ഇന്ത്യയുടെ വെളളിനക്ഷത്രം
Mail This Article
വീഴ്ചകളിൽ പതറാതെ, വീറോടെ ഉയിർത്തെഴുന്നേൽക്കുന്ന നിശ്ചയദാർഢ്യത്തിന്റെ പേരാണ് അബ്ദുല്ല അബൂബക്കർ. 11 വർഷം നീണ്ട അത്‍ലറ്റിക്സ് കരിയറിന്റെ പകുതിയിലേറെ അബ്ദുല്ല പരുക്കിന്റെ പിടിയിലായിരുന്നു. കാൽപാദം, കാൽമുട്ട്, കാൽക്കുഴ എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായെത്തിയ പരുക്കുകൾ അബ്ദുല്ലയെ ഗ്രൗണ്ടിനു പുറത്തു നിർത്തി. കഴിഞ്ഞവർഷത്തെ കോമൺവെൽത്ത് ഗെയിംസിന് തൊട്ടുമുൻപ് വലതുകാൽപാദത്തിലേറ്റ പരുക്കായിരുന്നു ഒടുവിൽ നേരിട്ട തിരിച്ചടി. വേദന കടിച്ചമർത്തി ട്രിപ്പിൾ ജംപിൽ മത്സരിച്ച അബ്ദുല്ല രാജ്യത്തിനു സമ്മാനിച്ചത് പൊന്നിൻ തിളക്കമുള്ള വെളളി മെഡൽ. മലയാളികളുടെ ആവേശപ്പോരാട്ടം നടന്ന കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപ് ഫൈനലിൽ സ്വർണം നേടിയ എൽദോസ് പോളിനെക്കാൾ ഒരു സെന്റിമീറ്റർ മാത്രം പിന്നിലായിരുന്നു അബ്ദുല്ലയുടെ ജംപ്.
ട്രിപ്പിൾ ജംപിൽ ചുവടുറപ്പിക്കും മുൻപ് അത്‍ലറ്റിക്സിൽ ഓൾറൗണ്ടറായിരുന്നു കോഴിക്കോട് നാദാപുരം വളയം സ്വദേശിയായ അബ്ദുല്ല. സ്പ്രിന്റ്, ഹൈജംപ്, ലോങ്ജംപ്, ഹർഡിൽസ് എന്നിങ്ങനെ മിക്ക ഇനങ്ങളിലും മത്സരിച്ചു നോക്കി. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ പാലക്കാട് കല്ലടി കുമരംപുത്തൂർ എച്ച്എസ്എസിൽ ചേർന്നശേഷമാണ് ട്രിപ്പിൾ ജംപിൽ വിദഗ്ധ പരിശീലനം ആരംഭിച്ചത്. കൃത്യം ഒരുവർഷത്തിനുശേഷം സംസ്ഥാന, ദേശീയ സ്കൂൾ കായികമേളകളിൽ സ്വർണം നേടിയതോടെ ട്രിപ്പിൾ ജംപിലെ ഭാവി വാഗ്ദാനമായി അബ്ദുല്ല അറിയപ്പെട്ടു തുടങ്ങി. 2015ൽ ജൂനിയർ വിഭാഗത്തിൽ ദേശീയ ചാംപ്യനായ ശേഷമാണ് തുടർ പരുക്കുകൾ അബ്ദുല്ലയെ ബുദ്ധിമുട്ടിച്ചു തുടങ്ങിയത്. ഇതിനിടെ, 2017ൽ സ്പോർട്സ് ക്വോട്ടയിൽ ഇന്ത്യൻ വ്യോമസേനയിലും അബ്ദുല്ലയ്ക്കു ജോലി ലഭിച്ചു.
ട്രിപ്പിൾ ജംപിൽ അബ്ദുല്ലയുടെ സുവർണ വർഷമാണ് 2022. മേയിൽ ഭുവനേശ്വറിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി അത്‍ലറ്റിക്സിൽ 17.19 മീറ്റർ ചാടി സ്വർണം നേടിയായിരുന്നു തുടക്കം. രഞ്ജിത് മഹേശ്വരിക്കു ശേഷം ട്രിപ്പിൾ ജംപിൽ ഒരു ഇന്ത്യൻ അത്‌ലീറ്റിന്റെ മികച്ച പ്രകടനമായിരുന്നു അത്. സീനിയർ വിഭാഗത്തിലെ ദേശീയ സ്വർണത്തിനായുള്ള കാത്തിരിപ്പും അതോടെ അവസാനിച്ചു. ചെന്നൈയിൽ നടന്ന ദേശീയ സീനിയർ അത്‌ലറ്റിക്സിൽ വെള്ളി നേടിയ അബ്ദുല്ല ട്രിപ്പിൾ ജംപിലെ സ്വപ്ന ദൂരമായി കണക്കാക്കപ്പെടുന്ന 17 മീറ്റർ കടമ്പ വീണ്ടും കടന്ന് (17.14 മീറ്റർ) കരുത്തുകാട്ടി.
കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപ് ഫൈനലിലെ ആദ്യ 4 ജംപുകൾ പൂർത്തിയാകുമ്പോൾ മെഡൽ സാധ്യതാ പട്ടികയ്ക്കു പുറത്തായിരുന്നു അബ്ദുല്ല. എന്നാൽ അഞ്ചാം ഊഴത്തിലെ 17.02 മീറ്റർ ജംപിലൂടെ വെള്ളി മെഡലിന് അർഹനായി. 3 തവണ 17 മീറ്റർ പിന്നിടുന്ന ആദ്യ ഇന്ത്യൻ അത്‌ലീറ്റ് എന്ന നേട്ടവും അബ്ദുല്ലയ്ക്കു സ്വന്തമായി.
ലോക നേട്ടങ്ങളിലേക്കുള്ള യാത്ര തുടങ്ങിയിട്ടേയുള്ളൂവെന്നു തെളിയിക്കുന്നതാണ് ട്രിപ്പിൾ ജംപിലെ അബ്ദുല്ല അബൂബക്കറിന്റെ സമീപകാല പ്രകടനങ്ങൾ. ഏഷ്യൻ ഗെയിംസും ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പും ഈ വർഷം നടക്കാനിരിക്കെ അബ്ദുല്ലയ്ക്കു മേൽ രാജ്യത്തിന്റെ പ്രതീക്ഷയുടെ ഭാരമുണ്ട്. ആ പ്രതീക്ഷകളെ മെഡലുകളാക്കി മാറ്റാനുറച്ച് ബെംഗളൂരുവിലെ ദേശീയ ക്യാംപിൽ കഠിന പരിശീലനത്തിലാണ് ഈ 27 വയസ്സുകാരൻ.
English Summary: Manorama Sports Star 2022, Abdulla Aboobacker