ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റനിൽ ട്രീസ– ഗായത്രി സഖ്യത്തിന് സെമിയിൽ തോൽവി
Mail This Article
ബർമിങ്ങാം ∙ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റനിൽ വിസ്മയക്കുതിപ്പ് നടത്തിയ ഇന്ത്യൻ കൗമാര താരങ്ങൾക്ക് സെമിയിൽ കാലിടറി. മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും ചേർന്നുള്ള വനിതാ ഡബിൾസ് ടീം സെമിഫൈനലിൽ ദക്ഷിണ കൊറിയയുടെ സീ സൊഹീ– ബെയ്ക് ഹാനെ സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്കോർ: 10-21 10-21. തുടർച്ചയായ രണ്ടാം വർഷമാണ് ട്രീസ– ഗായത്രി സഖ്യം ഓൾ ഇംഗ്ലണ്ടിന്റെ സെമിയിൽ കീഴടങ്ങുന്നത്. ഇത്തവണ ഓൾ ഇംഗ്ലണ്ടിൽ മത്സരിച്ച ഇന്ത്യൻ താരങ്ങളിൽ ക്വാർട്ടർ പിന്നിട്ടത് ഇവർ മാത്രമാണ്.
വൻ താരങ്ങളെ അട്ടിമറിച്ച് ടൂർണമെന്റിൽ ശ്രദ്ധ നേടിയ ട്രീസയ്ക്കും ഗായത്രിക്കും സെമിയിൽ പരിചയ സമ്പന്നരായ കൊറിയൻ സഖ്യത്തിനു വെല്ലുവിളിയുയർത്താനായില്ല. 46 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടത്. കൊറിയൻ ടീം തുടരെ ആക്രമണം അഴിച്ചുവിട്ടതോടെ മത്സരത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ സഖ്യം പ്രതിരോധത്തിലായി. റാലികളിലൂടെ മേധാവിത്വം നേടിയെടുത്ത കൊറിയൻ ടീം ഇന്ത്യൻ താരങ്ങളെ പിഴവുകൾക്കു പ്രേരിപ്പിച്ചു.
ആദ്യ ഗെയിമിന്റെ തുടക്കത്തിൽ 4–0ന് ലീഡ് നേടി കുതിച്ച കൊറിയൻ സഖ്യം ആദ്യ പകുതിയിൽ 11-5ന് മുന്നിലായിരുന്നു. ട്രീസയും ഗായത്രിയും തിരിച്ചടിച്ചതോടെ 14–10 ആയി ലീഡ് കുറഞ്ഞു. അതിനുശേഷം തുടർച്ചയായി 7 പോയിന്റ് നേടിയാണ് കൊറിയ ഗെയിം സ്വന്തമാക്കിയത്. രണ്ടാം ഗെയിമിന്റെ തുടക്കത്തിൽ 2–11ന് പിന്നിലായ ഇന്ത്യൻ താരങ്ങൾക്ക് മത്സരത്തിലേക്കു തിരിച്ചുവരാനായില്ല.
English Summary : Treesa Jolly, Gayatri Gopichand fall in all England Badminton semi final match