പ്രഗ്നാനന്ദ സെമിയിൽ
Mail This Article
ബാക്കു (അസർബൈജാൻ) ∙ അടിയും തിരിച്ചടിയും കണ്ട 7 ടൈബ്രേക്ക് ഗെയിമുകൾക്കൊടുവിൽ ആർ.പ്രഗ്നാനന്ദ ചെസ് ലോകകപ്പ് സെമിയിൽ. ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള നാടകീയപോരാട്ടത്തിൽ അർജുൻ എരിഗാസിയെയാണ് പ്രഗ്നാനന്ദ തോൽപിച്ചത്. സെമിയിൽ യുഎസ് താരം ഫാബിയാനോ കരുവാനയാണ് പ്രഗ്ഗയുടെ എതിരാളി. നോർവേ താരം മാഗ്‌നസ് കാൾസനും അസർബൈജാൻ താരം നിജാത് അബാസോവും തമ്മിലാണ് മറ്റൊരു സെമി.
സെമിയിലെത്തിയതോടെ പ്രഗ്നാനന്ദ അടുത്ത ലോകചാംപ്യന്റെ എതിരാളിയെ നിർണയിക്കാനുള്ള കാൻഡിഡേറ്റ് മത്സരങ്ങൾക്ക് യോഗ്യത നേടാനുള്ള സാധ്യതയേറി. ലോകകപ്പിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്കാണ് യോഗ്യത.
ടോപ് ത്രീയിൽ എത്തുകയും നിലവിലെ ലോക ചാംപ്യൻഷിപ് ഫോർമാറ്റിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് മാഗ്നസ് കാൾസൻ വീണ്ടും തീരുമാനിക്കുകയും ചെയ്താൽ ലോകകപ്പ് സെമിയിലെത്തിയ മറ്റു മൂന്നുപേരും തോറ്റാലും യോഗ്യത നേടും.
English Summary : Pragnananda in semi final