ADVERTISEMENT

റാഞ്ചി ∙ ഒരേ വീട്ടിൽ ഒന്നിച്ചു കളിച്ചുവളർന്ന അനസും അനീസും ഇപ്പോൾ കണ്ടുമുട്ടണമെങ്കിൽ ഒരു ദേശീയ മീറ്റ് വരണം! 400 മീറ്ററിലെ ദേശീയ റെക്കോർഡ് ജേതാവ് മുഹമ്മദ് അനസും രാജ്യാന്തര ലോങ്ജംപ് താരം മുഹമ്മദ് അനീസുമാണ് ഒരേ റൂട്ടിൽ 2 ട്രാക്കിൽ ഓടുന്ന ഈ സുവർണ സഹോദരങ്ങൾ. 6 മാസത്തിനുശഷമുള്ള ഇരുവരുടെ കണ്ടുമുട്ടലിന് കഴിഞ്ഞദിവസം വേദിയായത് റാഞ്ചിയിലെ ബിർസ മുണ്ട സ്റ്റേഡിയമാണ്.

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ 400 മീറ്ററിൽ വെങ്കലം നേടിയ ജ്യേഷ്ഠൻ അനസും ലോങ്ജംപിൽ വെള്ളി നേടിയ അനുജൻ അനീസും ആ കൂടിക്കാഴ്ച മെഡലുകൾ കൊണ്ട് ആഘോഷമാക്കി. ഇരുവരും ചേർന്ന് ഇതിനകം കൊല്ലം നിലമേലിലെ വീട്ടിലെത്തിച്ച രാജ്യാന്തര മെഡലുകൾ തന്നെ മുപ്പതിലധികം വരും.

ബെംഗളൂരുവിലെ ദേശീയ ജംപ് ക്യാംപിൽ അനീസ് പരിശീലനം നടത്തുമ്പോൾ തിരുവനന്തപുരം എൽഎൻസിപിയിലെ സ്പ്രിന്റ് ക്യാംപിലാണ് അനസ് ഉള്ളത്. ഏഷ്യൻ ഗെയിംസ്, ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പ് എന്നിവ ലക്ഷ്യമിട്ടുള്ള കഠിന പരിശീലനത്തിലായതിനാൽ വീട്ടിലേക്ക് ഈ വർഷം ഇതുവരെ ഇരുവർക്കും പോകാനായിട്ടില്ല. റാഞ്ചിയിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ ഇന്നലെ ബെംഗളൂരു എയർപോർട്ടിൽ വച്ച് ഇരുവരും കൈകൊടുത്തു പിരിഞ്ഞു. അടുത്തമാസം നടക്കുന്ന സീനിയർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വച്ച് വീണ്ടും കാണാമെന്ന വാക്കോടെ.

ഇന്ത്യൻ അത്‌ലറ്റിസിലെ ‘അനിയൻ ബാവയും ചേട്ടൻ ബാവയും’ തമ്മിൽ ഒരു വയസ്സിന്റെ മാത്രം വ്യത്യാസമേയുള്ളൂ. ലോങ്ജംപിൽ മത്സരം തുടങ്ങിയ അനസ് പിന്നീട് സ്പ്രിന്റ് ഇനങ്ങളിലേക്ക് ചുവടു മാറ്റിയപ്പോൾ അനീസ് ഹൈജംപിൽ നിന്ന് ലോങ്ജംപിലേക്കു മാറുകയായായിരുന്നു. 

English Summary: Brothers Muhammed Anees and Muhammed Anas meeting after 6 months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com