ADVERTISEMENT

ബൽഗ്രേഡ് ∙ 2 വർഷത്തിനിടെ 50 തവണ പിടി തരാതെ വഴുതി മാറിയ ഉയരം 51–ാം ഊഴത്തിൽ ചാടിക്കടന്ന് സ്വീഡിഷ് സൂപ്പർതാരം അർമാൻഡ് ഡ്യുപ്ലന്റിസ്. ബൽഗ്രേ‍ഡ് ഇൻഡോർ അത്‍ലറ്റിക് മീറ്റിൽ‌ പോൾവോൾട്ടിൽ 6.19 മീറ്റർ പിന്നിട്ട ഒളിംപിക് ചാംപ്യൻ കുറിച്ചത് പുതിയ ലോക റെക്കോർ‍ഡ്. 2020 ഫെബ്രുവരിയിൽ താൻ കുറിച്ച 6.18 മീറ്ററിന്റെ റെക്കോർഡാണ് 2 വർഷത്തിനുശേഷം 22 വയസ്സുകാരൻ ഡ്യുപ്ലന്റിസ് മറികടന്നത്. 6.19 മീറ്റർ പിന്നിടാൻ കഴിഞ്ഞ 2 വർഷത്തിനിടെ 50 തവണ ശ്രമിച്ചു പരാജയപ്പെട്ടിരുന്നുവെന്നു മത്സശേഷം ഡ്യുപ്ലന്റിസ് പറഞ്ഞു. കഴിഞ്ഞവർഷത്തെ ടോക്കിയോ ഒളിംപിക്സിൽ  6.02 മീറ്റർ പിന്നിട്ട് ജേതാവായ താരം അതേ മത്സരത്തിൽ ലോക റെക്കോർഡ് തിരുത്താൻ ശ്രമിച്ചെങ്കിലും 6.19 മീറ്ററിനു മുന്നിൽ 3 തവണ കാലിടറി വീണു.

armand

ഇന്നലെ 5.61 മീറ്റർ, 5.85 മീറ്റർ, 6.00 മീറ്റർ ഉയരങ്ങൾ പിന്നിട്ട് സ്വർണമുറപ്പിച്ചശേഷമാണ് ഡ്യുപ്ലന്റിസ് തന്റെ ലോക റെക്കോർഡ് തിരുത്താനുള്ള ശ്രമം ആരംഭിച്ചത്. ആദ്യ 2 ശ്രമങ്ങളും പരാജയപ്പെട്ടെങ്കിലും മൂന്നാമത്തെയും അവസാനത്തേതുമായ ശ്രമത്തിൽ ലക്ഷ്യം കീഴടക്കി. കരിയറിൽ ഇതു മൂന്നാം തവണയാണ് ലോക റെക്കോർഡ് തിരുത്തുന്നത്. 18ന് ഇതേ വേദിയിൽ നടക്കുന്ന ലോക ഇൻഡോർ ചാംപ്യൻഷിപ്പിനു മുന്നോടിയായാണു മത്സരം സംഘടിപ്പിച്ചത്. 

വിവിധ പ്രായങ്ങളിൽ ‍‍‍ഡ്യുപ്ലന്റിസിന്റെ മികച്ച പ്രകടനം

6.19 –22 വയസ്സ്

6.18 –20 വയസ്സ്

6.05 –18 വയസ്സ്

5.51 –16 വയസ്സ്

4.75 –14 വയസ്സ്

3.97 –12 വയസ്സ്

3.86 –10 വയസ്സ്

പുരുഷ പോൾവോൾട്ടിലെ മികച്ച 5 പ്രകടനങ്ങൾ

6.19– ഡ്യുപ്ലന്റിസ് (2022)

6.18–ഡ്യുപ്ലന്റിസ് (2020)

6.17–ഡ്യുപ്ലന്റിസ് (2020)

6.16– ലവിലെനി (2014)

6.15– സെർജി ബുബ്ക (1993)

   ഡ്യുപ്ലന്റിസ് (2020)

Content highlights: Pole vaulter Armand Duplantis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com