ADVERTISEMENT

ബർമിങ്ങാം ∙ പ്രതീക്ഷകളുടെ ഭാരമുയർത്തി, ഭാരോദ്വഹന താരങ്ങൾ സ്വന്തമാക്കിയ ത്രിവർണ മെ‍ഡലുകളിൽ 130 കോടി ജനതയുടെ കോമൺവെൽത്ത് സ്വപ്നങ്ങൾക്ക് മികച്ച തുടക്കം. ടോക്കിയോ ഒളിംപിക്സിന്റെ ആദ്യദിനത്തിലെ വെള്ളി നേട്ടത്തോടെ ഇന്ത്യൻ മെഡൽ‌വേട്ടയ്ക്കു തുടക്കമിട്ട മണിപ്പുരുകാരി മീരാബായ് ചാനു കോമൺവെൽത്ത് ഗെയിംസിന്റെ രണ്ടാംദിനത്തി‍ൽ ഇന്ത്യയ്ക്കു സമ്മാനിച്ചത് പൊന്നിൻ‌ തിളക്കം. പുരുഷൻമാരുടെ 55 കിഗ്രാം വിഭാഗത്തി‌ൽ സങ്കേത് സർഗർ വെള്ളിയും 61കിലോഗ്രാം വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലവും നേടിയതോടെ മെഡലുകളുടെ ത്രിവർണങ്ങളിൽ ഇന്ത്യ മുത്തമിട്ടു. 

വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ നിലവിലെ ചാംപ്യനായ ചാനു മത്സരിച്ചത് തന്നോടു തന്നെയാണ്. സ്നാച്ച് റൗണ്ടിൽ 88 കിലോഗ്രാം ഉയർത്തിയ ചാനു കോമൺവെൽത്ത് ഗെയിംസ് റെക്കോർഡിട്ടപ്പോൾ രണ്ടാംസ്ഥാനക്കാരി 12 കിലോഗ്രാം പിറകിലായിരുന്നു. പക്ഷേ സ്നാച്ചിലെ 90 കിലോഗ്രാം കടമ്പ പിന്നിടാൻ ഇത്തവണയും ചാനുവിനു കഴിഞ്ഞില്ല. രണ്ടാം റൗണ്ടായ ക്ലീൻ ആൻഡ് ജെർക്കിൽ 113 കിലോഗ്രാമും പിന്നിട്ടതോടെ സ്വർണം ഉറപ്പിച്ചു. കോമൺവെൽ‌ത്തിൽ ചാനുവിന്റെ തുടർച്ചയായ മൂന്നാം മെഡലാണിത്. 2014ൽ വെള്ളി നേടിയിരുന്നു. 

21 വയസ്സുകാരൻ സങ്കേത് സർഗറായിരുന്നു ഗെയിംസില്‍ ഇന്ത്യൻ മെഡൽ‌വേട്ടയ്ക്കു തുടക്കമിട്ടത്. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സങ്കേത് മത്സരത്തിൽ ആകെയുയർത്തിയത് 248 കിലോഗ്രാം. സ്നാച്ച് റൗണ്ടിൽ 113 കിലോഗ്രാം ഉയർത്തിയ ഇന്ത്യൻ താരം ക്ലീൻ ആൻഡ് ജെർക്ക് റൗണ്ടിലെ ആദ്യ ഊഴത്തിൽ 135 കിലോഗ്രാം പിന്നിട്ടു. എന്നാൽ രണ്ടാം ഊഴത്തിനിടെ പരുക്കേറ്റതു തിരിച്ചടിയായി. മത്സരത്തിലെ അവസാന ശ്രമത്തിലാണ് മലേഷ്യയുടെ മുഹമ്മദ് അനീഖ്, സങ്കേതിനെ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളി സ്വർണമുറപ്പിച്ചത്. 

ഭാരോദ്വഹനത്തിൽ സങ്കേതിന്റെ ‘റോൾമോഡലായ’ കർണാടക സ്വദേശി ഗുരുരാജ പൂജാരി, തൊട്ടുപിന്നാലെ നടന്ന പുരുഷൻമാരുടെ 61 കിലോഗ്രാം മത്സരത്തിൽ വെങ്കലം നേടി ഇന്ത്യൻ മെഡൽ സന്തോഷം ഇരട്ടിപ്പിച്ചു. കാനഡയുടെ യൂറി സിമാർഡ് ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ക്ലീൻ ആൻഡ് ജെർക്ക് റൗണ്ടിലെ അവസാന ഊഴത്തിൽ 151 കിലോഗ്രാം ഉയർത്തി ഗുരുരാജ വെങ്കലം ഉറപ്പാക്കുകയായിരുന്നു. 29 വയസ്സുകാരനായ താരത്തിന്റെ കോമൺവെൽത്ത് ഗെയിംസിലെ രണ്ടാം മെഡലാണിത്. 2018ൽ ഗോൾഡ് കോസ്റ്റ് ഗെയിംസിൽ‌ 56 കിഗ്രാം വിഭാഗത്തിൽ വെള്ളി നേടിയിരുന്നു.

‘‘ഇവിടെ എന്നോടു തന്നെയാണ് ഞാൻ മത്സരിച്ചത്. കോമൺവെൽ‌ത്ത് ഗെയിംസ് എനിക്ക് അനായാസമായിരിക്കുമെന്ന് എല്ലാവരും പറഞ്ഞിരുന്നു. പക്ഷേ ഞാൻ നന്നായി തന്നെയാണ് ഒരുങ്ങിയത്. കാരണം സ്വർണം നേടുക എന്നതു മാത്രമായിരുന്നില്ല എന്റെ ലക്ഷ്യം. പ്രകടനം മെച്ചപ്പെടുത്തുക എന്നതു കൂടിയായിരുന്നു..’’– മീരാബായ്

∙ മീരാബായ് ചാനു ഇന്നലെ മത്സരത്തിൽ ഉയർത്തിയത് 201 കിലോഗ്രാം. വെള്ളി നേടിയ മൗറീഷ്യസിന്റെ മേരി റനെയ്‌വോസ ഉയർത്തിയത് 172 കിലോഗ്രാം മാത്രം. വ്യത്യാസം 29 കിലോഗ്രാം! 

ഭാരോദ്വഹനം എങ്ങനെ

സ്നാച്ച്, ക്ലീൻ ആൻഡ് െജർക്ക് എന്നീ 2 റൗണ്ടുകളിലായാണ് ഭാരോദ്വഹന മത്സരം. 2 റൗണ്ടിലും ഒരാൾക്ക് 3 അവസരം വീതം  ലഭിക്കും. രണ്ടു വിഭാഗങ്ങളിലെയും ഏറ്റവും മികച്ച ലിഫ്റ്റുകൾ കണക്കാക്കിയാണു മത്സരവിജയിയെ തീരുമാനിക്കുന്നത്.

സ്നാച്ച്

ഒറ്റയടിക്ക് ബാർ എടുത്തു തലയ്ക്കു മുകളിൽ ഉയർത്തി നേരെ നിൽക്കുന്നതാണ് സ്നാച്ച് റൗണ്ട്. ഇടവേളയില്ലാതെ തുടർച്ചയായ ചലനങ്ങളിലൂടെ ലിഫ്റ്റ് പൂർത്തിയാക്കണമെന്നതിനാൽ ഈ റൗണ്ടാണ് ഏറ്റവും കഠിനം. കാൽ ചലനങ്ങൾക്ക് നിയന്ത്രണമുണ്ട്. 

ക്ലീൻ ആൻഡ് ജെർക്ക് 

2 ഘട്ടങ്ങളായാണ് ഈ റൗണ്ടിലെ ഭാരമുയർത്തൽ. ആദ്യം ബാർ ചുമലിൽ താങ്ങിയെടുത്തു നിൽക്കുന്നു. തുടർന്നു ബാർ മുകളിലേക്ക് ഉയർത്തി നേരെ നിൽക്കുന്നു. ലിഫ്റ്റിനിടെ കാൽപാദം മുന്നോട്ടു ചലിപ്പിക്കാൻ അനുവാദമുണ്ട്. 

English Summary: CWG 2022: Dominant Mirabai Chanu Wins Gold In Women's 49kg Category

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com