ശ്രീകാന്ത് ഉൾപ്പെടെ 7 പേർക്ക് കോവിഡ്; ഇന്ത്യ ഓപ്പൺ ബാഡ്മിന്റന്‍ തിരിച്ചടി
Mail This Article
ന്യൂഡൽഹി∙ ലോക ചാംപ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവ് കിഡംബി ശ്രീകാന്ത് ഉൾപ്പെടെ ഏഴു താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ ഓപ്പൺ ടൂർണമെന്റ് അനിശ്ചിതത്വത്തിൽ. ടൂർണമെന്റിനിടെ നടത്തിയ പതിവ് പരിശോധനയിലാണ് ശ്രീകാന്ത് ഉൾപ്പെടെ ഏഴു താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ബാഡ്മിന്റൻ വേൾഡ് ഫെഡറേഷനാണ് (ബിഡബ്ല്യുഎഫ്) ഇക്കാര്യം ആദ്യ പരസ്യപ്പെടുത്തിയത്. പിന്നാലെ ബാഡ്മിന്റൻ അസോസിയേഷൻ ഓഫ് ഇന്ത്യ (ബിഎഐ) ഇക്കാര്യം സ്ഥിരീകരിച്ചു.
ശ്രീകാന്തിനു പുറമേ അശ്വിനി പൊന്നപ്പ, റിഥിക രാഹുൽ താക്കർ, ട്രീസ ജോളി, മിഥുൻ മഞ്ജുനാഥ്, സിമ്രാൻ അമൻ സിങ്, ഖുഷി ഗുപ്ത എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ബാധിതർ ടൂർണമെന്റിൽ തുടർന്ന് പങ്കെടുക്കില്ലെന്നും ഇവരുടെ എതിരാളികൾക്ക് വാക്കോവർ അനുവദിക്കുമെന്നും ബിഎഐ അറിയിച്ചു.
English Summary: Srikanth, six other players withdrawn after testing positive for COVID-19