സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർക്കണം, ലണ്ടൻ ഒളിംപിക്സിലെ വെള്ളി മെഡൽ വിൽപനയ്ക്കുവച്ച് താരം
Mail This Article
മോണക്കോ ∙ ഉത്തേജകം ഉപയോഗിച്ചതിന് 3 വർഷത്തെ വിലക്കു നേരിടുന്ന ബോട്സ്വാന അത്‌ലീറ്റ് തന്റെ ഒളിംപിക്സ് മെഡൽ വിൽക്കാനൊരുങ്ങുന്നു. 2012 ലണ്ടൻ ഒളിംപിക്സിൽ പുരുഷൻമാരുടെ 800 മീറ്ററിൽ വെള്ളി നേടിയ നിജൽ എയ്മസാണ് കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കു പരിഹാരം കാണാൻ മെഡൽ വിൽപനയ്ക്കു വച്ചത്.
ബോട്സ്വാനയുടെ ആദ്യ ഒളിംപിക്സ് മെഡൽ ജേതാവായ എയ്മസ് അത്‍ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് കഴിഞ്ഞ വർഷം നടത്തിയ ഉത്തേജക പരിശോധനയിലാണ് കുടുങ്ങിയത്. കുറ്റം സമ്മതിച്ചതോടെ 4 വർഷത്തെ വിലക്ക് 3 വർഷമാക്കി കുറച്ചു. 3.39 ലക്ഷം യുഎസ് ഡോളറിന് (ഏകദേശം 2.8 കോടി രൂപ) മെഡൽ വാങ്ങാൻ ഒരു ടീം തന്നെ സമീപിച്ചതായി നിജൽ എയ്മസ് വ്യക്തമാക്കി.
എന്നാൽ എയ്മസിന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി ഒടിടി പ്ലാറ്റ്ഫോമിൽ ഉടൻ റിലീസ് ചെയ്യുന്നുണ്ട്. അതിനുശേഷം മെഡലിന്റെ മൂല്യം 5.58 ലക്ഷം യുഎസ് ഡോളറായി ഉയരുമെന്നാണ് താരത്തിന്റെ കണക്കുകൂട്ടൽ.
English Summary : Olympics medal for sale