വെറും വാഗ്ദാനം; ബ്രിജ് ഭൂഷണെ മാറ്റിയില്ല, പൂമാലയിട്ട് സ്വീകരണം: ഗുസ്തി തുടരും!
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയുടെ ഒന്നാംനിര ഗുസ്തി താരങ്ങൾ ഉയർത്തിയ ലൈംഗികാരോപണ വിവാദത്തിലും കുലുങ്ങാതെ ബ്രിജ് ഭൂഷൺ ശരൺ സിങ് എംപി ദേശീയ ഗുസ്തി ചാംപ്യൻഷിപ്പിൽ മുഖ്യാതിഥിയായി. അന്വേഷണ റിപ്പോർട്ട് ലഭിക്കും വരെ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തു നിന്നു ബ്രിജ് ഭൂഷൺ മാറി നിൽക്കുമെന്നായിരുന്നു ഗുസ്തി താരങ്ങളുമായി ചർച്ചയിൽ കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ഉറപ്പ്.
എന്നാൽ, മന്ത്രിയുടെ പ്രഖ്യാപനം വന്നു മണിക്കൂറുകൾക്കുള്ളിൽ ബ്രിജ് ഭൂഷൺ ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള നന്ദിനിനഗർ സ്റ്റേഡിയത്തിൽ ദേശീയ സീനിയർ ഓപ്പൺ നാഷനൽ റാങ്കിങ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കായിക മന്ത്രി അനുരാഗ് ഠാക്കൂറും ഉൾപ്പെടെ പ്രമുഖരെ ടാഗ് ചെയ്ത് ഉദ്ഘാടന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
വേദിയിൽ ബ്രിജ് ഭൂഷണിനെ സംഘാടകരും ഫെഡറേഷൻ ഭാരവാഹികളും പൂമാലയിട്ടാണ് സ്വീകരിച്ചത്. ഫെഡറേഷൻ പ്രസിഡന്റെന്ന മട്ടിൽ തന്നെ അനൗൺസ്മെന്റുകളും മുഴങ്ങി. ന്യൂഡൽഹി ജന്തർ മന്തറിൽ നടത്തിവന്ന സമരം അവസാനിപ്പിക്കുന്നതിനായി വെള്ളിയാഴ്ച രാത്രി താരങ്ങളുമായി നടത്തിയ ചർച്ചയിലാണ് ബ്രിജ് ഭൂഷൺ മാറി നിൽക്കുമെന്നു കായിക മന്ത്രി പ്രഖ്യാപിച്ചത്. 5 മണിക്കൂർ നീണ്ട ചർച്ച ഇന്നലെ പുലർച്ചെയാണ് അവസാനിച്ചത്.
തുടർന്ന് താരങ്ങളെ കൂടി പങ്കെടുപ്പിച്ചു പത്രസമ്മേളനം വിളിച്ച മന്ത്രി സമരം അവസാനിച്ച വിവരം അറിയിക്കുകയും ചെയ്തു. ബ്രിജ് ഭൂഷണിനെ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുമെന്ന വാഗ്ദാനം പാലിക്കാത്തതിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച ഗുസ്തി താരങ്ങൾ ഒത്തുത്തീർപ്പു ഫോർമുല വച്ചു മന്ത്രാലയം തങ്ങളെ വഞ്ചിച്ചെന്നു തുറന്നടിച്ചു.
∙ താരങ്ങളുടെ പരാതി തള്ളി ഫെഡറേഷൻ റിപ്പോർട്ട്
ബ്രിജ് ഭൂഷൺ ശരൺ സിങ് എംപിക്കും ചില കോച്ചുമാർക്കുമെതിരെ ഗുസ്തി താരങ്ങൾ ഉയർത്തിയ ആരോപണങ്ങൾ തള്ളി ദേശീയ ഗുസ്തി ഫെഡറേഷൻ കായിക മന്ത്രാലയത്തിനു പ്രാഥമിക റിപ്പോർട്ട് നൽകി. താരങ്ങൾ ഉയർത്തിയ ആരോപണങ്ങൾക്കു പിന്നിൽ ചില വ്യക്തി താൽപര്യങ്ങളുണ്ടാകാം. അല്ലെങ്കിൽ, ഭരണസമിതിയെ അപകീർത്തിപ്പെടുത്താൻ ആരെങ്കിലും സമ്മർദം ചെലുത്തുന്നുണ്ടാകാം– ഫെഡറേഷൻ മന്ത്രാലയത്തെ അറിയിച്ചു.
തിരഞ്ഞെടുക്കപ്പെട്ട സമിതി ഭരണഘടനാ പ്രകാരമാണ് ഭരണനിർവഹണം നടത്തുന്നത്. അതുകൊണ്ടുതന്നെ പ്രസിഡന്റ് ഉൾപ്പെടെ ആർക്കും ഇതു മോശം രീതിയിൽ കൈകാര്യം ചെയ്യാനാകില്ല. ദേശീയ, രാജ്യാന്തര തലത്തിൽ ഗുസ്തിയുടെ പ്രശസ്തി വർധിപ്പിക്കാൻ ഫെഡറേഷനു കഴിഞ്ഞു. സുതാര്യ, കർശന നടപടികളിലൂടെയല്ലാതെ ഇതു സാധ്യമാകില്ല എന്നിങ്ങനെ വ്യക്തമാക്കിയാണ് റിപ്പോർട്ട് നൽകിയത്.
∙ ഐഒഎ റിപ്പോർട്ട് 10 ദിവസത്തിനകം
ഗുസ്തി ഫെഡറേഷനിലെ ലൈംഗിക ചൂഷണ പരാതികൾ അന്വേഷിക്കാൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) നിയോഗിച്ച 7 അംഗ സമിതിയുടെ റിപ്പോർട്ട് 8–10 ദിവസത്തിനുള്ളിൽ. ബോക്സിങ് താരം മേരി കോം ഉൾപ്പെടുന്ന 7 അംഗ സമിതിയെയാണ് ഐഒഎ നിയോഗിച്ചത്. സമിതിയുടെ റിപ്പോർട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കായിക മന്ത്രിക്കും കൈമാറുമെന്നാണു വ്യക്തമാക്കിയിരിക്കുന്നത്. ലൈംഗികാരോപണം ഉന്നയിച്ച താരങ്ങൾ ഐഒഎയ്ക്ക് കത്തെഴുതിയതിനു പിന്നാലെയാണ് ഐഒഎ അടിയന്തര യോഗം വിളിച്ചത്.
അതേസമയം, ഫെഡറേഷനെതിരായ പരാതികൾ കൃത്യമായ വേദികളിൽ ഉന്നയിക്കുന്നതിനു മുൻപ് പൊതുജനമധ്യത്തിൽ അവതരിപ്പിച്ച താരങ്ങളുടെ രീതിയിൽ ഒളിംപിക് അസോസിയേഷനും കായിക മന്ത്രാലയവും നീരസം അറിയിച്ചു. പ്രതിഷേധം ആഗ്രഹിച്ചതല്ലെന്നും ഇതിനു നിർബന്ധിതരായതാണെന്നും താരങ്ങൾ കായിക മന്ത്രിയോടു പറഞ്ഞിരുന്നു.
∙ പുറത്താക്കാനാകില്ലെന്ന് ബ്രിജ് ഭൂഷൺ ക്യാംപ്
തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനത്തെത്തിയ ബ്രിജ് ഭൂഷണിനെ നീക്കാൻ ഫെഡറേഷന് അല്ലാതെ മറ്റാർക്കും കഴിയില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റെ അടുപ്പക്കാർക്ക്. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ ഭരണഘടന പ്രകാരം, ചട്ട ലംഘനം നടത്തുകയോ രാജ്യാന്തര ഒളിംപിക് അസോസിയേഷൻ അംഗീകാരം എടുത്തുകളയുകയോ ചെയ്യാതെ ദേശീയ ഫെഡറേഷനുകളെ നേരിട്ടു പിരിച്ചുവിടാൻ കഴിയില്ലെന്ന പ്രശ്നം കായിക മന്ത്രാലയവും താരങ്ങളെ അറിയിച്ചിരുന്നു.
ആരോപണം ഉയർത്തിയതല്ലാതെ താരങ്ങൾ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നതും കായിക മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതിനിടെ ഇന്നു നടക്കുന്ന ഫെഡറേഷന്റെ വാർഷിക പൊതുയോഗത്തിൽ ബ്രിജ് ഭൂഷൺ സംസാരിക്കും. നിലവിലെ സാഹചര്യത്തെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചും വിശദീകരിക്കുമെന്നാണ് സൂചന.
English Summary : Brij Bhushan Sharan Singh as national wrestling chief guest