കാതിലിടുന്നത് വിലക്കി; കാതിലും കഴുത്തിലുമിട്ടു വന്നു!
Mail This Article
മയാമി ഗാർഡൻസ് ∙ കാതിലിടുന്നത് വിലക്കിയാൽ എന്തു ചെയ്യണം; കാതിലും കഴുത്തിലും കൈകളിലുമെല്ലാം ആഭരണമിട്ടു വരണം– അത്ര തന്നെ! ഫോർമുല വൺ കാറോട്ട താരം ലൂയിസ് ഹാമിൽട്ടൻ അതു തന്നെ ചെയ്തു. അനുവാദമില്ലാത്ത വസ്ത്രങ്ങളും ആഭരണങ്ങളും ശരീരത്തിൽ വേണ്ട എന്ന രാജ്യാന്തര ഓട്ടൊമൊബീൽ ഫെഡറേഷന്റെ (എഫ്ഐഎ) നിർദേശത്തിനെതിരെ ആയിരുന്നു ഏഴു വട്ടം ലോക ചാംപ്യനായിട്ടുള്ള ഹാമിൽട്ടന്റെ പ്രതിഷേധം.
താരങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്ന നിർദ്ദേശത്തിനെതിരെ മത്സരങ്ങളിൽ നിന്നു വിട്ടുനിൽക്കാനും താൻ മുതിർന്നേക്കുമെന്ന് മയാമി ഗ്രാൻപ്രിയിൽ പങ്കെടുക്കാനെത്തിയ മെഴ്സിഡീസ് താരം പറഞ്ഞു. നീല ഡെനിം പാന്റ്സും ഷർട്ടും ധരിച്ചെത്തിയ ഹാമിൽട്ടന്റെ കഴുത്തിൽ 4 നെക്ക്‌ലേസുകളുണ്ടായിരുന്നു. കാതിലും മൂക്കിലും റിങും മിക്ക വിരലുകളിലും മോതിരവും. രണ്ട് കയ്യിലുമായി 3 വാച്ചുകളും. ‘ഇതിൽ കൂടുതൽ കിട്ടിയില്ല’– ബ്രിട്ടിഷ് ഡ്രൈവറായ ഹാമിൽട്ടന്റെ വാക്കുകൾ. നാലു തവണ ചാംപ്യനായിട്ടുള്ള ജർമൻ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റലും നിർദ്ദേശത്തിനെതിരെ രംഗത്തെത്തി. സ്യൂട്ടിനു മുകളിൽ ബോക്സർ ധരിച്ചായിരുന്നു വെറ്റലിന്റെ പ്രതിഷേധം.
English Summary: Lewis Hamilton Wore 3 Watches, Including IWC’s Latest, in Protest of Formula 1’s Jewelry Ban