ADVERTISEMENT

ചെന്നൈ ∙ മഹാവിഷ്ണുവിന്റെ അവതാരമായ കൽക്കിയെ ആരാധിക്കുന്നവരാണ് ആർ.പ്രഗ്നാനന്ദയുടെ മാതാപിതാക്കളായ രമേഷും നാഗലക്ഷ്മിയും. ഇരുവരും നിത്യേന സന്ദർശിക്കുന്ന ക്ഷേത്രത്തിലെ പൂജാരിമാരാണ് മകന് പ്രഗ്നാനന്ദ എന്ന പേരു നിർദേശിച്ചത്. ഈ പേരു കേൾക്കുമ്പോൾ എല്ലാവരിലും ഒരു ജിജ്ഞാസ ഉണ്ടാകുമെന്നാണു പ്രഗ്നാനന്ദയുടെ പിതാവിന്റെ നിരീക്ഷണം.

ഇന്ത്യ മുഴുവൻ അതേ ജിജ്ഞാസയോടെയാണു പ്രഗ്നാനന്ദയുടെ ലോകചെസിലെ കരുനീക്കങ്ങൾ കണ്ടതും. പ്രഗ്നാനന്ദ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണു സഹോദരി വൈശാലിയെ ചെസ് ബോർഡിനു മുന്നിലേക്കു മാതാപിതാക്കൾ കൊണ്ടിരുത്തിയത്. ചേച്ചി പോയ അതേ വഴിയിലൂടെ അനുജനുമെത്താൻ അധിക സമയം വേണ്ടി വന്നില്ല.

തമാശ സിനിമകളാണു പ്രഗ്നാനന്ദയുടെ ഇഷ്ട വിനോദങ്ങളിലൊന്ന്. ചെസ് ബോർഡിനു മുന്നിലെ ഗൗരവവും സമ്മർദവും ഒഴുക്കിക്കളഞ്ഞ് ചിരിച്ചു മറിയും പ്രഗ്ഗ. സമയമുള്ളപ്പോഴെല്ലാം ടേബിൾ ടെന്നിസ് കളിക്കാനും ഇഷ്ടമേറെ. മറ്റൊന്നു ക്രിക്കറ്റാണ്. സുഹൃത്തുക്കൾക്കൊപ്പം എത്രനേരം വേണമെങ്കിലും ക്രിക്കറ്റ് കളിക്കാൻ തയാർ.

ഭക്ഷണം കഴിക്കുമ്പോൾ മാത്രമാണു പ്രഗ്നാനന്ദ ടിവി കാണുക. പിസ്സ, ന്യൂഡിൽസ് പോലെയുള്ള ഭക്ഷണങ്ങളോട് അകന്നു നിൽക്കുകയാണ് പ്രഗ്നാനന്ദയും വൈശാലിയും. ‘ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കുടുംബം ഒന്നിച്ചുനിൽക്കും’ എന്ന പഴമൊഴിയിൽ വിശ്വസിക്കുന്ന കുടുംബമാണ് പ്രഗ്നാനന്ദയുടേത്. 

എല്ലാവരും വീട്ടിലുള്ള സമയങ്ങളിൽ ഒരുമിച്ചാണ് അത്താഴം കഴിക്കുന്നത്; ഞങ്ങൾക്കു മുഖങ്ങൾ കണ്ട്, ഇരുന്ന് സംസാരിക്കാനുള്ള ഒരേയൊരു സമയമാണിതെന്നു പിതാവ് രമേഷ് പറഞ്ഞിട്ടുണ്ട്. പ്രഗ്ഗ ചെസ് കളിക്കു മുൻപ് നെറ്റിയിൽ ഭസ്മക്കുറി തൊട്ട് പ്രാർഥിക്കും. എല്ലാ യാത്രകളിലും ആ ഭസ്മം കൂടെയുണ്ടെന്ന് ഉറപ്പാക്കുന്നതു പ്രഗ്ഗയുടെ അമ്മയാണ്.

English Summary: R Praggnanandhaa's Life Style

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com