ഇത് തുഴയെറിയും ചാംപ്യൻസ് ലീഗ് !
Mail This Article
ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളിയോടെ ചാംപ്യൻസ് ബോട്ട് ലീഗ് സീസണിനു (സിബിഎൽ) തുടക്കമായി. 2019ലെ നെഹ്റു ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ 9 ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. ഈ വർഷത്തെ നെഹ്റു ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ 9 ചുണ്ടൻവള്ളങ്ങൾ അടുത്ത വർഷത്തെ സിബിഎലിൽ മത്സരിക്കും.
5 ജില്ലകളിലെ 12 വേദികളിലാണ് മത്സരം. നവംബർ 26നു കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫിയോടെ സിബിഎൽ സമാപിക്കും. ആലപ്പുഴയിൽ ആറും കൊല്ലം, എറണാകുളം ജില്ലകളിൽ രണ്ടും തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ ഓരോന്നും വേദികളിലാണു മത്സരം. 17നു നടക്കുന്ന ആലപ്പുഴ കരുവാറ്റ വള്ളംകളിയാണു ലീഗിൽ അടുത്തത്.
പങ്കെടുക്കുന്ന ടീമുകൾ
∙ ട്രോപിക്കൽ ടൈറ്റൻസ് (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
∙ മൈറ്റി ഓർസ് (എൻസിഡിസി കുമരകം)
∙ കോസ്റ്റ് ഡോമിനേറ്റേഴ്സ് (യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി)
∙ റേജിങ് റോവേഴ്സ് (പൊലീസ് ബോട്ട് ക്ലബ്)
∙ ബാക്ക് വാട്ടർ വോറിയേഴ്സ് (ടൗൺ ബോട്ട് ക്ലബ് കുമരകം)
∙ തണ്ടർ ഓർസ് (കെബിസി/എസ്എഫ്ബിസി കുമരകം)
∙ ബാക്ക് വാട്ടർ നൈറ്റ്സ് (വില്ലേജ് ബോട്ട് ക്ലബ്, എടത്വ)
∙ ബാക്ക് വാട്ടർ നിൻജ (പുന്നമട ബോട്ട് ക്ലബ്)
∙ പ്രൈഡ് ചേസേഴ്സ് (വേമ്പനാട് ബോട്ട് ക്ലബ്)
* നടുഭാഗം, ദേവസ്, ചമ്പക്കുളം, കാരിച്ചാൽ, പായിപ്പാടൻ, കാട്ടിൽ തെക്കേതിൽ, ആയാപറമ്പ് പാണ്ടി, സെന്റ് പയസ് ടെൻത്, വീയപുരം എന്നീ ചുണ്ടൻ വള്ളങ്ങളാണു ജലപ്പരപ്പിലെ വേഗപ്പോരിൽ പങ്കെടുക്കുന്നത്.
കൊതിപ്പിക്കും സമ്മാനത്തുക
6 കോടി രൂപയാണ് ഇത്തവണ ആകെ സമ്മാനത്തുക. സിബിഎൽ ആദ്യ എഡിഷനിൽ ഒന്നാം സ്ഥാനക്കാർക്കു ലഭിച്ചത് 1.31 കോടി രൂപയായിരുന്നു. പങ്കെടുത്ത 9 ടീമുകൾക്കും ചേർന്നു ലഭിച്ചത് 5.86 കോടി രൂപ. പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 48 ലക്ഷം രൂപ ഇതുവരെ ലഭിച്ചിട്ടുണ്ട്.
വള്ളംകളി, ജില്ല, മത്സരത്തീയതി
∙ കരുവാറ്റ വള്ളംകളി, ആലപ്പുഴ – സെപ്റ്റംബർ 17
∙ പുളിങ്കുന്ന് വള്ളംകളി, ആലപ്പുഴ– സെപ്റ്റംബർ 24
∙ പിറവം വള്ളംകളി, എറണാകുളം – ഒക്ടോബർ 1
∙ മറൈൻ ഡ്രൈവ്, എറണാകുളം – ഒക്ടോബർ 8
∙ കോട്ടപ്പുറം, തൃശൂർ – ഒക്ടോബർ 15
∙ കൈനകരി വള്ളംകളി, ആലപ്പുഴ – ഒക്ടോബർ 22
∙ താഴത്തങ്ങാടി വള്ളംകളി, കോട്ടയം – ഒക്ടോബർ 29
∙ പാണ്ടനാട് വള്ളംകളി, ആലപ്പുഴ – നവംബർ 5
∙ കായംകുളം വള്ളംകളി, ആലപ്പുഴ – നവംബർ 12
∙ കല്ലട വള്ളംകളി, കൊല്ലം – നവംബർ 19
∙ പ്രസിഡന്റ്സ് ട്രോഫി ബോട്ട് റേസ്, കൊല്ലം – നവംബർ 26