ബാക്ക് ബെഞ്ചിലെ മെഡൽ വേട്ടക്കാർ
Mail This Article
മലപ്പുറം∙ ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ പ്ലസ്ടു കൊമേഴ്സ് ക്ലാസിലെ ബാക്ക് ബെഞ്ചുകാരെല്ലാം ഓട്ടക്കാരാണ്. വെറും ഓട്ടക്കാരല്ല, ഒന്നാന്തരം മെഡൽ വേട്ടക്കാരെന്നു കൂടി പറയേണ്ടി വരും. ഒരേ ക്ലാസിൽ ഒരേ ബെഞ്ചിൽ ഒരുമിച്ചിരിക്കുന്ന മൂന്നു സുഹൃത്തുക്കൾ കൂടി സംസ്ഥാന യൂത്ത് അത്‌ലറ്റിക് മീറ്റിൽ നേടിയത് മൂന്നു സ്വർണവും ഒരു വെള്ളിയും. കൊമേഴ്സ് ക്ലാസിലെ (സി 2) ബാക്ക് ബെഞ്ചറായ ആഷ്‌ലിൻ അലക്സാണ്ടർ 100 മീറ്ററിൽ റെക്കോർഡോടെ സ്വർണം നേടിയപ്പോൾ സുഹൃത്ത് കാൽവിൻ റോസ്‌വാൻ ഇതേ ഇനത്തിൽ വെള്ളി നേടി. ഇതേ ബെഞ്ചിലിരിക്കുന്ന നോഹ സെബി ആന്റണിയാണ് 110 മീറ്റർ ഹർഡിൽസിലെ സ്വർണമെഡൽ ജേതാവ്. ഇവർ മൂന്നുപേരും ഉൾപ്പെട്ട ആലപ്പുഴ ടീമിനാണ് മെഡ്‌ലേ റിലേയിലും സ്വർണം. ലിയോ അത്‌ലറ്റിക് അക്കാദമിയിലെ ജോസഫ് ആന്റണിയുടെ കീഴിലാണ് നോഹയും ആഷ്‌ലിനും പരിശീലിക്കുന്നത്. സിറ്റി ട്രാക്ക് അത്‌ലറ്റിക് ക്ലബ്ബിലെ കെ.ശ്രീജിത് മോനാണ് കാൽവിന്റെ പരിശീലകൻ.
Content Highlights: Leo XIII Higher Secondary School, Alappuzha, Athletics