ADVERTISEMENT

രണ്ടു തലമുറക്കാരായ താരങ്ങളുടെ പോരാട്ടമായിരുന്നു ഇത്തവണത്തെ ഫോർമുല വൺ ഗ്രാൻപ്രി. അതിൽ, മുപ്പത്താറുകാരൻ ഹാമിൽട്ടനെ ഓവർടേക്ക് ചെയ്ത് ഇരുപത്തിനാലുകാരൻ വേർസ്റ്റപ്പൻ കന്നിക്കിരീടം സ്വന്തമാക്കി.

ഹാമിൽട്ടനും വേർസ്റ്റപ്പനും തമ്മിൽ കൂട്ടിമുട്ടിയതു സീസണിൽ 3 തവണയാണ്. ബ്രിട്ടിഷ് ഗ്രാൻപ്രിയിലാണ് ഇടിയുടെ തുടക്കം. ഹാമിൽട്ടന്റെ ഇടിയിൽ വേർസ്റ്റപ്പൻ മത്സരം അവസാനിപ്പിക്കേണ്ടി വന്നു. 10 സെക്കൻഡ് പെനൽറ്റി മറികടന്നു ഹാമിൽട്ടൻ വിജയത്തിലേക്കു കുതിച്ച നേരത്തു വേർസ്റ്റപ്പൻ ആശുപത്രിയിലെത്തിയിരുന്നു! ഇറ്റാലിയൻ ഗ്രാൻ‍പ്രിയിൽ വേർസ്റ്റപ്പനായി വില്ലൻ. ഇടിയുടെ ആഘാതത്തിൽ ഹാമിൽട്ടന്റെ കാറിനു മുകളിലൂടെയാണു വേർസ്റ്റപ്പൻ പറന്നത്. തലനാരിഴയ്ക്കു വലിയ അപകടം ഒഴിവായി. സൗദിയിൽ ഹാമിൽട്ടനെ കയറ്റിവിടാനുള്ള ഒഫിഷ്യൽ ഉത്തരവ് വേർസ്റ്റപ്പൻ സ്വീകരിച്ചത് ഇടിയോടെ ആയിരുന്നു. അവസാന ഗ്രാൻപ്രിയിൽ കൂട്ടിയിടി ഉണ്ടായി മത്സരം അവസാനിപ്പിക്കേണ്ടി വന്നാൽ വേർസ്റ്റപ്പൻ ചാംപ്യനാകുമെന്നതിനാൽ ഹാമിൽട്ടൻ കരുതിയാണു കളത്തിലിറങ്ങിയത്. ആദ്യ ലാപ്പിൽ ഇടിയൊഴിവാക്കാൻ ഹാമിൽട്ടനു കാർ ട്രാക്കിനു പുറത്തേക്കു ചാടിക്കേണ്ടി വന്നു. 3 വലിയ ഇടികൾക്കു പുറമേ ഇരുവരും പല തവണ തമ്മിലുരസി. 

car
ഇറ്റാലിയൻ ഗ്രാൻപ്രിക്കിടെ കൂട്ടിയിടിച്ച് ഹാമിൽട്ടന്റെ കാറിനു മുകളിലൂടെ പറക്കുന്ന വേർസ്റ്റപ്പന്റെ കാർ. (ഫയൽ)

ഒത്തുകളി നടന്നതായി ആരോപണം

അബുദാബി ഫോർമുല വൺ കാറോട്ടത്തിന്റെ ആരവം അടങ്ങിയിട്ടും പുറത്തു വിവാദങ്ങൾ കത്തുന്നു. അവസാന ലാപ്പിൽ ഫോർമുല വൺ നിയമങ്ങൾ ലംഘിക്കപ്പെട്ടെന്നാണ് ആരോപണം. മെഴ്സിഡീസ് നൽകിയ 2 അപ്പീലുകളും ഇന്റർനാഷനൽ ഓട്ടമൊബീൽ ഫെഡറേഷൻ തള്ളിയെങ്കിലും വിവാദം അവസാനിച്ച മട്ടില്ല. അവസാന ലാപ്പിൽ സേഫ്റ്റി കാറിനു പിന്നിൽ വേർസ്റ്റപ്പനു മറ്റു കാറുകളെ മറികടക്കാൻ റേസ് ഡയറക്ടർ മൈക്കൽ മാസി ചട്ടവിരുദ്ധമായി അനുവാദം നൽകിയെന്നാണ് ആരോപണം.

വില്യംസിന്റെ നിക്കോളാസ് ലറ്റീഫിയുടെ കാർ, ഹാസ് താരം മിക്ക് ഷൂമാക്കറുമായി ഉരസി സുരക്ഷാഭിത്തിയിൽ ഇടിച്ചു തകർന്നതോടെ സേഫ്റ്റി കാർ സർക്യൂട്ടിലെത്തി. സേഫ്റ്റി കാറിനു പിന്നിൽ നീങ്ങുന്ന മത്സരക്കാറുകൾക്കു പരസ്പരം മറികടക്കാൻ അവസരമില്ലെന്നു പറഞ്ഞ മാസി പിന്നീടു നിലപാടു മാറ്റി. ഇതു റെഡ് ബുളിന്റെ സമ്മർദംമൂലമാണെന്നാണ് ആരോപണം. സേഫ്റ്റി കാർ മാറിയപ്പോൾ വേർസ്റ്റപ്പൻ ഹാമിൽട്ടന് ഒപ്പമെത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com