ADVERTISEMENT

ഭുവനേശ്വർ∙ ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ ഗോൾമഴയിൽ മുക്കി നേരിട്ടു ക്വാർട്ടറിലെത്താമെന്ന ഇന്ത്യൻ മോഹങ്ങൾക്കു തിരിച്ചടി. പൂൾ ഡിയിലെ അവസാന മത്സരത്തിൽ വെയ്ൽസിനെ 4–2 തോൽപിച്ചെങ്കിലും ക്വാർട്ടറിലെത്താൻ ഇന്ത്യയ്ക്ക് ക്രോസ് ഓവർ മത്സരം ജയിക്കണം. ഷംഷേർ സിങ് (21–ാം മിനിറ്റ്), ആകാശ്ദീപ് സിങ് (32’, 45’), ഹർമൻപ്രീത് സിങ് (59’) എന്നിവരാണ് വെയ്ൽസിനെതിരെ ഇന്ത്യയ്ക്കായി ഗോൾ നേടിയത്.

ഗാരെത് ഫുർലോങ് (42’), ജേക്കബ് ഡ്രേപ്പർ (44’) എന്നിവർ വെയ്ൽസിന്റെ ഗോളുകൾ മടക്കി. രണ്ട് ജയവും ഒരു സമനിലയുമായി പൂൾ ഡിയിൽ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും 7 പോയിന്റ് വീതമാണെങ്കിലും മികച്ച ഗോൾവ്യത്യാസത്തിൽ ഇംഗ്ലണ്ട് പൂൾ ചാംപ്യന്മാരായി ക്വാർട്ടറിലെത്തി. ഇന്നലെ ഇംഗ്ലണ്ടിനോടു തോറ്റ സ്പെയിൻ 3 പോയിന്റോടെ മൂന്നാമതായി. ഇന്ത്യയും സ്പെയിനും ക്രോസ് ഓവർ റൗണ്ട് മത്സരത്തിന് യോഗ്യത നേടി. ഞായറാഴ്ച വൈകിട്ട് 7ന് നടക്കുന്ന ക്രോസ്ഓവർ മത്സരത്തിൽ ഇന്ത്യ പൂൾ സിയിലെ മൂന്നാം സ്ഥാനക്കാരായ ന്യൂസീലൻഡിനെ നേരിടും. ജയിച്ചാൽ ക്വാർട്ടറിലെത്താം.

ഗോളിയില്ലാത്ത പോസ്റ്റിൽ ഗോളടി

മത്സരത്തിന്റെ അവസാന മിനിറ്റിൽ ലഭിച്ച പെനൽറ്റി കോർണർ ഇന്ത്യൻ താരം ഹർമൻപ്രീത് സിങ് ഗോളാക്കി മാറ്റുമ്പോൾ വെയ്ൽസ് പോസ്റ്റിൽ ഗോൾകീപ്പർ ഇല്ലായിരുന്നു. മത്സരം അവസാനിക്കാൻ 2 മിനിറ്റ് മാത്രം ബാക്കി നിൽക്കെ വെയ്ൽസ് ഗോൾകീപ്പറിനെ പിൻവലിച്ച് പകരം ഫീൽഡിൽ മറ്റൊരു കളിക്കാരനെ ഇറക്കി. ഗോൾ തിരിച്ചടിച്ച് സമനില പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ മാറ്റം വെയ്ൽസ് നടത്തിയത്. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ഇന്ത്യയ്ക്ക് അനുകൂലമായി പെനൽറ്റി കോർണർ ലഭിച്ചു. ഇത് ഇന്ത്യ ഗോളാക്കി. പിന്നാലെ, വെയ്ൽസ് ഗോൾകീപ്പറെ തിരികെയിറക്കുകയും ചെയ്തു.

14-0

ചിലെക്കെതിരെ നെതർലൻഡ്സിന് ചരിത്ര ജയം.  നെതർലൻഡ്സ് 14–0നാണ് ചിലെയെ തകർത്തത്. ലോകകപ്പ് ഹോക്കിയിലെ ഏറ്റവും വലിയ ജയമാണിത്. 3 മത്സരവും ജയിച്ച് പൂൾ സി ചാംപ്യന്മാരായ നെതർലൻഡ്സ് ക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി.

English Summary: Men's Hockey World Cup 2023: India Beat Wales But End 2nd In Pool D, To Face NZ For QF Spot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com