ADVERTISEMENT

ശ്രീനു ബുഗ്ത, അനിഷ് നാഗർ ഥാപ്പ, സ്വപ്ന ബർമൻ എന്നിവരേയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എഎഫ്ഐ

ന്യൂഡൽഹി ∙ ഹൈജംപ് താരം തേജസ്വിൻ ശങ്കറും മലയാളി താരം എം.വി.ജിൽനയും ഉൾപ്പെടെ 5 താരങ്ങളെ  കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ  അത്‍ലറ്റിക്സ് ടീമിൽ അധികമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷനാണ് (ഐഒഎ) അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അ‍ത‌്‍ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. 

  ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ തേജസ്വിൻ ശങ്കർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജിയിൽ ഐഒഎയ്ക്കു  നോട്ടിസ് അയയ്ക്കാൻ കോടതി നിർദേശിച്ചു. എന്നാൽ ക്വോട്ട വർധിപ്പിക്കാൻ നിർദേശം നൽകാനാകില്ലെന്നും വ്യക്തമാക്കി.  

100 മീറ്ററിൽ മലയാളി താരം എം.വി. ജിൽന, മാരത്തൺ താരങ്ങളായ ശ്രീനു ബുഗ്ത, അനിഷ് നാഗർ ഥാപ്പ, ഹെപ്റ്റാത്‌ലൺ താരം സ്വപ്ന ബർമൻ എന്നിവരാണു തേജസ്വിനു പുറമേ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ. ‘36 താരങ്ങൾക്കാണു ഐഒഎ അനുമതി നൽകിയിരിക്കുന്നത്. ഇതിനു പുറമേ  5 താരങ്ങളുടെ പേരു കൂടി ഉൾപ്പെടുത്തി പുതുക്കിയ പട്ടിക സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ക്വോട്ട വർധിപ്പിക്കേണ്ടത് ഐഒഎയാണ്. അതുണ്ടായില്ലെങ്കിൽ ആദ്യം സമർപ്പിച്ച 36 താരങ്ങളുടെ പട്ടികയാകും അന്തിമം’– എഎഫ്ഐയ്ക്കു വേണ്ടി ഹാജരായ പാർഥ് ഗോസ്വാമി ബോധിപ്പിച്ചു. 

കായികതാരങ്ങൾക്കു 4–5 വർഷമാണ് അവരുടെ കരിയറിൽ ഏറ്റവും മികച്ച പ്രകടനം നടത്താൻ സാധിക്കുന്നതെന്നും  ഈ സമയത്തു പരമാവധി അവസരം നൽകേണ്ടതുണ്ടെന്നും ജസ്റ്റിസ് ജസ്മീത് സിങ് അഭിപ്രായപ്പെട്ടു. ഹർജി ജൂലൈ 4നു വീണ്ടും പരിഗണിക്കും.

English Summary: Commonwealth Games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com