ചരിത്രം തിരുത്താൻ 2022; റെക്കോർഡിൽ കണ്ണുനട്ട് റൊണാൾഡോ, മെസ്സി, കോലി, ജോക്കോവിച്ച്...
Mail This Article
റെക്കോർഡുകളുടെ വർഷമാണ് 2022. ക്രിക്കറ്റിലും ഫുട്ബോളിലും ടെന്നിസിലുമെല്ലാം പിറക്കാൻ ഒരുങ്ങിനിൽക്കുന്നത് ഒരുപിടി റെക്കോർഡുകൾ. അവയിൽ ചിലത് ഇവയാണ്...
∙ സെഞ്ചൂറിയൻ കോലി
വിരാട് കോലി ടെസ്റ്റ് മത്സരങ്ങളുടെ എണ്ണത്തിൽ ഈ വർഷം സെഞ്ചുറി തികയ്ക്കും. ഇന്ത്യ– ദക്ഷിണാഫ്രിക്ക പരമ്പരയിലെ 3–ാം ടെസ്റ്റിൽ കളിക്കുന്നതോടെ കോലിയുടെ ടെസ്റ്റുകളുടെ എണ്ണം 100 ആകും. 481 റൺസ് കൂടി നേടിയാൽ ഏകദിനത്തിലെ റൺസ് നേട്ടക്കാരിൽ കോലിക്കു മഹേള ജയവർധനയെ മറികടന്ന് (12650) ടോപ് 5ൽ ഇടംനേടാം.
∙ അശ്വിൻ‘മേധം’
82 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 429 വിക്കറ്റ് സ്വന്തമാക്കിയ സ്പിന്നർ ആർ.അശ്വിന് 6 വിക്കറ്റുകൾ കൂടി സ്വന്തമാക്കാൻ സാധിച്ചാൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ കപിൽ ദേവിനെ (434) മറികടന്നു രണ്ടാമതെത്താം. അനിൽ കുംബ്ലെയാണ് ഒന്നാമത് (619).
∙ റെക്കോർഡിലേക്ക് ക്രിസ്റ്റ്യാനോ
9 ഗോൾ കൂടി നേടിയാൽ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ നേട്ടം 100 ആകും. അങ്ങനെ സംഭവിച്ചാൽ സ്പെയിനിലെ ലാ ലിഗയിലും ഇംഗ്ലണ്ടിലെ പ്രിമിയർ ലീഗിലും 100 ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടമാണു ക്രിസ്റ്റ്യാനോയെ കാത്തിരിക്കുന്നത്.
∙ മെസ്സിയാകുമോ കപ്പിത്താൻ?
ഫുട്ബോളിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ട്രോഫികൾ നേടിയ റെക്കോർഡ് ബാർസിലോനയുടെ ബ്രസീൽ താരം ഡാനി ആൽവസിന്റെ പേരിലാണ്. 43 ട്രോഫികൾ. ആ റെക്കോർഡിൽ കണ്ണുംനട്ട് 37 ട്രോഫികളുമായി തൊട്ടുപിന്നിലുള്ളതു ലയണൽ മെസ്സിയാണ്. 6 കിരീടങ്ങൾ കൂടി നേടിയാൽ മെസ്സി ഡാനി ആൽവസിനൊപ്പമെത്തും.
∙ ടെന്നിസ് 20
ഗ്രാൻസ്‍ലാം നേട്ടത്തിൽ നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ, റോജർ ഫെഡറർ എന്നിവർ 20 കിരീടങ്ങളുമായി ഇപ്പോൾ ഒപ്പത്തിനൊപ്പം. ജോക്കോയോ നദാലോ ഈ വർഷം റെക്കോർഡ് പേരിലാക്കുമെന്ന പ്രതീക്ഷയിലാണു ടെന്നിസ് ആരാധകർ. പരുക്കിന്റെ പിടിയിലായതിനാൽ ഫെഡറർ ഉടനൊന്നും മത്സരക്കളത്തിലേക്കു തിരിച്ചെത്തിയേക്കില്ല.
∙ ഹാമിൽട്ടൻ ഷൂമിയെ മറികടക്കുമോ?
ഫോർമുല വൺ കാറോട്ട ഗ്രാൻപ്രി കിരീടനേട്ടത്തിൽ ജർമനിയുടെ മൈക്കൽ ഷൂമാക്കറും ബ്രിട്ടന്റെ ലൂയിസ് ഹാമിൽട്ടനും ഒപ്പത്തിനൊപ്പമാണ് (7 വീതം). കഴിഞ്ഞ സീസണിൽ അവസാന ഗ്രാൻപ്രിയിൽ കിരീടം വഴുതിപ്പോയ ഹാമിൽട്ടനു വരും സീസണിൽ കപ്പ് തിരിച്ചുപിടിച്ചാൽ ഷൂമാക്കറെ മറികടക്കാം.
∙ സലായെ വെല്ലാൻ സലാ
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ താരം മുഹമ്മദ് സലായുടെ എതിരാളി സലാ തന്നെയാണ്! ഒരു സീസണിൽ ഏറ്റവുമധികം ഗോൾ (32) നേടിയ താരമെന്ന സ്വന്തം പേരിലുള്ള റെക്കോർഡ് തിരുത്തിക്കുറിക്കുകയാണ് ഈ വർഷത്തെ ലക്ഷ്യം. സീസണിൽ ഇതുവരെ 15 ഗോളുകൾ സലാ നേടിക്കഴിഞ്ഞു.
English Summary: Upcoming records in Sports