ഇഷ്ടക്കാർക്ക് ലക്ഷങ്ങൾ; സ്പോര്‍ട്സ് ഹോസ്റ്റലിലെ ഭക്ഷണകുടിശ്ശിക തീർക്കാൻ സര്‍ക്കാരിനു പണമില്ല
Mail This Article
കോട്ടയം ∙ സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകളിലെ കായിക താരങ്ങളുടെ ഭക്ഷണകുടിശ്ശികയ്ക്ക് ബജറ്റിലൂടെ പരിഹാരം കാണാത്ത സർക്കാർ, ഇഷ്ടക്കാരായ കായിക അസോസിയേഷനുകൾക്ക് വാരിക്കോരി നൽകിയത് ലക്ഷങ്ങൾ. കേരള റേസ് ബോട്ട് ആൻഡ് അമച്വർ റോവിങ് അസോസിയേഷന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അനുവദിച്ചത് 35 ലക്ഷം രൂപ. ഹോക്കി അസോസിയേഷനായി 10 ലക്ഷം രൂപയും നീക്കിവച്ചു.
സംസ്ഥാന സ്പോർട്സ് കൗൺസിലും സ്പോർട്സ് ഡയറക്ടറേറ്റും കായിക അസോസിയേഷനുകൾക്ക് പ്രതിവർഷം നൽകുന്ന ധനസഹായത്തിനു പുറമേയാണ് ഈ തുക. കായിക വകുപ്പിന്റെ ഭാഗമല്ലാതെ പ്രവർത്തിക്കുന്ന കേരള ഒളിംപിക് അസോസിയേഷനും 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ അത്‍ലറ്റിക്സ് ഉൾപ്പെടെ കേരളത്തിനായി രാജ്യാന്തര മെഡലുകൾ നേടിത്തരുന്ന ഇനങ്ങളെ ബജറ്റിൽ പരിഗണിച്ചില്ല.
സംസ്ഥാന സ്പോർട്സ് കൗൺസിലിനു കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകളിലെ കുട്ടികൾക്ക് ഭക്ഷണത്തിനായി സർക്കാർ നൽകുന്ന 250 രൂപയുടെ പ്രതിദിന അലവൻസ് 9 മാസമായി മുടങ്ങിയിരിക്കുകയാണ്. ഇതുമൂലം സംസ്ഥാനത്തെ 105 ഹോസ്റ്റലുകളുടെ പ്രവർത്തനമാണ് പ്രതിസന്ധിയിലായത്. ഭക്ഷണകുടിശ്ശികയ്ക്കു അടിയന്തര പരിഹാരം കാണാൻ ബജറ്റിൽ കൗൺസിലിനു പ്രത്യേക ഫണ്ട് അനുവദിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
പരിശീലന ക്യാംപുകൾ, കായിക മത്സരങ്ങളുടെ നടത്തിപ്പ്, ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ദിനബത്ത എന്നിവയ്ക്കായി കായിക അസോസിയേഷനുകൾക്ക് സ്പോർട്സ് കൗൺസിൽ വഴി സംസ്ഥാന സർക്കാർ എല്ലാവർഷവും ഗ്രാന്റ് അനുവദിക്കാറുണ്ട്. ഈയിനത്തിൽ മിക്ക അസോസിയേഷനുകൾക്കും സ്പോർട്സ് കൗൺസിൽ ലക്ഷങ്ങൾ നൽകാനുണ്ട്. കേരള ഫുട്ബോൾ അസോസിയേഷന് 40 ലക്ഷം രൂപയും ബാസ്കറ്റ്ബോൾ അസോസിയേഷന് 15 ലക്ഷം രൂപയും ലഭിക്കാനുണ്ടെന്നാണ് വിവരം. എന്നാൽ ഈ കുടിശ്ശിക തീർക്കാൻ കൗൺസിലിനും ബജറ്റിൽ അധിക ഫണ്ട് ലഭിച്ചിട്ടില്ല.
English Summary : Thirty five lakhs for Rowing association in Kerala budget 2023