അത്ലീറ്റുകളേ ഇതിലേ ഇതിലേ; ഇന്ത്യൻ അത്ലീറ്റുകളെ സ്വന്തമാക്കാൻ സ്വകാര്യ അക്കാദമികളുടെ മത്സരം
Mail This Article
ക്രിക്കറ്റിലും ഫുട്ബോളിലും എന്നതുപോലെ കളിക്കാരെ റാഞ്ചുന്ന ‘സ്കൗട്ടുകളുടെ’ തിരക്കായിരുന്നു റാഞ്ചിയിൽ നടന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിലും. സൗജന്യ പരിശീലനവും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മുൻനിര താരങ്ങളെ സ്വന്തമാക്കാൻ ബഹുരാഷ്ട്ര കമ്പനികൾ രംഗത്തെത്തുന്നതോടെ ഇന്ത്യൻ അത്‌ലറ്റിക്സിന്റെ മുഖഛായ മാറുകയാണ്. റിലയൻസ് ഫൗണ്ടേഷനും ജെഎസ്ഡബ്ല്യുവിന്റെ മേൽനോട്ടത്തിലുളള ഇൻസ്പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സുമാണ് ഇപ്പോൾ രാജ്യത്തെ മുൻനിര അത്‌ലീറ്റുകളുടെ സ്പോൺസർമാർ. വിദേശ പരിശീലകരെ രംഗത്തിറക്കിയും ദേശീയ ക്യാംപിനെ വെല്ലുന്ന പരിശീലന സൗകര്യങ്ങളൊരുക്കിയുമാണ് ഇവർ താരങ്ങളെ റാഞ്ചുന്നത്.
സൂപ്പർ താരങ്ങളെ കൊത്താൻ സ്വകാര്യ കമ്പനികൾ ഇത്തരത്തിൽ മത്സരിക്കുമ്പോൾ കുതിപ്പ് കിട്ടുന്നത് ഇന്ത്യൻ അത്‌ലറ്റിക്സിനാണ്. അതിനുള്ള തെളിവാണ് സമീപകാലങ്ങളിലെ ഇന്ത്യയുടെ രാജ്യാന്തര നേട്ടങ്ങൾ. ഒളിംപിക്സ് ചാംപ്യൻ നീരജ് ചോപ്ര, കോമൺവെൽത്ത് ചാംപ്യൻ എൽദോസ് പോൾ, കോമൺവെൽത്ത് മെഡൽ ജേതാക്കളായ എം.ശ്രീശങ്കർ, അബ്ദുല്ല അബൂബക്കർ, അവിനാഷ് സാബ്‌ലെ, അന്നു റാണി തുടങ്ങിയവരെയെല്ലാം സ്പോൺസർ ചെയ്യുന്നത് ജെഎസ്ഡബ്ല്യുവാണ്.
ഏഷ്യൻ ഗെയിംസ് ചാംപ്യൻ ജിൻസൻ ജോൺസൻ, 100 മീറ്റർ ഹർഡിൽസ് ദേശീയ റെക്കോർഡ് ജേതാക്കളായ ജ്യോതി യാരാജി (100 മീറ്റർ ഹർഡിൽസ്), അംലാൻ ബോർഗോഹെയ്ൻ (200 മീറ്റർ) തുടങ്ങിയവർ റിലയൻസിന്റെ സ്പോൺസർഷിപ്പിലുമാണ്. ദേശീയ ക്യാംപ് അംഗങ്ങൾക്ക് വിദേശ പരിശീലനത്തിനുള്ള സാമ്പത്തിക സഹായം, പ്രതിമാസ അലവൻസ്, മത്സര ഉപകരണങ്ങൾ എന്നിവയാണ് നൽകുന്നത്.
മറ്റ് അത്‌ലീറ്റുകൾക്ക് വിദേശ കോച്ചുകൾക്കു കീഴിൽ മികച്ച പരിശീലന സൗകര്യങ്ങളൊരുക്കുന്നു. ഭുവനേശ്വറിലും മുംബൈയിലുമായി പ്രവർത്തിക്കുന്ന റിലയൻസ് ഫൗണ്ടേഷൻ ഹൈ പെർഫോമൻസ് സെന്ററിന്റെ മുഖ്യ പരിശീലകൻ ഇംഗ്ലണ്ട് അത്‌ലറ്റിക്സ് ടീമിന്റെ മുൻ ചീഫ് കോച്ച് ജയിംസ് ഹില്ലിയറാണ്. 110 മീറ്റർ ഹർഡിൽസിൽ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവായ ക്യൂബയുടെ അനിയർ ഗാർഷ്യയാണ് കർണാടക ബെള്ളാരിയിലെ ഇൻസ്പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിന്റെ മുഖ്യ പരിശീലകൻ.
English Summary: Private companies to sponsor Indian athletes