പൊന്നോളം പ്രതീക്ഷ; പതിനാലുകാരി അനഹത് സിങ്ങിന് ഇന്ന് ആദ്യ മത്സരം
Mail This Article
ബർമിങ്ങാം ∙ കൂട്ടുകാർക്കൊപ്പം സ്കൂളിൽ കളിച്ചു ചിരിച്ചിരിക്കേണ്ട പ്രായത്തിൽ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയാണ് ഡൽഹി സ്വദേശിനി അനഹത് സിങ്. ഇന്ത്യൻ സ്ക്വാഷ് ടീമിലംഗമായ കൗമാര താരത്തിന് പ്രായം വെറും 14 വയസ്സ്. കോമൺവെൽത്ത് ഗെയിംസിൽ സ്ക്വാഷിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർഥിയും അനഹത് തന്നെയാണ്. സ്ക്വാഷ് വനിതാ സിംഗിൾസിൽ അനഹത് ഇന്ന് ആദ്യ മത്സരത്തിനിറങ്ങും.
പ്രായത്തിൽ വളരെ ചെറുപ്പമാണെങ്കിലും സ്ക്വാഷിൽ അനഹത് ഇതിനകം കൈവരിച്ച നേട്ടങ്ങൾക്കു വലുപ്പം കൂടുതലാണ്. 8–ാം വയസ്സുമുതൽ സ്ക്വാഷ് കളിച്ചു തുടങ്ങിയ പെൺകുട്ടി കഴിഞ്ഞ 6 വർഷത്തിനിടെ കൈവരിച്ചത് 9 രാജ്യാന്തര കിരീടങ്ങൾ. 2 തവണ ജൂനിയർ ചാംപ്യനായതിനു പുറമേ വിവിധ ദേശീയ ടൂർണമെന്റുകളിലായി 46 തവണ കിരീടവും നേടിയിട്ടുണ്ട്.
കഴിഞ്ഞവർഷം ഡിസംബറിൽ നടന്ന യുഎസ് ഓപ്പൺ ജൂനിയർ സ്ക്വാഷ് ചാംപ്യൻഷിപ്പിലെ വിജയത്തിലൂടെയാണ് അനഹത് സിങ് ലോകശ്രദ്ധ നേടിയത്. 41 രാജ്യങ്ങളിലെ ജൂനിയർ താരങ്ങൾ അണിനിരന്ന ചാംപ്യൻഷിപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ കിരീടമായിരുന്നു അത്. ജൂണിൽ ജർമൻ ഓപ്പണിലും ജൂനിയർ ചാംപ്യനായ താരം തൊട്ടുപിന്നാലെ നടന്ന ഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാംപ്യൻഷിപ്പിലും സ്വർണം നേടി.
English Summary: 14-Year-Old Anahat Singh, The Youngest Indian at the 2022 Commonwealth Games