വെള്ളി മെഡൽ അമ്മയുടെ കഴുത്തിലിട്ട് പ്രഗ്നാനന്ദ; രണ്ടാം സ്ഥാനത്തിൽ ആഹ്ലാദമെന്ന് താരം
Mail This Article
ബാക്കു (അസർബൈജാൻ) ∙ ചെസ് ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരനുള്ള വെള്ളി മെഡൽ അമ്മ നാഗലക്ഷ്മിയുടെ കഴുത്തിൽ ഇട്ടുകൊടുത്ത് ഇന്ത്യൻ താരം ആർ. പ്രഗ്നാനന്ദ. ഫൈനലിൽ നോർവേ താരം മാഗ്നസ് കാൾസനോടു പൊരുതിവീണ പ്രഗ്ഗ, അമ്മയോടൊപ്പമുള്ള ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ചു. ഫിഡെ ലോകകപ്പ് വെള്ളി മെഡൽ നേടിയതിന്റെയും 2024 കാൻഡിഡേറ്റ്സ് യോഗ്യത ഉറപ്പിച്ചതിന്റെയും ആഹ്ലാദത്തിലാണു താനെന്ന് പ്രഗ്നാനന്ദ പ്രതികരിച്ചു.
‘‘എനിക്ക് എല്ലാവരും നൽകിയ പിന്തുണയ്ക്കും പ്രാർഥനയ്ക്കും നന്ദിയുണ്ട്. എല്ലായ്പ്പോഴും എന്നെ പിന്തുണയ്ക്കുന്ന, സന്തോഷിക്കുന്ന, അഭിമാനിക്കുന്ന അമ്മയ്ക്കൊപ്പം’’– പ്രഗ്നാനന്ദ പ്രതികരിച്ചു. ടൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ചാണ് കാള്‍സൻ കരിയറിലെ ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കിയത്. രണ്ടാം ഗെയിം സമനിലയിൽ പിരിഞ്ഞു. ടൈബ്രേക്കറിൽ വിജയത്തിന് ആവശ്യമായ ഒന്നര പോയിന്റ് കാൾസൻ സ്വന്തമാക്കി.
ചെസ് ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് കാൾസനും പ്രഗ്നാനന്ദയും നേര്‍ക്കുനേര്‍ വന്നത്. കാൾസനെ ആദ്യ രണ്ടു ഗെയിമുകളിൽ സമനിലയിൽ തളച്ച്, മത്സരം ടൈബ്രേക്കർ വരെയെത്തിച്ചത് 19 വയസ്സുകാരനായ പ്രഗ്നാനന്ദയെ സംബന്ധിച്ച് ചെറിയ നേട്ടമല്ല. ആദ്യ ഗെയിമിൽ 35 നീക്കങ്ങൾക്കു ശേഷവും രണ്ടാം ഗെയിമിൽ 30 നീക്കങ്ങൾക്കു ശേഷവുമായിരുന്നു സമനിലയിൽ പിരിഞ്ഞത്.
ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്നാനന്ദ ക്വാര്‍ട്ടറിലെത്തിയത്. സെമിയിൽ ലോക മൂന്നാം നമ്പര്‍ ഫാബിയാനോ കരുവാനയെ കീഴടക്കി പ്രഗ്ഗ ഫൈനലുറപ്പിച്ചു. വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.
English Summary: R Praggnanandha shared photo with his mother Nagalakshmi