ആവേശ സീസണ് ത്രസിപ്പിക്കുന്ന ക്ലൈ‘മാക്സ്’; വീണ്ടും വേർസ്റ്റപ്പൻ ഒന്നാമൻ!
Mail This Article
അവസാന പന്തിൽ സിക്സറിലൂടെ നേടിയ ജയം പോലെ... ഇഞ്ചുറി ടൈമിലെ ഒരു ബൈസിക്കിൾ കിക്ക് ഗോൾ പോലെ... ഫോർമുല വണ്ണിലെ ഡച്ച് താരം മാക്സ് വേർസ്റ്റപ്പന്റെ കിരീട വിജയവും അത്രയേറെ ആവശകരമായിരുന്നു. യാസ് മരീന സർക്യൂട്ടിൽ നടന്ന അബുദാബി ഗ്രാൻപ്രി വിജയിച്ചു മാക്സ് വേർസ്റ്റപ്പൻ എന്ന ഇരുപത്തിനാലുകാരൻ എഫ് വണ്ണിലെ മുപ്പത്തിനാലാം ചാംപ്യനായി. അവസാന ലാപ്പുകളിലെ സേഫ്റ്റി കാറിന്റെ വരവ് ഹാമിൽട്ടന്റെ കുതിപ്പിന് തടയിട്ടപ്പോൾ കൈവിട്ടുപോയത് എട്ടാം കിരീടമെന്ന സ്വപ്നം. മൈക്കൽ ഷൂമാക്കറെ മറികടന്ന് ഏറ്റവും കൂടുതൽ ലോക കിരീടങ്ങളെന്ന റെക്കോർഡ് സ്വന്തമാക്കാൻ ലൂയിസ് ഇനിയും കാത്തിരിക്കേണ്ടി വരും.
ആദ്യ ലാപ്പിൽ പോൾ സിറ്ററായ വേർസ്റ്റപ്പനെ മറികടന്ന ഹാമിൽട്ടനെ ഒരു ഘട്ടത്തിലും റെഡ് ബുൾ കീഴടക്കാവുന്ന നിലയിലായിരുന്നില്ല. എന്നാൽ, ഒരിക്കലും വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല മാക്സ്. തന്നെ മറികടന്നു മുന്നേറിയ ഹാമിൽട്ടനെ മാക്സ് എത്തിപ്പിടിച്ചു മുന്നേറി എന്നു തോന്നിയ ഘട്ടം. ഒരുപക്ഷേ, ഒരു കൂട്ടിയിടിയും ഇരുവരുടെയും പുറത്താകലും ഭയന്ന നിമിഷം. വേർസ്റ്റപ്പന്റെ ഒതുക്കലിൽ നിന്നു കുതറിമാറിയ ലൂയിസ് ട്രാക്കിനു പുറത്തു ചാടി അപകടം ഒഴിവാക്കി.
ഹാമിൽട്ടനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന മെഴ്സിഡീസിന്റെ വാദവും ട്രാക്കിന് പുറത്തു കൂടി കാറോടിച്ചു വേഗത്തിന്റെ ആനുകൂല്യം നേടിയെന്ന റെഡ് ബുള്ളിന്റെ പരാതിയും മത്സരം നിയന്ത്രിച്ചവർ ചെവിക്കൊണ്ടില്ല. ആ സംഭവത്തെക്കുറിച്ച് അന്വേഷണം വേണ്ട എന്നായിരുന്നു അധികൃതരുടെ നിലപാട്. അൻപത്തി മൂന്നാം ലാപ്പിൽ വില്യംസ് താരം നിക്കോളാസ് ലത്തിഫിയുടെ കാർ ഇടിച്ചു തകർന്നതാണ് മത്സരത്തിൽ നിർണായകമായത്. ആ ലാപ്പിൽ സർക്യൂട്ടിൽ ഇറങ്ങിയ സേഫ്റ്റി കാർ കളം വിട്ടത് അവസാന ലാപ്പിൽ. അപ്പോഴേക്കും ഹാമിൽട്ടനും വേർസ്റ്റപ്പനും തൊട്ടടുത്തെത്തിരുന്നു. പുതിയ ടയറിന്റെ ആനുകൂല്യം മുതലെടുത്തു മാക്സ് ചേക്കേഡ് ഫ്ലാഗ് കടക്കുകയായിരുന്നു.
അവസാന ലാപ്പിലും വേർസ്റ്റപ്പന്റെ കാർ അപകടകരമായാണ് ഹാമിൽട്ടനെ മറികടന്നതെങ്കിലും അതും പുനഃപരിശോധനയ്ക്ക് വിധേയമായില്ല.
വേർസ്റ്റപ്പൻ രണ്ടുവട്ടം ടയർ മാറിയപ്പോൾ ഒറ്റ പിറ്റ് സ്റ്റോപ്പിലൂടെ മത്സരം തീർക്കാനായിരുന്നു മെഴ്‌സിഡീസ് ഹാമിൽട്ടനു വേണ്ടി ഒരുക്കിയ തന്ത്രം. അത് ഏതാണ്ട് വിജയിച്ചു എന്നു തോന്നിച്ച ഘട്ടത്തിലാണ് അവസാന ലാപ്പുകളിൽ മത്സരം നിയന്ത്രിക്കാൻ സേഫ്റ്റി കാർ ഇറങ്ങിയത്. പുതിയ ടയറിന്റെ ആനുകൂല്യം വേർസ്റ്റപ്പനെ വിജയിയാക്കുകയും ചെയ്തു. സീസണിൽ ഒരു പക്ഷേ, പല നിർണായക മത്സരങ്ങളും ടയർ തന്ത്രത്തിലൂടെയാണ് റെഡ് ബുള്ളും മെഴ്‌സിഡീസും വിജയിച്ചത്.
∙ മെഴ്സിഡീസിന്റെ അപ്പീൽ തള്ളി
അവസാന ലാപ്പിലെ നാടകീയ സംഭവങ്ങൾ ഉൾക്കൊള്ളാൻ മത്സര ശേഷവും മെഴ്‌സിഡീസിനു കഴിഞ്ഞില്ല. സേഫ്റ്റി കാർ നിയമത്തെ ചോദ്യം ചെയ്ത് അവർ ഇന്റർനാഷനൽ ഓട്ടമൊബീൽ ഫെഡറേഷന് അപ്പീൽ നൽകി. സേഫ്റ്റി കാറിനു പിന്നിൽ മത്സരം തുടരുമ്പോൾ വേർസ്റ്റപ്പൻ പിറ്റ് ചെയ്തിരുന്നു. പിറ്റിൽ നിന്നു പുറത്തിറങ്ങുമ്പോൾ ഹാമിൽട്ടനും വേർസ്റ്റപ്പനും ഇടയിൽ 5 കാറുകൾ ഉണ്ടായിരുന്നു. സേഫ്റ്റി കാറിനു പിന്നിൽ ഓവർടേക്കിങ് പാടില്ലെന്നിരിക്കെ വേർസ്റ്റപ്പൻ എങ്ങനെ മുൻ നിരയിലെത്തി എന്നതാണ് മെഴ്‌സിഡീസ് ഉന്നയിക്കുന്ന ചോദ്യം. എന്നാൽ, ഇരു ടീമിന്റെയും തലവന്മാരെ വിളിച്ചു വരുത്തി സംസാരിച്ച ശേഷം ഫെഡറേഷൻ പരാതി തള്ളി.
∙ സെർജിയോ പെരസ് യഥാർഥ സഹതാരം
സെർജിയോ പെരസിനെപ്പോലെ ഒരു സഹതാരത്തെ കിട്ടിയിരുന്നെങ്കിൽ എന്നു ലൂയിസ് ഹാമിൽട്ടൻ കൊതിച്ചിരിക്കുമോ? കൊതിച്ചാലും തെറ്റു പറയാനാവില്ല. അത്രയേറെ സഹായമാണ് പെരസ് മാക്സ് വേർസ്റ്റപ്പനു വേണ്ടി ചെയ്തത്. ടയർ മാറ്റത്തിനു പിറ്റ് ചെയ്ത മാക്സിനു വേണ്ടി സർക്യൂട്ടിൽ ഒന്നാമതോടിയിരുന്ന പെരസ് തൊട്ടു പിന്നിലുള്ള ഹാമിൽട്ടനെ സമർഥമായി തടഞ്ഞിട്ടു. പല ലാപ്പുകൾ പെരെസിനു പിന്നിൽ കിടന്നു ശ്വാസം മുട്ടിയ ശേഷമാണ് ഹാമിൽട്ടനു മുന്നേറാനായത്.
∙ 2021 സീസൺ
∙ മാക്സ്
ആകെ മത്സരം 22
ജയം 10
പോഡിയം 18
ആകെ പോയിന്റ് 395.5.
∙ ഹാമിൽട്ടൻ
ആകെ മത്സരം 22
ജയം 8
പോഡിയം 17
ആകെ പോയിന്റ് 387.5
∙ കാർ നിർമാതാക്കളുടെ ചാംപ്യൻഷിപ്
മെഴ്‌സിഡീസ് 587.5
റെഡ് ബുൾ 559.5
ഫെറാറി 307.5
മാക് ലാരൻ 269.
∙ പിരിമുറക്കത്തിന്റെ സീസൺ
ഹാമിൽട്ടനും മെഴ്‌സിഡീസും അനായാസം സീസൺ കീഴടക്കുമെന്ന ധാരണയോടെയായിരുന്നു 2021 എഫ് വൺ സീസൺ തുടങ്ങിയത്. ബഹ്‌റൈനിൽ ആദ്യ മത്സരം ജയിച്ചു ലൂയിസ് ആ ധാരണ ശരിയെന്നു തോന്നിച്ചു. വേർസ്റ്റപ്പൻ രണ്ടാം സ്ഥാനത്ത്. എന്നാൽ, ഇറ്റലിയിൽ രണ്ടാം മത്സരത്തിൽ വിജയിച്ചു വേർസ്റ്റപ്പൻ ഹാമിൽട്ടനെ ഞെട്ടിച്ചു. ഇറ്റലിയിൽ മെഴ്‌സിഡീസിന്റെ ചാംപ്യൻ ഡ്രൈവർ രണ്ടാമനയി. പോർച്ചുഗലും സ്‌പെയ്നും കീഴടക്കി വീണ്ടും ലൂയിസ് കരുത്തു കാട്ടി. എന്നാൽ, മൊണോക്കോയിൽ വീണ്ടും വേർസ്റ്റപ്പൻ. ഹാമിൽട്ടൻ അവിടെ പോഡിയം കണ്ടില്ല.
അസർബൈജാനിൽ ഇരുവരും പോഡിയത്തിനു പുറത്ത്. തുടർന്ന് ഫ്രാൻസ്, ഓസ്ട്രിയ (2 മത്സരം) ഗ്രാൻപ്രികൾ വേർസ്റ്റപ്പന്. രണ്ടിടത്തു ഹാമിൽട്ടൻ രണ്ടാമതെത്തിയെങ്കിലും മൂന്നാം മത്സരത്തിൽ പോഡിയം കണ്ടില്ല. ബ്രിട്ടിഷ്, ഹംഗേറിയൻ ഗ്രാൻപ്രികളിൽ വേർസ്റ്റപ്പൻ പോഡിയത്തിലെത്തിയില്ല. സ്വന്തം നാട്ടിൽ ഹാമിൽട്ടൻ ജയിച്ചപ്പോൾ, ഹംഗറിയിൽ രണ്ടാമനായി. ബെൽജിയത്തിൽ വീണ്ടും വേർസ്റ്റപ്പൻ. ലൂയിസ് മൂന്നാമത്. ഡച്ച് ഗ്രാൻപ്രിയിൽ വേർസ്റ്റപ്പൻ സ്വന്തം നാട്ടുകാർക്ക് മുൻപിൽ ഹാമിൽട്ടനെ രണ്ടാമനാക്കി. ഇറ്റലിയിൽ വീണ്ടും ഇരുവരും കൂട്ടിയിടിച്ച് മത്സരത്തിൽ നിന്നു പുറത്തായി. റഷ്യയിൽ ഹാമിൽട്ടൻ ഒന്നാമത്. വേർസ്റ്റപ്പൻ രണ്ടാം സ്ഥാനത്ത്. ടർക്കിഷ് ഗ്രാൻപ്രിയിൽ ഹാമിൽട്ടൻ ആദ്യ മൂന്നിൽ എത്തിയില്ലെങ്കിലും സഹതാരം വൾട്ടേരി ബൊത്താസ് വേർസ്റ്റപ്പനെ പിന്നിലാക്കി. യു എസിലും മെക്സിക്കോയിലും ഹാമിൽട്ടനെ രണ്ടാമനാക്കി മാക്സ് ജേതാവായി.
എന്നാൽ, സീസണിലെ അവസാന 4 ഗ്രാൻപ്രികളിൽ മൂന്നും അവിശ്വസനീയ പ്രകടനത്തോടെ ഹാമിൽട്ടൻ കയ്യടക്കുകയായിരുന്നു. കാറും കോളും നിറഞ്ഞ അവസാന ഗ്രാൻപ്രിയിൽ ഹാമിൽട്ടനെ അക്ഷരാ ർഥത്തിൽ ഞെട്ടിച്ച് വേർസ്റ്റപ്പൻ വെന്നിക്കൊടി നാട്ടി.
∙ മാക്സ് വേർസ്റ്റപ്പൻ; പോരാട്ടങ്ങളുടെ കഥ
മോട്ടർ സ്പോർട്സിന്റെ സമ്പന്നമായ ഭൂമികയിലേക്കാണു 1997 സെപ്റ്റംബർ 30നു മാക്സ് എമിലിയൻ വേർസ്റ്റപ്പൻ പിറന്നു വീഴുന്നത്. പിതാവ് എഫ് വൺ താരം ജോസ് വേർസ്റ്റപ്പൻ. അമ്മ കാർട്ടിങ് താരം സോഫി. അമ്മയുടെ സഹാദരനും വേഗക്കാറിലെ താരം തന്നെ. നാലാം വയസ്സിൽ മാക്സ് കാർട്ടിങ് തുടങ്ങിയതിന്റെ കാരണവും ഈ പാരമ്പര്യം തന്നെ. എഴുത്തും വായനയും പഠിക്കും മുൻപു കുഞ്ഞു മാക്സ് കാർട്ടിങ്ങിൽ വിജയങ്ങൾ വെട്ടിപ്പിടിച്ചു.
ഒൻപതാം വയസ്സിൽ ആദ്യ ദേശീയ കിരീടം. മകൻ കാറുകളുടെ വേഗപ്പോരിലെ മുന്നണിപ്പോരാളിയാകണമെന്നു മാതാപിതാക്കൾ ആഗ്രഹിച്ചു. പിതാവ് ഡച്ചുകാരനും മാതാവ് ബെൽജിയംകാരിയുമായതിനാൽ ഡച്ച്–ബെൽജിയൻ പാരമ്പര്യക്കാരനാണു മാക്സ് വേർസ്റ്റപ്പൻ. ആഴ്ചയിലൊരിക്കൽ മാത്രമാണു മാക്സിന്റെ സ്കൂൾ യാത്ര. മറ്റു ദിവസങ്ങളിൽ വീട്ടിൽ അധ്യാപിക വന്നു പഠിപ്പിക്കും. പക്ഷേ, മിക്കവാറും സമയം കാർട്ടിങ് പരിശീലനം തന്നെ.
പിതാവിന്റെ വഴി അതേപടി പിന്തുടർന്ന മാക്സ് അദ്ദേഹത്തിന്റെ കാർട്ടിലാണു തുടക്കത്തിൽ വിജയങ്ങൾ നേടിയത്. ബെൽജിയൻ – ഡച്ച് മിനി മാക്സ് ചാംപ്യൻഷിപ്, ബെൽജിയന്‍ കെഡറ്റ് ചാംപ്യൻഷിപ് തുടങ്ങിയവയാണ് ആദ്യകാല നേട്ടങ്ങൾ. ഈ വിജയങ്ങൾ രാജ്യാന്തര മത്സരവേദിയിലെത്തിച്ചു. തുടർന്ന് ഒട്ടേറെ മത്സരങ്ങൾ. ചിലതിൽ ജയിച്ചു. പക്ഷേ, എല്ലാം ഭാവിയിലേക്കുള്ള പരിശീലനമാക്കി മാക്സ്. 2013ല്‍ 15ാം വയസ്സിൽ വേൾഡ് കെസെഡ് ചാംപ്യനായി.
സാധാരണ താരങ്ങൾ എഫ് വണ്ണിലെത്തുന്നതു കാർട്ടിങ്, എഫ് 3, എഫ് 2 എന്നീ പടവുകൾ കടന്നാണ്. മാക്സാകട്ടെ എഫ് 3യിൽ നിന്നു നേരെ എഫ് വണ്ണിലെത്തി.
∙ 17–ാം വയസ്സിൽ എഫ് 1 അരങ്ങേറ്റം
ഫോർമുല വണ്ണിൽ മാക്സ് അരങ്ങേറുന്നത് ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പേരോടെയാണ്. 2015 ഓസ്ട്രേലിയൻ ഗ്രാൻപ്രിയിൽ മത്സരിക്കുമ്പോൾ പ്രായം 17 വയസ്സും 166 ദിവസവും. മെൽബണിലെ അരങ്ങേറ്റം റെഡ് ബുള്ളിന്റെ രണ്ടാം ടീമായ ടോറോ റോസോയിൽ. ആദ്യമത്സരത്തിൽത്തന്നെ പോയിന്റ് നേടുമെന്നു തോന്നിച്ചെങ്കിലും 34ാം ലാപ്പിൽ കാറിൽ നിന്നു പുക ഉയർന്നതിനെത്തുടർന്നു മത്സരം ഉപേക്ഷിച്ചു. ആ സീസണിൽ ഏറ്റവും പ്രായം കുറഞ്ഞ പോയിന്റ് ജേതാവായി മാക്സ്. ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻപ്രി ജേതാവ് എന്ന റെക്കോർഡും മാക്സിന്റെ പേരിലാണ്.
2016ൽ റെഡ് ബുള്ളിനു വേണ്ടി ഇറങ്ങിയ ആദ്യ മത്സരത്തിൽ സ്പാനിഷ് ഗ്രാൻപ്രിയിൽ ആദ്യം ചെക്കേഡ് ഫ്ലാഗ് മറികടന്നു. എഫ് വണ്ണിൽ വിജയം നേടുന്ന ആദ്യ ഡച്ചുകാരനെന്ന റെക്കോർഡും അതോടെ മാക്സിന്റെ പേരിലായി. ആ സീസൺ തുടങ്ങിയതു ടോറോ റോസോയിലായിരുന്നെങ്കിലും നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഡാനിയൽ ക്വയറ്റിനു പകരക്കാരനായി റെഡ് ബുള്ളിൽ എത്തുകയായിരുന്നു. ജനനം ബൽജിയത്തിലാണെങ്കിലും നെതർലൻഡ്സിനു വേണ്ടിയാണു സർക്യൂട്ടിലിറങ്ങുന്നത്.
∙ റെഡ് ബുള്ളിൽ 2023 വരെ
2023 വരെ റെഡ് ബുൾ റേസിങ് ടീമിൽ തുടരാൻ കരാർ ഉറപ്പിച്ച വേർസ്റ്റപ്പൻ വരും വർഷങ്ങളിൽ എതിരില്ലാത്ത താരമാകാനുള്ള സാധ്യതകളാണു കാണുന്നത്. 2010 മുതൽ 2013 വരെ തുടർച്ചയായി നാലു വർഷം സെബാസ്റ്റ്യൻ വെറ്റലിലൂടെ റെഡ് ബുൾ നേടിയ പോലൊരു ആധിപത്യം. യൂറോപ്പിലെ സർക്യൂട്ടുകളിൽ മാക്സ് വേർസ്റ്റപ്പൻ മത്സരിക്കാനിറങ്ങുമ്പോൾ താരത്തിന്റെ ആരാധകപ്പടയായ ഓറഞ്ച്് ആർമി ഗാലറികളിൽ ആവേശപ്പൊലിമയേറ്റുന്നതു പതിവു കാഴ്ചയാണ്.
∙ 50 പോഡിയം നേടിയ പ്രായം കുറഞ്ഞ താരം
കരിയറിൽ 50 പോഡിയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണു വേർസ്റ്റപ്പൻ. ഈ സീസണിൽ ഓസ്ട്രിയൻ ഗ്രാൻപ്രിയിൽ കിരീടം ചൂടുമ്പോൾ 23 വയസ്സും 277 ദിവസവുമായിരുന്നു അദ്ദേഹത്തിനു പ്രായം. 25 വയസ്സും 327 ദിവസവും എന്ന സെബാസ്റ്റ്യൻ വെറ്റലിന്റെ റെക്കോർഡാണു മാക്സ് പഴങ്കഥയാക്കിയത്.
ഫോർമുല വണ്ണിലെ ആദ്യ കിരീടം വെട്ടിപ്പിടിച്ച മാക്സ് അടുത്ത സീസണുകളിൽ വിജയങ്ങളുടെ തനിയാവർത്തനവുമായി സർക്യൂട്ടിൽ ഉണ്ടാകും. വേർസ്റ്റപ്പന്റെ പോരാട്ടങ്ങൾ ആരാധകർ കാണാനിരിക്കുന്നതേയുള്ളൂ.
∙ ലൂയിസ് ഹാമിൽട്ടൻ; വിജയത്തിന്റെ മറുവാക്ക്
ഹാമിൽട്ടൻ വിജയങ്ങൾ വെട്ടിപ്പിടിച്ചത് എന്നും കടുത്ത പോരാട്ടങ്ങളിലൂടെയാണ്. 2007ൽ എഫ് വണ്ണിൽ തുടക്കക്കാരനായി ഇറങ്ങുമ്പോൾ ഏറെയൊന്നും വാഴ്‌ത്തപ്പെട്ടിരുന്നില്ല ലൂയിസ്. ആ വർഷം കിരീടം കൈവിട്ടത് നിർഭാഗ്യം കൊണ്ടു മാത്രമായിരുന്നില്ല. ടീമിലെ സഹതാരത്തിന്റെ (ഫെർണാണ്ടോ അലോൻസോ) പിന്തുണയുണ്ടായിരുന്നെങ്കിൽ അരങ്ങേറ്റത്തിൽ തന്നെ ചാംപ്യൻ എന്ന അപൂർവ ബഹുമതി ഹാമിൽട്ടനു ലഭിക്കുമായിരുന്നു. കേവലം ഒരു പോയിന്റിനായിരുന്നു അന്നു കിരീട നഷ്ടം.
2008ൽ ഒരു പോയിന്റിന് ഫെറാറിയുടെ ഫിലിപ്പെ മാസയെ കീഴടക്കിയാണ് ഹാമിൽട്ടൻ തിരിച്ചടിച്ചത്. കറുത്ത വർഗ്ഗക്കാരോടുള്ള വിവേചനത്തിൽ അമർഷവും വേദനയും പ്രകടിപ്പിച്ചിരുന്നു ഹാമിൽട്ടൻ സർക്യൂട്ടിൽ. തനിക്കു നേരെ സർക്യൂട്ടിലും പുറത്തും ഉയർന്ന വിവേചനങ്ങൾ അദ്ദേഹം പക്ഷേ, സമചിത്തതയോടെ നേരിട്ടു.
1985 ജനുവരി 7നു ഇംഗ്ലണ്ടിലെ സ്റ്റീവനേജിൽ ജനിച്ച ലൂയിസ്‍ ഹാമിൽട്ടൻ എട്ടാം വയസ്സിൽത്തന്നെ വേഗക്കളത്തിൽ കാലൂന്നിയിരുന്നു. പത്താം വയസ്സിൽ ബ്രിട്ടിഷ് കാർട്ട് ചാംപ്യൻഷിപ്പിൽ കിരീടം. 13ാം വയസ്സിൽ മക്‌ലാരൻ– മെഴ്സിഡീസ് ബെൻസ് യങ് ഡ്രൈവർ സപ്പോർട്ട് പ്രോഗ്രാമിൽ ചേർന്നു. 1998 മുതൽ 2000 വരെ യൂറോപ്യൻ, ലോക കാർട്ടിങ് ചാംപ്യൻഷിപ്പുകൾ നേടി. 15ാം വയസ്സിൽ കാർട്ടിങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം നമ്പർ താരമായി.
2003ൽ കാർട്ടിങ്ങിൽ നിന്നു കാർ റേസിങ്ങിലേക്ക്. ആ വർഷം ബ്രിട്ടിഷ് ഫോർമുല റെനോ റേസ് സീരീസിൽ 15ൽ 10 മത്സരങ്ങളും വിജയിച്ചു കിരീടം ചൂടി. 2004ൽ എഫ് 3 യൂറോ സീരീസിൽ പങ്കെടുത്തു. 2005ൽ കിരീടം. 2006ൽ ഫോർമുല വണ്ണിന്റെ ചവിട്ടുപടിയായ ജിപി 2വിൽ. ആ വർഷം തന്നെ ജേതാവുമായി. 2007ൽ മക്‌ലാരനു വേണ്ടി ഫോർമുല വണ്ണിൽ അരങ്ങേറ്റം. സീസണിൽ 4 വിജയങ്ങൾ നേടിയതോടെ ജാക്വസ് വില്ലെനെവിന്റെ അരങ്ങേറ്റ സീസണിലെ കൂടുതൽ വിജയങ്ങളെന്ന റെക്കോർഡിന് ഒപ്പമെത്തി. 2008ൽ അഞ്ചു ഗ്രാൻപ്രി വിജയങ്ങളോടെ ആദ്യ കിരീടം. 2009ൽ രണ്ടു വിജയം. 2010ലും ‘11ലും മൂന്നു ജയം വീതം. 2012ൽ നാലു വിജയങ്ങൾ. കിരീടം മാത്രം അകന്നുനിന്നു.
2013ൽ മെഴ്സിഡീസിലേക്കു മാറുന്നതു കിരീട പ്രതീക്ഷയോടെയായിരുന്നെങ്കിലും വിചാരിച്ച ഫലം കണ്ടില്ല. സീസണിൽ കേവലം ഒരു വിജയത്തിലൊതുങ്ങി. റെഡ് ബുള്ളും സെബാസ്റ്റ്യൻ വെറ്റലും ആധിപത്യം നേടിയ ആ വർഷങ്ങളിൽ മെഴ്സിഡീസിനു കാര്യമായ പ്രസക്തി ഇല്ലായിരുന്നു.
എന്നാൽ, 2014ൽ ടീം വിജയവഴിയിൽ തിരിച്ചെത്തി. ഹാമിൽട്ടനും നിക്കോ റോസ്ബർഗും ചേർന്നു വിജയങ്ങൾ വെട്ടിപ്പിടിച്ചു. 2014ൽ ഹാമിൽട്ടൻ രണ്ടാം കിരീടം നേടിയത് 11 മത്സരങ്ങൾ വിജയിച്ച് ആധികാരികമായാണ്. 2015ലും ഹാമിൽട്ടന്റെ വിജയക്കുതിപ്പു തടയാൻ എതിരാളികൾക്കായില്ല.
എന്നാൽ, 2016ൽ സഹതാരം നിക്കോ റോസ്ബർഗ് ഹാമിൽട്ടനിൽ നിന്നു കിരീടം തട്ടിയെടുത്തു. മോഹിച്ച കിരീടം സ്വന്തമാക്കി റോസ്ബർഗ് അപ്രതീക്ഷിതമായി എഫ് വൺ രംഗം വിട്ടു. പിന്നീട് ഹാമിൽട്ടന്റെ കിരീടനേട്ടങ്ങളുടെ തനിയാവർത്തനമായിരുന്നു. റെക്കോർഡുകളും നിരനിരയായി പിന്നാലെ വന്നു. തുടർച്ചയായി ഏഴു വട്ടം കാർ നിർമാതാക്കൾക്കുള്ള ചാംപ്യൻഷിപ് സ്വന്തമാക്കിയ മെഴ്സിഡീസിൽ വരും സീസണിലും വിജയദാഹത്തോടെ ഹാമിൽട്ടനെ കാണാം...... അവശേഷിക്കുന്ന റെക്കോർഡുകളും സ്വന്തം പേരിൽ കുറിക്കാൻ.
English Summary: Max Verstappen Overtakes Lewis Hamilton In Dramatic Final Lap To Win Maiden F1 World Championship