പോൾവോൾട്ടിൽ 5–ാമതും ലോക റെക്കോർഡ് തിരുത്തി; ലോക മീറ്റിലും ഡ്യുപ്ലന്റിസ് താരം
Mail This Article
യുജീൻ (യുഎസ്)∙ അത്യുന്നതങ്ങളിൽ ലോക റെക്കോർഡിന് ഒരു സമാധാനവുമില്ല. പോൾവോൾട്ടിന്റെ സുവർണകുമാരൻ അർമാൻഡ് ഡുപ്ലാന്റിസ് അതു തകർത്തുകൊണ്ടേയിരിക്കുന്നു! ഒളിംപിക് ചാംപ്യനും ലോക ചാംപ്യനുമായ സ്വീഡിഷ് താരം, സ്വന്തം പേരിലുള്ള ലോക റെക്കോർഡ് തിരുത്തി ലോക അത്‌ലറ്റിക്സിൽ കന്നി സ്വർണമണിഞ്ഞു. ‘മോണ്ടോ’ എന്നു വിളിപ്പേരുള്ള ഡുപ്ലാന്റിസ് 6.21 മീറ്ററിലേക്കു കുതിച്ചുയരുമ്പോൾ ലോകം വിസ്മയത്തോടെ നോക്കിനിന്നു.
ഈ വർഷം മാർച്ചിൽ ബൽഗ്രേഡിൽ നടന്ന ലോക ഇൻഡോർ ചാംപ്യൻഷിപ്പിൽ മറികടന്ന 6.20 മീറ്ററെന്ന റെക്കോർഡാണ് ഡുപ്ലാന്റിസ് തിരുത്തിയത്. 5.94 മീറ്റർ മറികടന്ന യുഎസ് താരം ക്രിസ് നീൽസൻ, ഫിലിപ്പീൻസിന്റെ ഏണസ്റ്റ് ജോൺ ഒബിയെന എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. കുറഞ്ഞ അവസരങ്ങളിൽ ഈ ഉയരം കണ്ടെത്തിയ നീൽസൻ വെള്ളി നേടി.
ഒളിംപിക്സ്, ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്, ലോക ഇൻഡോർ ചാംപ്യൻഷിപ്, ലോക ജൂനിയർ ചാംപ്യൻഷിപ്, ലോക യൂത്ത് ചാംപ്യൻഷിപ്, യൂറോപ്യൻ ചാംപ്യൻഷിപ് എന്നിവയിൽ സ്വർണം നേടുന്ന ആദ്യ പോൾവോൾട്ട് താരമാണ് ഡുപ്ലാന്റിസ്. രണ്ടര വർഷത്തിനിടെ 5–ാം തവണയാണ് ഡുപ്ലാന്റിസ് ലോക റെക്കോർഡ് തിരുത്തുന്നത്.
5.87 മീറ്ററും പിന്നീട് 6 മീറ്റർ, 6.06 മീറ്റർ എന്നീ ഉയരങ്ങളും കീഴടക്കിയ ഇരുപത്തിരണ്ടുകാരൻ ഇതിനിടെ 2001ൽ ഓസ്ട്രേലിയയുടെ ഡിമിത്രി മാർക്കോവ് സ്ഥാപിച്ച 6.05 മീറ്റർ എന്ന മീറ്റ് റെക്കോർഡും പഴങ്കഥയാക്കി. തുടർന്ന്, 6.21 മീറ്റർ എന്ന ലക്ഷ്യം പിന്നിട്ട് ലോക റെക്കോർഡും തിരുത്തി. ഈ വർഷം മാത്രം മൂന്നാം തവണയാണ് ഡുപ്ലാന്റിസ് ലോകറെക്കോർഡ് തിരുത്തുന്നത്.
കരിയറിൽ 48 തവണ 6 മീറ്ററോ അതിലധികമോ ഉയരം ഡുപ്ലാന്റിസ് പിന്നിട്ടിട്ടുണ്ട്. 46 തവണ ഈ നേട്ടം കൈവരിച്ച സെർജി ബൂബ്കയെയാണ് ഇന്നലത്തെ പ്രകടനത്തിനിടെ പിന്തള്ളിയത്.
A ലോക അണ്ടർ 18 ചാംപ്യൻഷിപ് കൊളംബിയ
B യൂറോപ്യൻ അണ്ടർ 20 ചാംപ്യൻഷിപ് ഗ്രൊസെറ്റോ
C ലോക അണ്ടർ 20 ചാംപ്യൻഷിപ് ടാംപെര
Dയൂറോപ്യൻ ചാംപ്യൻഷിപ് ബർലിൻ
E ലോക അത്‌ലറ്റിക്സ് ഇൻഡോർ ടൂർ ടോറുൻ
F ലോക അത്‌ലറ്റിക്സ് ഇൻഡോർ ടൂർ ഗ്ലാസ്ഗോ
G യൂറോപ്യൻ ഇൻഡോർ ചാംപ്യൻഷിപ് ടോറുൻ
H ടോക്കിയോ ഒളിംപിക്സ്
I ബൽഗ്രേഡ് ഇൻഡോർ മീറ്റ്
J ലോക ഇൻഡോർ അത്‌ലറ്റിക് ചാംപ്യൻഷിപ് ബൽഗ്രേഡ്
K ലോക അത്‌ലറ്റിക് ചാംപ്യൻഷിപ് ഒറിഗൺ
English Summary: World Athletics Championships: Armand Duplantis breaks his own pole vault record on record-setting final day