ADVERTISEMENT

മോൺട്രിയോൾ ∙ ഏഷ്യൻ ഗെയിംസിന് ഒരുങ്ങുന്ന ഇന്ത്യൻ കായികരംഗത്തെ ഉത്തേജക വിവാദത്തിലേക്ക് വലിച്ചിഴച്ച് രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസിയുടെ (വാഡ) അന്വേഷണ റിപ്പോർട്ട്. വാഡയുടെ നിർദേശങ്ങളും രാജ്യാന്തര മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇന്ത്യയിൽ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) പരിശോധന നടത്തുന്നതെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. മുൻനിര അത്‌ലീറ്റുകളെ പരിശോധനയ്ക്കു വിധേയരാക്കുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. വാഡയ്ക്കു കീഴിലെ ഇൻഡിപെൻഡന്റ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റാണ് അന്വേഷണം നടത്തിയത്.

ഓഫ് സീസണിൽ അടക്കം ഉത്തേജക പരിശോധന നടത്തുന്നതിനു കായിക താരങ്ങളുടെ പൂർണ വിവരങ്ങൾ ദേശീയ ഏജൻസികളുടെ കൈവശമുണ്ടായിരിക്കണമെന്ന് നിർദേശമുണ്ട്. എന്നാൽ രാജ്യത്തെ 97 കായിക താരങ്ങളുടെ വിവരശേഖരണം നടത്തുന്നതിൽ നാഡയ്ക്കു വീഴ്ച സംഭവിച്ചു. നാഡയുടെ നിർബന്ധിത പരിശോധനാ ലിസ്റ്റിലുള്ള രാജ്യത്തെ 131 എലീറ്റ് അത്‍ലീറ്റുകളിൽ 28 പേരെ കഴിഞ്ഞവർഷം ഉത്തേജക പരിശോധനയ്ക്കു വിധേയരാക്കിയിട്ടില്ല.

ഇതിനു പുറമേ രാജ്യത്തെ 70 അത്‍ലീറ്റുകൾ ഉത്തേജക വിരുദ്ധ നിയമത്തിലെ ചട്ടങ്ങൾ ലംഘിച്ചെന്നും 12 പേർ ഉത്തേജകം ഉപയോഗിച്ചെന്നും വാഡ നേരിട്ടു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കഴി‍ഞ്ഞവർഷം കോമൺവെൽത്ത് ഗെയിംസിന് മുൻപായി രാജ്യത്തെ 13 മുൻനിര അത്‍ലീറ്റുകളിൽ വാ‍ഡ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. അതിൽ ഒരാൾ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടെന്നും 5 പേർ പരിശോധനയോട് സഹകരിക്കാതെ ഒഴിഞ്ഞുമാറിയെന്നും റിപ്പോർട്ടി‍ൽ പറയുന്നു. ഇന്ത്യയിലെ കായിക താരങ്ങളിൽ ഉത്തേജക പരിശോധന നടത്തുന്നതിന് നാഡയ്ക്കുള്ള സൗകര്യങ്ങൾ പരിമിതമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഉത്തേജക പരിശോധനാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് 2019ൽ ഇന്ത്യയിലെ ദേശീയ ഉത്തേജക പരിശോധനാ ലാബിന്റെ അംഗീകാരം വാഡ റദ്ദാക്കിയിരുന്നു.

5961

കഴിഞ്ഞ 2 വർഷത്തിനിടെ രാജ്യത്ത് 5961 ഉത്തേജക പരിശോധനകൾ നടത്തിയെന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) കണക്ക്. ഇതിൽ 1717 പരിശോധനകളും നടത്തിയത് അത്‌ലറ്റിക്സ് താരങ്ങളിലാണ് 

English Summary: WADA report exposes NADA's failures, doping irregularities in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com