മരുന്നടിച്ച് മെഡൽ വേണ്ട; നാഡയ്ക്ക് നിയമ ചട്ടക്കൂട്
Mail This Article
ന്യൂഡൽഹി ∙ ഉത്തേജക പരിശോധന കർശനമാക്കാനും ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിക്കു (നാഡ) കൂടുതൽ നിയമപരിരക്ഷ നൽകാനും ഉദ്ദേശിച്ചുള്ള ഉത്തേജക മരുന്നു നിരോധന ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ബിൽ അവതരിപ്പിച്ചത്.ഉത്തേജക ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്വേഷണം നടത്താനും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അധികാരം നൽകുന്നതോടെ കായിക താരങ്ങൾക്കിടയിലെ ഉത്തേജക ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്നാണു കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ദേശീയ ഉത്തേജക പരിശോധന ലബോറട്ടറിയുടെ (എൻഡിടിഎൽ) പ്രവർത്തനം വ്യാപിപ്പിക്കാനും കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കാനുമെല്ലാം അധികാരം നൽകുന്നതാണ് ബിൽ. നടപടികൾ പൂർണമായാൽ ഉത്തേജക വിരുദ്ധ നിയമം നടപ്പാക്കുന്ന വളരെ ചുരുക്കം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും.
ഉത്തേജക വിരുദ്ധ ദേശീയ ബോർഡ് രൂപീകരിക്കണമെന്നും ബില്ലിൽ ശുപാർശയുണ്ട്. താരങ്ങളുടെ സാംപിൾ ശേഖരണം, അതിന്റെ പരിശോധന എന്നിവയിലെല്ലാം നാഡയ്ക്കു പൂർണ അധികാരം നൽകുന്നതാണു ബിൽ. കായികതാരങ്ങളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിശദാംശങ്ങൾ, മത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ വിവരങ്ങൾ, അവിടെ നടന്ന പരിശോധനകൾ എന്നിവ ശേഖരിക്കാനും സാധിക്കും.
Content Highlights: Dope test, Indian Relay team