ശ്രീജേഷിന്റെ നിവേദനം: ശ്രീശങ്കറിനൊരു ജോലി
Mail This Article
കൊച്ചി ∙ കോമൺവെൽത്ത് ഗെയിംസിൽ ലോങ്ജംപിൽ വെള്ളിമെഡൽ ജേതാവായ എം. ശ്രീശങ്കറിനു ജോലി വേണം. അതിനു വേണ്ടി നിങ്ങളെല്ലാവരും എഴുതണം–മലയാള മനോരമയുടെ സ്വീകരണച്ചടങ്ങിൽ ഇന്ത്യൻ ഹോക്കി താരവും കോമൺവെൽത്ത് ഗെയിംസിലെ വെള്ളി മെഡൽ ജേതാവുമായ പി.ആർ. ശ്രീജേഷാണു ശ്രീശങ്കറിനു ജോലി നൽകണമെന്ന ആവശ്യം കായിക കേരളത്തിനു മുന്നിൽ വച്ചത്. ‘അവൻ നന്നായി പഠിക്കുന്നുണ്ട്. നന്നായി മത്സരിക്കുന്നുണ്ട്. ഇനി ഒരു ജോലി വേണം’– ശ്രീജേഷ് പറഞ്ഞു.
ഹോക്കി കളത്തിലെ കരുത്തനായ ഗോൾകീപ്പർ തമാശയിൽ പൊതിഞ്ഞു കാര്യങ്ങൾ പറഞ്ഞപ്പോൾ സ്വീകരണച്ചടങ്ങിൽ പലവട്ടം കൂട്ടച്ചിരി പൊട്ടി. കോമൺവെൽത്ത് ഗെയിംസ് വിജയികൾക്കു മറ്റു സംസ്ഥാനങ്ങൾ കോടികൾ സമ്മാനമായി നൽകുന്നുണ്ടെന്നും കേരള സർക്കാരും സമ്മാനം നൽകണമെന്ന ആവശ്യം മലയാള മനോരമ മുന്നോട്ടു വച്ചിട്ടുണ്ടെന്നും എഡിറ്റർ ഫിലിപ് മാത്യു ശ്രദ്ധയിൽപ്പെടുത്തി. ‘ഓണത്തിന്റെ സമയമായതുകൊണ്ട് ഓണക്കോടിയാണെന്നു തെറ്റിദ്ധരിക്കാൻ ഇടയുണ്ടെന്നായിരുന്നു’ തമാശരൂപേണയുള്ള ശ്രീജേഷിന്റെ പ്രതികരണം.
‘ഹോക്കിയിൽ സ്വർണം കൊണ്ടുവരണമെന്നാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ ഓസ്ട്രേലിയക്കാർ സ്വർണം തരില്ലെന്നു പറഞ്ഞു ഫൈനലിൽ ഏഴു ഗോളും തന്നാണു വിട്ടത്. അതുകൊണ്ട് അൽപം നാണക്കേടുണ്ട്. ഓരോ കളികൾക്കും ഓരോ കഥകൾ പറയാനുണ്ടാകും. ഓരോ ടൂർണമെന്റിനും ഓരോ കാര്യങ്ങൾ പഠിപ്പിക്കാനുണ്ടാകും. കളിയിൽ നിന്ന് എന്നാണു വിരമിക്കുന്നതെന്ന് ആരും ചോദിക്കരുത്. അതൊക്കെ തീരുമാനിക്കാൻ ഇനിയും സമയമുണ്ട്’– പി.ആർ. ശ്രീജേഷ് പറഞ്ഞു.