ഏഷ്യൻ ഗെയിംസ് ഒരുക്കം; ഇന്ത്യയെക്കുറിച്ച് പഠിക്കാൻ ഇറാൻ വനിതാ കബഡി ടീം എത്തി
Mail This Article
ഏഷ്യൻ ഗെയിംസ് വനിതാ കബഡിയിലെ ഇന്ത്യയുടെ നമ്പർ വൺ എതിരാളി ഇപ്പോൾ ഇന്ത്യയിൽ തന്നെയുണ്ട്. 2018 ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഇന്ത്യയെ തോൽപിച്ച് സ്വർണം നേടിയ ഇറാന്റെ വനിതാ ടീം ഹാങ്ചൗ ഏഷ്യൻ ഗെയിംസിന് തയാറെടുക്കുന്നത് എതിരാളികളുടെ തട്ടകത്തിൽവച്ചാണ്. ഈ മാസമാദ്യം മുംബൈയിലെത്തിയ ഇറാൻ ടീം ഇവിടെ ഇതുവരെ 9 പരിശീലന മത്സരങ്ങൾ പൂർത്തിയാക്കി. അതിലൊന്ന് എതിരാളികളായ ഇന്ത്യൻ വനിതാ ടീമിനെതിരെയായിരുന്നു.
ഏഷ്യയിലെ മുഖ്യ എതിരാളികളെന്നതിനപ്പുറം വനിതാ കബഡിയിൽ ഇറാന് ഇന്ത്യയുമായി മറ്റൊരു ബന്ധം കൂടിയുണ്ട്. മഹാരാഷ്ട്ര സ്വദേശിനിയായ ഷൈലജ ജെയിനാണ് കഴിഞ്ഞ 7 വർഷമായി ഇറാൻ ടീമിന്റെ മുഖ്യ പരിശീലക. 5 വർഷം മുൻപ് ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇറാനെ ചരിത്ര സ്വർണനേട്ടത്തിലേക്കു നയിച്ചത് ഷൈലജയാണ്. എന്നാൽ ഇത്തവണ സ്വർണം നിലനിർത്തുകയെന്നത് കടുപ്പമാണെന്ന് ഇറാൻ ടീമംഗങ്ങൾ സമ്മതിക്കുന്നു. കാരണം കോവിഡിനെത്തുടർന്ന് പരിശീലനം മുടങ്ങിയ ടീമിന് കഴിഞ്ഞ 3 വർഷത്തിനിടെ ഒരു രാജ്യാന്തര മത്സരങ്ങളിലും പങ്കെടുക്കാൻ കഴിഞ്ഞില്ല. ആ പരിചയക്കുറവിന് പരിഹാരം തേടിയാണ് ഏഷ്യൻ ഗെയിംസിന് മാസങ്ങൾ മുൻപേ ഇറാൻ സംഘം ഇന്ത്യയിലേക്കു പറന്നെത്തിയത്.
English Summary : Iran kabaddi team to study India