ചരിത്രം പിറക്കുമോ? ഗോൾഡൻ ഗ്ലോബിൽ ഒന്നാം സ്ഥാനത്ത് അഭിലാഷ് ടോമിയുടെ കുതിപ്പ്
Mail This Article
ലെ സാബ്‌ലെ ദെലോൻ (ഫ്രാൻസ്) ∙ സാഹസിക കടൽ യാത്രയായ ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുക്കുന്ന മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമി ഒന്നാം സ്ഥാനത്ത്. മത്സരം ഫിനിഷിങ് പോയിന്റായ ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോനിലേക്ക് അടുക്കുന്ന നേരത്താണ് ആവേശകരമായ കുതിപ്പോടെ അഭിലാഷ് ലീഡ് നേടിയത്. നേരത്തേ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന, ഏക വനിതാ മത്സരാർഥി കിഴ്സ്റ്റൻ നോയ്ഷെയ്ഫറിനെയാണ് അഭിലാഷ് പിന്നിലാക്കിയത്.
കിഴ്സ്റ്റന്റെ വഞ്ചിയെക്കാൾ 26 നോട്ടിക്കൽ മൈൽ മുന്നിലാണിപ്പോൾ അഭിലാഷ്. എന്നാൽ, മത്സരത്തിൽ ജേതാവാകണമെങ്കിൽ അഭിലാഷിന് ഇനിയും ലീഡ് വർധിപ്പിക്കണം. മുൻപ് അപകടത്തിൽപെട്ട സഹനാവികനെ രക്ഷപ്പെടുത്തിയതിനു കേഴ്സറ്റണ് 24 മണിക്കൂർ അധികസമയത്തിന്റെ ആനുകൂല്യമുണ്ട്. വരും ദിവസങ്ങളിൽ ലീഡ് വർധിപ്പിച്ചാൽ കൊച്ചി കണ്ടനാട് സ്വദേശിയായ അഭിലാഷ് ടോമിക്ക് ഒന്നാം സ്ഥാനത്തെത്തി ചരിത്രം സൃഷ്ടിക്കാം.
ഫ്രാൻസിലെ കടൽത്തീരനഗരമായ ലെ സാബ്‌ലെ ദെലോനിൽനിന്ന് കഴിഞ്ഞ സെപ്റ്റംബർ നാലിന് ആരംഭിച്ച മത്സരം ഇന്ന് 226 ദിവസം പിന്നിട്ടു. അഭിലാഷിന് ഇനി ഫിനിഷിങ് പോയിന്റിലേക്ക് ഏകദേശം 2000 കിലോമീറ്റർ ദൂരം കൂടിയാണു ബാക്കിയുള്ളത്. 16 പേരുമായി ആരംഭിച്ച മത്സരത്തിൽ ഇനി 3 പേർ മാത്രമാണു ശേഷിക്കുന്നത്. ബാക്കിയുള്ളവർ അപകടം, വഞ്ചിയുടെ തകരാർ തുടങ്ങിയ കാരണങ്ങളാൽ മത്സരത്തിൽനിന്ന് ഇടയ്ക്കു വച്ചു പിന്മാറി.
50 വർഷം മുൻപത്തെ സമുദ്രപര്യവേക്ഷണ സംവിധാനങ്ങൾ മാത്രം ഉപയോഗിച്ചുള്ളതാണ് മത്സരം. ജിപിഎസ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളുടെ സഹായമില്ലാതെ മാപ്പുകളും ചാർട്ടുകളും വടക്കുനോക്കിയന്ത്രവും ഉപയോഗിച്ചാണ് മത്സരാർഥികൾ സഞ്ചാരദിശ തീരുമാനിക്കുന്നത്. കാറ്റിന്റെ മാത്രം സഹായത്താൽ പ്രവർത്തിക്കുന്ന വഞ്ചിയിൽ ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ പരസഹായം തേടാതെ തുടങ്ങിയിടത്തുതന്നെ തിരികെ എത്തുകയെന്നതാണ് ഗോൾഡൻ ഗ്ലോബ് മത്സരം. മഹാസമുദ്രങ്ങളിലൂടെ ഏകദേശം ഏകദേശം 48,000 കിലോമീറ്റർ സഞ്ചരിച്ചാലാണ് മത്സരം പൂർത്തിയാവുക.
English Summary: Abhilash Tomy leading in Golden Globe race