വീട്ടിലേക്ക് രാജ്യത്തെ പരമോന്നത കായിക പുരസ്കാരവും. 49 വർഷത്തെ ഇടവേളയ്ക്കു ശേഷം, ഒളിംപിക് മെഡലിലൂടെ കേരളത്തെ ലോക കായിക ഭൂപടത്തിൽ രേഖപ്പെടുത്തിയ ശ്രീജേഷ് ഇത്തവണയും നാടിന്റെ അഭിമാനമുയർത്തുകയാണ്; ഖേൽ രത്‌ന പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ മലയാളി പുരുഷതാരം. ഒളിംപിക്സ് പൂർത്തിയാകുന്നതുവരെ ഇത്തവണത്തെ ഖേൽ രത്ന പുരസ്കാര നിർണയം നീട്ടിവയ്ക്കാനുള്ള സമിതിയുടെ തീരുമാനം ശ്രീയ്ക്കും കേരളത്തിനും അങ്ങനെ നേട്ടമായി.

2006ൽ 20–ാം വയസ്സിൽ ദേശീയ സീനിയർ ടീമിൽ അരങ്ങേറിയതു മുതൽ 15 വർഷക്കാലം സ്ഥിരതയോടെ ടീമിന്റെ നെടുംതൂണായി നിലനിന്നതിനുള്ള അംഗീകാരമാണ് ശ്രീജേഷിന്റെ പുരസ്കാരം. ടോക്കിയോ ഒളിംപിക്സിലും ഇന്ത്യയെ മെഡൽനേട്ടത്തിലേക്കെത്തിച്ചത് ശ്രീയുടെ അസാമാന്യ പോരാട്ടവീര്യമാണ്. രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരവും ശ്രീജേഷിനെ തേടിയെത്തിയിരുന്നു.

KC-Lekha
കെ.സി.ലേഖ

വൈകിയെത്തിയ അംഗീകാരം
∙ പലതവണ ‘അർജുന’യിൽ തട്ടിവീണ
കെ.സി.ലേഖയ്ക്ക് ഒടുവിൽ അർഹിച്ച ആദരം

ബോക്സിങ്ങിൽ ലോകചാംപ്യനായിട്ടും പുരസ്കാരങ്ങളിൽനിന്നു തഴയപ്പെട്ട കെ.സി.ലേഖയ്ക്ക് ഒടുവിൽ ധ്യാൻചന്ദ് പുരസ്കാരത്തിലൂടെ രാജ്യത്തിന്റെ ആദരം. ലോക ചാംപ്യൻഷിപ്പിൽ സ്വർണം, ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഒരു സ്വർണമടക്കം 3 മെഡലുകൾ. 9 വർഷം തുടർച്ചയായി ദേശീയ ചാംപ്യൻ. നേട്ടങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നതായിരുന്നെങ്കിലും കെ.സി.ലേഖയിൽ നിന്ന് അർജുന അവാർഡ് പല തവണ വഴിമാറിപ്പോയിരുന്നു. ആ മുറിപ്പാടാണു കായിക രംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തിലൂടെ ഇന്ത്യൻ കായികലോകം ഇന്നലെ മായ്ച്ചത്.

ഒരു കായിക ഇനത്തിൽ ലോക ചാംപ്യനാകുന്ന ആദ്യ മലയാളിയെന്ന വിശേഷണം മാത്രം മതി കെ.സി.ലേഖയുടെ നേട്ടങ്ങളുടെ വലിപ്പമറിയാൻ. 2006ൽ ഡൽഹിയിൽ നടന്ന ലോക ബോക്‌സിങ് ചാംപ്യൻഷിപ്പിൽ 75 കിലോ വിഭാഗത്തിലായിരുന്നു ലേഖയുടെ ‘പഞ്ചുള്ള’ ജയം. അന്നത്തെ ഫൈനലിൽ ലേഖ തോൽപിച്ച ജപ്പാൻകാരി ജിൻസ്സി ലി പിന്നീട് ഏഷ്യൻ ഗെയിംസി‍ൽ സ്വർണവും ഒളിംപിക്സിൽ വെങ്കലവും നേടിയതോടെയാണു ലേഖയുടെ വിജയത്തിന്റെ മാറ്റ് ഇന്ത്യ തിരിച്ചറിഞ്ഞത്. അന്നു ലേഖയ്ക്കൊപ്പം സ്വർണം നേടിയ എം.സി.മേരികോമിനെയും സരിതാ ദേവിയെയും അർജുന പുരസ്കാരത്തിനായി തിരഞ്ഞെടുത്തെങ്കിലും അർഹതപ്പെട്ട അംഗീകാരം തേടിയുള്ള ലേഖയുടെ അപേക്ഷകൾ പലതവണയായി തഴയപ്പെട്ടു. 2005ൽ ഏഷ്യൻ ചാംപ്യൻഷിപ്പിൽ‌ സ്വർണം നേടിയ ലേഖ 2003, 2008 വർഷങ്ങളിൽ വെള്ളി നേട്ടത്തോടെ വീണ്ടും തിളങ്ങി.

കണ്ണൂർ പെരുമ്പടവ് ചാത്തമംഗലം സ്വദേശിനിയായ ലേഖ 2016ലാണ് ബോക്സിങ്ങിൽനിന്നു വിരമിച്ചത്. ധനകാര്യ വകുപ്പിൽ അക്കൗണ്ട്സ് ഓഫിസറാണ്. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവുമാണ്.

radhakrishnan-nair
പി. രാധാകൃഷ്ണൻ നായർ

ഇന്ത്യൻ അത്‍ലറ്റിക്സിന്റെ ക്യാപ്റ്റൻ ഇനി ദ്രോണർ
∙ ഒളിംപിക് സ്വർണത്തിലേക്കു നയിച്ച പരിശീലന
മികവിന് പി.രാധാകൃഷ്ണൻ നായർക്ക് അംഗീകാരം

പരിശീലകനെന്ന നിലയിൽ എന്റെ ഏറ്റവും വലിയ സ്വപ്നം ഒളിംപിക്സ് അത്‍ലറ്റിക്സിൽ ഇന്ത്യയ്ക്കൊരു മെഡൽ വേണമെന്നായിരുന്നു. ആശിച്ച മെഡൽ ഇത്തവണ ഒരു സ്വർണമായി തന്നെ ലഭിച്ചു. ആ നേട്ടത്തിനുള്ള അംഗീകാരമായി ഈ പുരസ്കാരത്തെ കാണുന്നു’.. ദ്രോണാചാര്യ പുരസ്കാര നേട്ടത്തിനു പിന്നാലെ അഭിനന്ദന സന്ദേശങ്ങൾക്കു മറുപടി പറയുമ്പോൾ പി.രാധാകൃഷ്ണൻ നായർ പട്യാലയിലെ ഇന്ത്യൻ ക്യാംപിലാണ്. നീരജ് ചോപ്രയിലൂടെ ഒളിംപിക്സിൽ ഇന്ത്യയ്ക്കു ചരിത്ര സ്വർണം നേടിത്തന്ന അത്‍ലറ്റിക്സ് ടീമിന്റെ ‘ക്യാപ്റ്റനു’ മുന്നിൽ ഇപ്പോൾ പ്രതീക്ഷയുടെ അമിത ഭാരമുണ്ട്. ലോക അത്‍ലറ്റിക്സ് ചാപ്യൻഷിപ്, ഏഷ്യൻ‌ ഗെയിംസ്, കോമൺ‌വെൽത്ത് ഗെയിംസ് എന്നിവ അടുത്തവർഷം നടക്കാനിരിക്കുകയാണ്. ഒളിംപിക്സിൽ‌ ചീഫ് കോച്ചിന്റെ നേതൃത്വത്തിൽ തുടങ്ങിവച്ച അദ്ഭുത നേട്ടങ്ങൾ അത്‍ലറ്റിക്സ് സംഘം ഇനിയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ കായിക ലോകം.
ആലപ്പുഴ ചേർത്തല കഞ്ഞിക്കുഴി സ്വദേശിയായ രാധാകൃഷ്ണൻ നായർ 19-ാം വയസ്സിൽ വ്യോമസേനയിൽ ചേർന്നതാണ്. തുടക്കത്തിൽ വ്യോമസേന, കേരള സർവകലാശാല ടീമുകളെ പരിശീലപ്പിച്ചു. പിന്നീട് മാലദ്വീപ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ ടീമുകളുടെ പരിശീലകനുമായി.

tp-ouseph
ടി.പി.ഔസേപ്പ്

അത്‌ലറ്റിക്സിനായി സമർപ്പിച്ച ജീവിതം
∙ 75–ാം വയസ്സിൽ‌ ടി.പി.ഔസേപ്പിന്
ദേശീയ കായിക പുരസ്കാരം

ടി.പി.ഔസേപ്പിനു കീഴിൽ പരിശീലിച്ചു ദ‌േശീയ മെഡൽ നേടിയ അത്‍ലീറ്റുകളുടെ പേരുകളെഴുതാൻ 200 പേജ് ബുക്ക് തികയില്ലെന്നു പറയുന്നവരുണ്ട്. കരിയറിന്റെ തുടക്കത്തിൽ ലോങ്ജംപിൽ അഞ്ജു ബോബി ജോർജിനെയും ഹൈജംപിൽ ബോബി അലോഷ്യസിനെയും ഒരുക്കിയ ഔസേപ്പിന്റെ ശിഷ്യരുടെ പട്ടിക ഇപ്പോൾ ലോങ്ജംപിലെ നിലവിലെ ദേശീയ ജൂനിയർ ചാംപ്യൻ സാന്ദ്ര ബാബുവിൽ എത്തി നിൽക്കുന്നു.

കഴിഞ്ഞ 43 വർഷമായി അത്‍ലറ്റിക്സ് പരിശീലന രംഗത്തെ സജീവ സാന്നിധ്യമായ ഈ 75 വയസ്സുകാരനോളം അനുഭവ സമ്പത്തുള്ള പരിശീലകർ ഇന്ത്യൻ കായികരംഗത്തു വിരളം. കായിക താരങ്ങളെ കണ്ടെത്തി, വളർത്തി, നേട്ടങ്ങളിലേക്കു നയിക്കുന്നതിനായി ജീവിതം സമർപ്പിച്ചതിനാണ് ആജീവനാന്ത മികവിനുള്ള ദ്രോണാചാര്യ പുരസ്കാരം ടി.പി.ഓസേപ്പിനു ലഭിച്ചത്. കഴിഞ്ഞ ഏതാനും വർഷമായി ദ്രോണാചാര്യ പുരസ്കാരത്തിൽ നിന്നു തഴയപ്പെട്ടതിന്റെ വേദനയകറ്റുന്നതായി ഈ അംഗീകാരം.

1978ൽ ഇന്ത്യൻ വ്യോമസേനയുടെ പരിശീലകനായി തുടങ്ങിയ ടി.പി.ഔസേപ്പ് 75–ാം വയസ്സിൽ ഇപ്പോൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീമിന്റെ ജംപിങ് പരിശീലകനാണ്. 1994 മുതൽ 4 വർഷക്കാലും ഇന്ത്യൻ ദേശീയ അത്‍ലറ്റിക് ടീമിന്റെ പരിശീലകനായിരുന്നു. കരിയറിന്റെ തുടക്കത്തിൽ ലോങ്ജംപിൽ അഞ്ജു ബോബി ജോർജിനെയും ഹൈജംപിൽ ബോബി അലോഷ്യസിനെയും ഒരുക്കി. ലേഖ തോമസ്, എസ്.മുരളി, ജിൻസി ഫിലിപ് എന്നിവരുൾപ്പെടെ രാജ്യാന്തര തലത്തിൽ മെഡൽ നേടിയ ശിഷ്യരുടെ നീണ്ടനിര അദ്ദേഹത്തിനുണ്ട്. ശിഷ്യരിൽ 16 പേർ ഇപ്പോൾ അത്‍ലറ്റിക്സ് പരിശീലകരാണ്.

English Summary: P.R. Sreejesh Bags Khelratna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com