ബാഡ്മിന്റനിൽ പുതുചരിത്രം; ഇന്ത്യയ്ക്ക് കന്നി തോമസ് കപ്പ് കിരീടം
Mail This Article
ബാങ്കോക്ക് ∙ തോമസ് കപ്പ് ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ കലാശപോരാട്ടത്തിൽ ഇന്തൊനീഷ്യയെ തകർത്തെറിഞ്ഞ ഇന്ത്യൻ ടീമിന്റെ വിസ്മയ പ്രകടനം ബാഡ്മിന്റൻ ആരാധകർക്കു സമ്മാനിച്ചത് അമ്പരപ്പും അതിലേറെ അഭിമാനവും. ഗ്രൂപ്പ് ഘട്ടത്തിൽ ചൈനീസ് തായ്പേയിയോടു തോൽവി വഴങ്ങുകയും ക്വാർട്ടർ, സെമി മത്സരങ്ങളിൽ അധ്വാനിച്ചു മുന്നേറുകയും ചെയ്ത ഇന്ത്യൻ ടീമിനെയല്ല, ഫൈനൽ മത്സരത്തിൽ കണ്ടത്. കോർട്ടിൽ നിറഞ്ഞു നിന്ന അവരുടെ സംഘബലത്തിനു മുൻപിൽ 14 തവണ ചാംപ്യൻമാരായ ഇന്തൊനീഷ്യ നിഷ്പ്രഭരായി (3–0).
കഴിഞ്ഞ 2 മത്സരങ്ങളിൽ തോൽവി വഴങ്ങി നിരാശപ്പെടുത്തിയ ലക്ഷ്യ സെന്നാണ് ഫൈനൽ മത്സരത്തിൽ ഇന്ത്യൻ വിജയക്കുതിപ്പിനു തുടക്കമിട്ടത്. ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനക്കാരനായ ആന്റണി ജിന്റിങ്ങിനെതിരെ ആദ്യ ഗെയിം 8–21ന് ലക്ഷ്യയ്ക്കു നഷ്ടമായി. പക്ഷേ പതറാതെ തിരിച്ചുവന്ന താരം തുടർന്ന് 2 ഗെയിമുകളും സ്വന്തമാക്കി വിജയം പിടിച്ചെടുത്തു. (8-21,21-17,21-16).
പിന്നാലെ കോർട്ടിലിറങ്ങിയ ചിരാഗ് ഷെട്ടി–സാത്വിക് സായ്‌രാജ് സഖ്യത്തിനും ആദ്യ ഗെയിം നഷ്ടമായി. രണ്ടാം ഗെയിമിൽ 4 മാച്ച് പോയിന്റുകൾ അതിജീവിച്ചശേഷമാണ് ഇന്ത്യൻ സംഘം മത്സരത്തിലേക്കു തിരിച്ചുവന്നത്. (18-21,23-21,21-19).
ടൂർണമെന്റിൽ ഉജ്വല ഫോമിൽ തുടരുന്ന കിഡംബി ശ്രീകാന്തിന്റെ ഊഴമായിരുന്നു അടുത്തത്. ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ് ജൊനാതൻ ക്രിസ്റ്റിക്കെതിരെ ആദ്യ ഗെയിമിൽ 15–15ന് ഒപ്പം നിന്ന ശേഷമാണ് ഫിനിഷിങ്ങിലെ മികവിൽ ശ്രീകാന്ത് ഗെയിം സ്വന്തമാക്കിയത്. രണ്ടാം ഗെയിമിൽ 18–18 എന്ന സ്കോറിൽ ജൊനാതൻ പൊരുതിയെങ്കിലും 2 ഉഗ്രൻ ഹൈജംപ് സ്മാഷുകളിലൂടെ ഗെയിമും മത്സരവും ശ്രീകാന്ത് സ്വന്തമാക്കി. 3 മത്സരങ്ങൾക്കുള്ളിൽ ഇന്ത്യ കിരീടമുറപ്പിച്ചതോടെ മലയാളി സിംഗിൾസ് താരം എച്ച്.എസ്.പ്രണോയിക്കും ഡബിൾസ് താരം എം.ആർ.അർജുനും കളിക്കേണ്ടി വന്നില്ല.
പാരിതോഷികം ഒരു കോടി
തോമസ് കപ്പിൽ ചരിത്രവിജയം നേടിയ ഇന്ത്യൻ ടീമിന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ടീമിലെ മലയാളി താരങ്ങളായ എച്ച്.എസ്.പ്രണോയ്, എം.ആർ.അർജുൻ എന്നിവർക്ക് 2 ലക്ഷം വീതവും പരിശീലകൻ യു.വിമൽകുമാറിന് ഒരു ലക്ഷവും പാരിതോഷികം നൽകുമെന്ന് കേരള ബാഡ്മിന്റൻ അസോസിയേഷൻ അറിയിച്ചു.
English Summary: India beats Indonesia to win maiden Thomas Cup Badminton Title