ADVERTISEMENT

ഭുവനേശ്വർ ∙ ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമാക്കി ക്രോസ് ഓവർ റൗണ്ട് മത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസീലൻഡിനെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വൈകിട്ട് 7നാണ് മത്സരം. ജയിക്കുന്ന ടീമിനു ക്വാർട്ടറിലെത്താം. പൂൾ ഡിയിൽ ഇംഗ്ലണ്ടിനു പിന്നിൽ രണ്ടാമതായിരുന്നു ഇന്ത്യ. പൂൾ സി മൂന്നാം സ്ഥാനക്കാരാണ് ന്യൂസീലൻഡ്. ഇരുടീമും ഇതുവരെ 44 തവണ നേർക്കുനേർ കണ്ടുമുട്ടിയപ്പോൾ 24 കളികൾ ഇന്ത്യ ജയിച്ചു. 15 കളികളിൽ ജയം ന്യൂസീലൻഡിന്.  5 മത്സരം സമനിലയായി. ടൂർണമെന്റിൽ ഇന്ത്യ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലെങ്കിലും മുന്നേറ്റ നിരയുടെ മോശം ഫോം വെയ്ൽസിനെതിരായ അവസാന മത്സരത്തിലും പ്രകടമായിരുന്നു. 

8 ഗോൾ വ്യത്യാസത്തിൽ ദുർബലരായ വെയ്ൽസിനെ തോൽപിച്ചിരുന്നെങ്കിൽ പൂൾ ചാംപ്യന്മാരായി ഇന്ത്യയ്ക്ക് നേരിട്ടു ക്വാർട്ടറിലെത്താമായിരുന്നു. എന്നാൽ അവസാന ക്വാർട്ടറിൽ നേടിയ രണ്ട് ഗോളിലാണ് ഇന്ത്യ ജയിച്ചത്. ആദ്യ രണ്ടു മത്സരങ്ങളിലും ഗോൾ വഴങ്ങാത്ത പ്രതിരോധനിര വെയ്ൽസിനെതിരെ 2 ഗോൾ വഴങ്ങുകയും ചെയ്തു. 

പരുക്ക് ഭേദമാകാത്തതിനെ തുടർന്ന് മധ്യനിരതാരം ഹാർദിക് സിങ് ടീമിൽ നിന്നു പുറത്തായതും ഇന്ത്യയ്ക്കു തിരിച്ചടിയാകും.  ഹാർദിക്കിനു പകരം രാജ്കുമാർ പാൽ കളിച്ചേക്കും. ലോക റാങ്കിങ്ങിൽ 12–ാം സ്ഥാനത്തുള്ള ന്യൂസീലൻഡ് പൂൾ സിയിൽ ഒരു മത്സരം മാത്രമാണ് ജയിച്ചത്. 2 മത്സരം തോറ്റു. ലോക റാങ്കിങ്ങിൽ ആറാമതാണ് ഇന്ത്യ. ഇന്നു ജയിക്കുന്നവർ ചൊവ്വാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ ബൽജിയത്തെ നേരിടും. മലേഷ്യ–സ്പെയിൻ ആണ് ഇന്നത്തെ മറ്റൊരു ക്രോസ് ഓവർ മത്സരം. കലിംഗ സ്റ്റേഡിയത്തിൽ വൈകിട്ട് 4.30നാണ് മത്സരം.

English Summary : World cup hockey cross over matches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com