ADVERTISEMENT

ദുബായ് ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ മാഗ്‌നസ് കാൾസന്റെ തേരോട്ടം. ചാംപ്യൻഷിപ്പിൽ 4 കളികൾ ബാക്കി നിൽക്കെ 3 പോയിന്റ് ലീഡുമായിറങ്ങിയ നിലവിലെ ചാംപ്യൻ 11–ാം ഗെയിമിൽ എതിരാളി യാൻ നീപോംനീഷിയെ തകർത്ത് ലോക കിരീടം നിലനിർത്തി (7.5–3.5). 49 നീക്കങ്ങളിലാണ് മാഗ്‌നസിന്റെ ജയം.

കിരീടപ്പോരാട്ടത്തിൽ നിലനിൽക്കാൻ വിജയമല്ലാതെ മറ്റു വഴിയില്ലാതെയിറങ്ങിയ നീപ്പോ സമാധാനപരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇറ്റാലിയൻ പ്രാരംഭത്തിലാണു തുടങ്ങിയത്. ഏറെക്കുറെ തുല്യനിലയിൽ മുന്നേറിയ കളിയിൽ 23–ാംനീക്കത്തിൽ നീപ്പോ വൻ പിഴവുവരുത്തി. പതിവില്ലാത്തവിധം അൽപം പതറിയ മാഗ്‌നസിനു വിജയത്തിലേക്കുള്ള എളുപ്പ നീക്കങ്ങൾ കണ്ടെത്താനായില്ല. എങ്കിലും തനിക്ക് ആനുകൂല്യം ഉറപ്പായ റൂക്ക് ആൻഡ് പോൺ എൻഡ് ഗെയിമിലൂടെ മാഗ്‌നസ് വിജയമുറപ്പിച്ചു.

കംപ്യൂട്ടറിനു പഠിപ്പിക്കാൻ കഴിയാത്ത അന്തർജ്‌ഞാന’വും ‘കരുക്കൾ ഏതേതു കളങ്ങളിൽ വയ്‌ക്കണമെന്നുള്ള സ്വതസിദ്ധമായ ഉൾക്കാഴ്‌ചയു’മുള്ള പ്രിയ ശിഷ്യൻ പ്രതാപകാലം പിന്നിടുമ്പോഴേക്കും പുരാതനമായ ഈ കളിയെ മാറ്റിമറിക്കുമെന്ന് ചെസ് ഇതിഹാസം ഗാരി കാസ്‌പറോവ് പ്രവചിച്ചു, പണ്ട്. 20 വർഷത്തോളം ലോക ചെസിനെ അടക്കിഭരിച്ച ഇതിഹാസപുരുഷന്റെ വാക്കുകൾ പൊന്നാകുന്നതു കൺനിറയെ കാണുകയാണു ലോകം ഇന്ന്. 2013ൽ ചെന്നൈയിൽ വിശ്വനാഥൻ ആനന്ദിനെ തോൽപിച്ച് ലോക ചെസിൽ തുടങ്ങിയ ജൈത്രയാത്ര തുടരുകയാണു നോർവേക്കാരൻ മാഗ്‌നസ് കാൾസൻ; 5–ാം കിരീടത്തിലൂടെ. മാഗ്‌നസിന്റെ കിരീടനേട്ടങ്ങളുടെ വഴിയിൽ ഇടറിവീണവരാരും നിസ്സാരക്കാരല്ല: ആനന്ദ്, സെർജി കര്യാക്കിൻ, ഫാബിയാനോ കരുവാന... ഇപ്പോൾ യാൻ നീപോംനീഷിയും. അവസാന ചാംപ്യൻഷിപ്പുകളിൽ ടൈബ്രേക്കറിലാണു വിജയം കണ്ടതെങ്കിൽ ഇത്തവണ ജയം ആധികാരികമായിരുന്നു.

കളി 8–ാം മണിക്കൂറിലേക്കു നീണ്ടാലും ആലസ്യമേതുമില്ലാതെ ചിന്തയുടെ ഏകാഗ്രമായ ആഴങ്ങളിൽ അളന്നുമുറിച്ച നീക്കങ്ങൾ കണ്ടെത്താൻ മാഗ്‌നസിനോളം പോന്ന മറ്റൊരാളില്ല. റഷ്യക്കാരൻ നീപോംനീഷിയുമായുള്ള പോരാട്ടത്തിൽ നീക്കങ്ങളിൽ ലോക റെക്കോർഡിട്ട 6–ാം ഗെയിം തന്നെ ഉദാഹരണം. ആദ്യം അൽപം മോശമായ കരുനില, പിന്നീട് അതിനെ മിനുക്കി നേരിയ മുൻതൂക്കം, പറയത്തക്ക സാധ്യതകൾ ഇല്ലാത്ത അന്ത്യഘട്ടം – തന്റെ നീക്കങ്ങളെ മിനുക്കി മിനുക്കി അവസാനം രാവു വെളുത്തപ്പോൾ ആ കളിയെ വിജയത്തിലേക്കടുപ്പിച്ചു ഈ മുപ്പത്തിയൊന്നുകാരൻ.

നീപ്പോയുടെ പ്രതിരോധത്തിൽ മാത്രമല്ല, ആത്മവിശ്വാസത്തിൽ കൂടി വിള്ളൽ വീഴ്ത്തിയ ആ കളിയിലൂടെ തുടർ വിജയങ്ങളിലേക്കും ലോക കിരീടത്തിലേക്കും അനായാസം നടന്നടുത്തു മാഗ്‌നസ്. ‘എനിക്കു കളിഭ്രാന്തില്ല’ എന്നും പണ്ടേപ്പോലെ പ്രചോദനം ഇപ്പോഴില്ല എന്നും തുറന്നുപറയുമ്പോഴും കളിക്കളത്തിൽ ഏതറ്റവും പോകാൻ മടിയില്ല എന്നതാണ് ഈ ലോക ചാംപ്യനെ വ്യത്യസ്തനാക്കുന്നത്. ലോക ചാംപ്യനു ഫൈനലിലേക്കു നേരിട്ടു പ്രവേശനമുള്ള നിലവിലെ ‘സുഖകരമായ’ സ്ഥിതിയിൽ അസ്വസ്ഥനാണെന്നു തുറഞ്ഞുപറഞ്ഞ ഏക ചാംപ്യൻ.

കളിയെ കലയായല്ല, പോരാട്ടമായാണു മാഗ്‌നസ് കണക്കാക്കുന്നത്. വിരസമായ സമനിലകളോടുള്ള വിരക്‌തി ആ കളി കണ്ടാലറിയാം: ‘എതിരാളിക്കും അയാളുടെ ശൈലിക്കും ഏറ്റവും ദുരിതം നൽകുന്ന നീക്കം. അതാണെന്റെ ലക്ഷ്യം. മനോഹരമായ ചില കളികൾ കണ്ടാൽ കലയെന്നു തോന്നും. പക്ഷേ, അതെന്റെ ലക്ഷ്യമല്ല’ – ജീവിത്തോടും കളിയോടുമുള്ള ഈ സത്യസന്ധത തന്നെയാണു മാഗ്‌നസിനെ വ്യത്യസ്തനാക്കുന്നത്.

മൂടൽമഞ്ഞിന്റെ തണുത്ത കോടി മൂടിപ്പുതച്ചുറങ്ങുന്ന, ഹോളണ്ടിലെ കടലോര ഗ്രാമമായ വീക് ആൻ സീയിൽ നടന്ന പ്രസിദ്ധമായ ചെസ് ടൂർണമെന്റിൽ പുതുമുറക്കാർ നിറയുന്ന സി ഗ്രൂപ്പിൽ നിന്നാണു 17 വർഷം മുൻപ് ആ ഒറ്റ നക്ഷത്രം ഉദിച്ചുയർന്നത്. 2004ലെ കോറസ് ടൂർണമെന്റിന്റെ 12-ാം റൗണ്ടിൽ സിപ്‌കെ ഏണസ്‌റ്റിനെ ഒരു നൈറ്റ് സാക്രിഫൈസിലൂടെ അട്ടിമറിച്ച് 13 റൗണ്ടിൽ 10.5 പോയിന്റ് നേടി ടൂർണമെന്റും വിജയിച്ച് ആദ്യ ഗ്രാൻഡ്‌മാസ്‌റ്റർ നോം നേടിയ ആ പതിമൂന്നുകാരൻ പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. എതിരാളിയുടെ മനസ്സുരുക്കും നീക്കത്തിനു പ്രിയ ചാംപ്യൻ കാത്തിരിക്കുമ്പോൾ ആർത്തിരമ്പും കടൽപോലെ പ്രക്ഷുബ്ധമായ ചിത്തവുമായി ലോകമെമ്പാടുമുള്ള ആരാധകർ പാടുന്നു: ‘മാഗ്‌നസ്, ഒറ്റനക്ഷത്രം പോലെ നീ ഉറങ്ങാതിരിക്കുക!’

English Summary: World chess championship; King Carlsen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com