ADVERTISEMENT

കൊച്ചി ∙ ‘‘ഏതു സ്പോർട്സും നന്നായി ബ്രാൻഡ് ചെയ്ത് ടെലിവിഷനിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ചാൽ അതിന് ആരാധകരുണ്ടാകും. ഈ സ്റ്റേഡിയം തന്നെ അതിനു തെളിവ് ’’– കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പ്രൈം വോളി ഫൈനലിനെത്തിയ കാണികളുടെ എണ്ണം ഓർമിപ്പിച്ച് പ്രൈം വോളിബോൾ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറയുന്നു.

സ്പോർട്സ് മാർക്കറ്റിങ്ങിൽ ഇന്ത്യയിലെ മുൻനിരക്കാരനാണ് എഴുത്തുകാരനും ക്വിസ് അവതാരകനും ക്രിക്കറ്റ് പണ്ഡിതനുമായ ജോയ് ഭട്ടാചാര്യ. ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുൻ ഡയറക്ടറായിരുന്ന ജോയ് ഇന്ത്യ ആതിഥ്യം വഹിച്ച അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ ഡയറക്ടറുമായിരുന്നു.

‘‘വോളിബോൾ കളിയിൽ ഞങ്ങൾ പുതിയ പരീക്ഷണങ്ങൾ കൊണ്ടുവന്നു. 15 പോയിന്റുള്ള സെറ്റുകൾ, സൂപ്പർ പോയിന്റ്, സൂപ്പർ സർവ് തുടങ്ങി പ്രൈം വോളിയിലെ പരീക്ഷണങ്ങൾ ലോകം മുഴുവൻ ശ്രദ്ധിച്ചു. ഫൈനൽ കാണാൻ എഫ്ഐവിബിയിൽ (ഫെഡറേഷൻ ഓഫ് ഇന്റർനാഷനൽ വോളിബോൾ)നിന്ന് ഡയറക്ടർ ജനറൽ ഫാബിയോ അസ്‌വെദോ ഉൾപ്പെടെയുള്ള പ്രമുഖരാണ് കൊച്ചിയിലെത്തിയത് ’’

‘‘സ്വന്തം ടീം 2 കളി തോ‍ൽക്കുമ്പോൾ ആരാധകരെ നഷ്ടമാകുന്ന അവസ്ഥയാണ് ഇന്ത്യൻ ഫുട്ബോളിലേത്. കേരള ബ്ലാസ്റ്റേഴ്സ് ഒഴികെ ഒരു ഐഎസ്എൽ ടീമിനും ശക്തമായ ആരാധക പിന്തുണയില്ല.  ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും പരമ്പരാഗതമായി ഉണ്ടായിരുന്ന ആരാധകർ ബംഗ്ലദേശ് പശ്ചാത്തലമുള്ളവരായിരുന്നു. ഇന്ന് ആ തലമുറയില്ല. പുതിയ തലമുറ ബംഗാളിൽ ജനിച്ചു വളർന്നവരാണ്. അവർക്ക് എല്ലാടീമും ഒരുപോലെയാണ്. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ നിങ്ങൾ ലിവർപൂളിന്റെ ഫാനാണെന്നിരിക്കട്ടെ. അതൊരു ആജീവനാന്ത ബന്ധമാണ്. നിങ്ങളുടെ കുഞ്ഞിനെ ലിവർപൂൾ ജഴ്സിയണിയിച്ച് ഗാലറിയിലേക്കു കൊണ്ടു പോകുന്നതടക്കം ആ ബന്ധം തുടർന്നുകൊണ്ടിരിക്കും. അത്തരമൊരു ഫുട്ബോൾ സംസ്കാരം ഇവിടെയും വരണം. അതിന് ഐഎസ്എൽ സീസൺ 6 മാസം പോരാ. 

ലോകത്ത് എല്ലാ ക്ലബ് സീസണുകളും 10 മാസമാണ്. ഫുട്ബോൾ ലോകകപ്പ് ഇവിടേക്ക് അത്ര അനായാസം കൊണ്ടുവരാവുന്ന ഒന്നല്ല. അതിനു വേണ്ടത് തുടർച്ചയായ ആസൂത്രണമാണ്. ഒരു ഭരണാധികാരി തന്റെ കാലത്ത് ലോകകപ്പ് നടത്തണമെന്ന് ആഗ്രഹിച്ചാൽ ലഭിക്കുന്ന കാര്യവുമല്ലത് ’’– ജോയ് പറയുന്നു.

ഐപിഎൽ ഇന്ത്യക്കാരുടെ ജീവിതശൈലിയുടെ ഭാഗമായി വളർന്നു കഴിഞ്ഞുവെന്നും ജോയ് ഭട്ടാചാര്യ നിരീക്ഷിക്കുന്നു. ആരംഭിച്ച് 5 വർഷത്തിനുള്ളിൽ ഐപിഎൽ 100 വർഷം പിന്നിട്ട പ്രമുഖ ലീഗുകളെ ബ്രാൻഡ് വാല്യുവിൽ പിന്നിലാക്കിയതു ചെറിയ കാര്യമല്ല.

‘‘ഇന്ത്യയിൽ ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പ് കഴിഞ്ഞാൽ 50 ഓവർ ക്രിക്കറ്റിന് ഇനിയൊരു ലോകകപ്പ് ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. അഥവാ നടന്നാലും അതിനു കാണികളും ഉണ്ടാകില്ല. ക്രിക്കറ്റിന്റെ ഭംഗി ട്വന്റി20യിലും ടെസ്റ്റിലും നിലനിൽക്കും’’– ജോയ് പറഞ്ഞു.

English summary : Prime Volley CEO Joy Bhatacharya speaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com