കണക്കില്ലാത്ത വിലക്ക് ! ഉത്തേജക ഉപയോഗം കൂടുന്നു; എന്നിട്ടും പരിശോധനയില്ല
Mail This Article
ഉത്തേജക ഉപയോഗത്തിന്റെ പേരിൽ വിലക്ക് നേരിടുന്നത് രാജ്യത്തെ 84 അത്‌ലീറ്റുകൾ. കഴിഞ്ഞ വർഷം മാത്രം ശിക്ഷിക്കപ്പെട്ടത് 33 പേർ. ഇന്ത്യൻ അത്‌ലറ്റിക്സിൽ ഉത്തേജക ഉപയോഗം രൂക്ഷമെന്നു തെളിയിക്കുന്ന കണക്കുകൾ പുറത്തുവന്നിട്ടും പരിശോധനയിൽ ഉഴപ്പി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ).
റാഞ്ചിയിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ പേരിനുമാത്രമാണ് നാഡയുടെ പരിശോധന. വിജയികളെ ഉത്തേജക പരിശോധനയ്ക്കു വിധേയരാക്കുന്നതിനു പകരം തിരഞ്ഞെടുത്ത ചില താരങ്ങളിൽ മാത്രമായി ഇത്തവണ പരിശോധന ഒതുക്കി. ചൊവ്വാഴ്ച നടന്ന പുരുഷ ഷോട്പുട്ടിൽ 3 പേർ ഏഷ്യൻ ചാംപ്യൻഷിപ് യോഗ്യതാ മാർക്ക് പിന്നിട്ടിരുന്നു. എന്നാൽ മത്സരാർഥികളിൽ ആർക്കും പരിശോധനയുണ്ടായില്ല.
ഇന്ത്യൻ അത്‌ലറ്റിക്സിൽ ഉത്തേജ വിവാദം രൂക്ഷമായതിനു പിന്നാലെ കഴിഞ്ഞവർഷം നടന്ന ദേശീയ സീനിയർ അത്‌ലറ്റിക്സിൽ ഓരോ ഇനത്തിലെയും ആദ്യ 3 സ്ഥാനക്കാരെ പരിശോധനയ്ക്കു വിധേയരാക്കാൻ അത്‌ലറ്റിക് ഫെഡറേഷൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇത്തവണ പരിശോധന സംബന്ധിച്ച് തങ്ങൾക്ക് ഫെഡറേഷനിൽ നിന്നു നിർദേശം ലഭിച്ചിട്ടില്ലെന്നാണ് നാഡയുടെ വാദം.
ഉത്തേജക പരിശോധന സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് നാഡയെന്നാണ് ഫെഡറേഷന്റെ മറുപടി. ദേശീയ അത്‌ലറ്റിക്സ് ക്യാംപ് അംഗങ്ങളെ നാഡ തുടർച്ചയായി ഉത്തേജക പരിശോധനയ്ക്കു വിധേയരാക്കാറുണ്ട്. വിദേശ രാജ്യങ്ങളിൽ പരിശീലനം നടത്തുന്ന ഇന്ത്യൻ താരങ്ങൾക്ക് വാഡയുടെ (രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസി) പരിശോധനയുമുണ്ട്. എന്നാൽ ദേശീയ ക്യാംപിന് പുറത്ത് പരിശീലിക്കുന്ന താരങ്ങളുടെ ഉത്തേജകം ഉപയോഗം നാഡ കണ്ടെത്തിവരുന്നത് ദേശീയ മത്സര വേദികളിൽ നടത്തുന്ന പരിശോധനകളിലൂടെയാണ്.
English Summary: NADA investigation in Federation Cup