ADVERTISEMENT

ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ വെള്ളി നേടിയ കിഡംബി ശ്രീകാന്ത് മനോരമയോടു സംസാരിക്കുന്നു 

അവസാന നിമിഷം ലഭിച്ച വിമാന ടിക്കറ്റുപോലെ അവിചാരിതമായിരുന്നു ലോക ബാഡ്മിൻറൻ ചാംപ്യൻഷിപ്പിൽ കിഡംബി ശ്രീകാന്തിന്റെ വെള്ളി മെഡൽ നേട്ടം. സ്പെയിനിൽ നടക്കുന്ന ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസാന നിമിഷമാണ് എംബസിയിൽനിന്നു വീസ ലഭിച്ചത്. മത്സര സാഹചര്യങ്ങളോട് ഇണങ്ങാൻ അധിക സമയം ലഭിക്കാതിരുന്നിട്ടും ശ്രീയുടെ പ്രകടനത്തിന്റെ മാറ്റൊട്ടും കുറഞ്ഞില്ല. ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായ ശ്രീകാന്ത് സ്പെയിനിൽനിന്നു ‘മനോരമ’യോടു സംസാരിക്കുന്നു...

സൂപ്പർ സീരിസ് കിരീടങ്ങളില്ലാത്ത 4 വർഷം. ടോക്കിയോ ഒളിംപിക്സിനു യോഗ്യത നേടാനുമായില്ല. ലോക വിജയങ്ങളിലേക്കുള്ള ശ്രീകാന്തിന്റെ ഈ തിരിച്ചുവരവിനു കാരണമായ ഘടകങ്ങൾ എന്തൊക്കെയാണ് ?

2017 ഒക്ടോബറിലെ ഫ്രഞ്ച് ഓപ്പണായിരുന്നു അവസാനം വിജയിച്ച പ്രധാന ടൂർണമെന്റ്.  തിരിച്ചടികളുണ്ടായപ്പോഴും തളരാതെ കഠിനാധ്വാനം തുടർന്നതാണു നേട്ടമായത്. നെറ്റ് പ്ലേയിൽ അടക്കം എനിക്കുണ്ടാകുന്ന പിഴവുകൾ മനസ്സിലാക്കി കളി മെച്ചപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു കഴിഞ്ഞ 2 വർഷക്കാലം. ഒരു ദിവസം പോലും പരിശീലനം മുടക്കിയില്ല. 

ചാംപ്യൻഷിപ്പിലെ 2 മത്സരങ്ങളിൽ ആദ്യ  ഗെയിം നഷ്ടപ്പെട്ട ശേഷമാണു ശ്രീ വിജയിച്ചത്. ഫൈനലിലും അത്തരമൊരു തിരിച്ചു വരവാണ്  പ്രതീക്ഷിച്ചത്?

2–ാം ഗെയിം ജയിച്ചു മത്സരത്തിലേക്കു തിരിച്ചെത്താമെന്ന കണക്കുകൂട്ടലിലായിരുന്നു ഞാനും. 18-16നു ലീഡ് എടുത്ത സമയത്ത് മത്സരം കൈപ്പിടിയിലായതായി തോന്നിയിരുന്നു. പക്ഷേ, പിഴവുകൾ വിനയായി. 

4 ഇന്ത്യൻ താരങ്ങളാണ് ഇത്തവണ ക്വാർട്ടർ ഫൈനലിലെത്തിയത്.  വലിയ നേട്ടമല്ലേ..?

അതിൽ 3 പേരും പുരുഷ സിംഗിൾസിൽ  ആയിരുന്നുവെന്നതാണു പ്രധാന നേട്ടം.  ലോകത്തെ മുൻനിര താരങ്ങളിൽ ആരെയും തോൽപിക്കാനാകുമെന്ന് ഈ സീസണിൽ ഞങ്ങൾ തെളിയിച്ചു. ലോക ചാംപ്യൻഷിപ്പിലെ അരങ്ങേറ്റത്തിൽ ലക്ഷ്യ സെൻ നടത്തിയ അദ്ഭുത മുന്നേറ്റം ഏറെ പ്രതീക്ഷ നൽകുന്നതാണ്.

2022ലെ പ്രതീക്ഷകൾ?

കരിയറിലെ  നിർണായക വർഷമാണു വരാൻ പോകുന്നത്. എഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവ നടക്കുന്നു. കോവിഡിനു ശേഷം രാജ്യാന്തര ടൂർണമെന്റുകൾ പൂർണതോതിൽ തിരിച്ചെത്തുന്ന വർഷം കൂടിയാണ്. പരുക്കുകളില്ലാതെ കളത്തിൽ തുടരാനായാൽ സൂപ്പർ സീരീസ് കിരീടങ്ങൾ തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസമുണ്ട്. 

English Summary: Interview with Kidambi Srikanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com