ഇനി, ഫോട്ടോഫിനിഷ്
Mail This Article
മഹാബലിപുരം∙ ഓപ്പൺ വിഭാഗത്തിൽ അർമീനിയയും ഉസ്ബെക്കിസ്ഥാനും ഒപ്പത്തിനൊപ്പം. വനിതകളിൽ ഇന്ത്യ എ ഒറ്റയ്ക്കു മുന്നിൽ. ലോക ചെസ് ഒളിംപ്യാഡ് അവസാനിക്കാൻ ഒരു റൗണ്ട് മാത്രം ബാക്കി നിൽക്കെ മത്സരം ഫോട്ടോഫിനിഷിലേക്ക്. ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ എ, ഇന്ത്യ ബി, യുഎസ്. ടീമുകൾ 16 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
വനിതകളിൽ ഒറ്റയ്ക്കു ലീഡ് നേടിയ ഇന്ത്യ എ ടീമിനു പിന്നിൽ യുക്രെയ്ൻ, പോളണ്ട്, ജോർജിയ, അസർബൈജാൻ എന്നിവരാണ് 16 പോയിന്റുമായി രണ്ടാംസ്ഥാനത്ത് ഓപ്പൺ വിഭാഗത്തിൽ, അസർബൈജാനെ തോൽപിച്ചാണ് അർമീനിയ പോയിന്റ് നിലയിൽ ഉസ്ബെക്കിസ്ഥാന് ഒപ്പമെത്തിയത്. ടൂർണമെന്റിലെ കറുത്ത കുതിരകളായ ഇന്ത്യ ബി ടീമിനെ ഉസ്ബെക്കിസ്ഥാൻ സമനിലയിൽ തളിച്ചു.
കരുത്തരുടെ പോരാട്ടത്തിൽ ഡി. ഗുകേഷ് വരുത്തിയ പിഴവിൽ ലോക റാപിഡ് ചാംപ്യനും ഉസ്ബെക്കിസ്ഥാൻ താരവുമായ നോഡിബ്രെക് അബ്ദുസത്തറോവ് വിജയം കണ്ടപ്പോൾ ഇന്ത്യ ബി ടീമിനെ രക്ഷിച്ചെടുക്കുന്ന ചുമതല വന്നത് പതിനാറുകാരൻ പ്രഗ്നാനന്ദയ്ക്കായിരുന്നു. ജൊവാക്കിർ സിന്ദറോവിനെ 77 നീക്കങ്ങളിൽ തോൽപിച്ച് പ്രഗ്നാനന്ദ ആ ദൗത്യം പൂർത്തിയാക്കി. ഈ വിജയത്തിന്റെ പിൻബലത്തിൽ ഇന്ത്യ ബി സമനില നേടുകയും പോയിന്റ് നിലയിൽ രണ്ടാം സ്ഥാനം നിലനിർത്തുകയും ചെയ്തു. നിഹാൽ സരിൻ യാക്കുബേവ് നോഡിബ്രെക്കുമായി സമനില പാലിച്ചു.
മലയാളി താരം എസ്.എൽ. നാരായണനും വിദിത് ഗുജറാത്തിയും നേടിയ വിജയങ്ങളുടെ മികവിൽ ഇറാനെ തോൽപിച്ച് ഇന്ത്യ എ ടീമും 16 പോയിന്റുമായി ഒപ്പമെത്തി. ഇന്ത്യ സി ടീം സ്ലൊവാക്യയോടു സമനില വഴങ്ങി.
പതിനാറുകാരൻ പ്രണവ് 75–ാം ഗ്രാൻഡ്മാസ്റ്റർ
മഹാബലിപുരം∙ തമിഴ്നാട്ടിൽ നിന്ന് ഇന്ത്യയ്ക്ക് 75–ാം ചെസ് ഗ്രാൻഡ്മാസ്റ്റർ. ചെന്നൈയിൽനിന്നുള്ള പതിനാറുകാരൻ വി. പ്രണവാണ് ഗ്രാൻഡ്മാസ്റ്റർ പദവി നേടിയത്. റുമേനിയയിലെ ലിംപെഡിയ ഓപ്പണിലാണ് നേട്ടം. 75–ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് ഇന്ത്യയ്ക്ക് 75–ാം ഗ്രാൻഡ്മാസ്റ്റർ എന്നത് ഇരട്ടിമധുരമായി.
പോയിന്റ് നില
ഓപ്പൺ:
ഉസ്ബെക്കിസ്ഥാൻ17
അർമീനിയ 17
ഇന്ത്യ ബി 16
ഇന്ത്യ എ 16
യുഎസ് 16
വനിതകൾ
ഇന്ത്യ എ 17
ജോർജിയ 16
അസർബൈജാൻ 16
പോളണ്ട് 16
യുക്രെയ്ൻ16
English Summary: Chess Olympiad Last Day