ഗുസ്തി: മേരി കോം സമിതി അന്വേഷിക്കും
Mail This Article
ന്യൂഡൽഹി ∙ ലൈംഗികാരോപണ വിവാദച്ചുഴിയിൽപെട്ട ദേശീയ ഗുസ്തി ഫെഡറേഷന്റെ മേൽനോട്ടച്ചുമതല ബോക്സിങ് താരം എം.സി.മേരി കോം അധ്യക്ഷയായ അഞ്ചംഗ സമിതിയെ ഏൽപിച്ചു. ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനും ചില പരിശീലകർക്കുമെതിരായ ലൈംഗികാരോപണങ്ങളെക്കുറിച്ചും സമിതി അന്വേഷിക്കും. 4 ആഴ്ചയ്ക്കകം കായികമന്ത്രാലയത്തിനു റിപ്പോർട്ട് നൽകും.
നേരത്തെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നിയോഗിച്ച ഏഴംഗ സമിതിയുടെയും അധ്യക്ഷ മേരി കോം തന്നെയായിരുന്നു. ഗുസ്തിതാരം യോഗേശ്വർ ദത്ത്, ബാഡ്മിന്റൻ താരം തൃപ്തി മുർഗുണ്ടെ, ടാർഗറ്റ് ഒളിംപിക് പോഡിയം സ്കീം ക്യാപ്റ്റൻ രാജഗോപാലൻ, സായ് എക്സിക്യൂട്ടീവ് ഡയറക്ടർ രാധിക ശ്രീമാൻ എന്നിവരാണു സമിതിയിലെ മറ്റംഗങ്ങൾ. ഇടക്കാല നടപടിയെന്ന നിലയിലാണു നിയമനം.
രാജ്യാന്തര വിലക്ക് വന്നേക്കും
ന്യൂഡൽഹി ∙ ലൈംഗികാരോപണ വിവാദത്തെ തുടർന്നു ഗുസ്തി ഫെഡറേഷൻ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ചാംപ്യൻഷിപ്പുകൾ കേന്ദ്ര സർക്കാർ റദ്ദാക്കിയതു തിരിച്ചടിയായേക്കും. ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെട്ടതായി വിലയിരുത്തപ്പെട്ടാൽ രാജ്യാന്തര വിലക്കുണ്ടാകും.
English Sumary: Wrestling controversy: Mary Kom committee will investigate