ADVERTISEMENT

ബുഡാപെസ്റ്റ് ∙ നീരജ് ചോപ്രയുടെ കൈക്കരുത്തിൽ 88.17 മീറ്റർ അകലേക്കു പറന്ന ജാവലിൻ കീഴടക്കിയത് സ്വർണ ദൂരം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ ഹൃദയം കൂടിയാണ്. 2 വർഷം മുൻപ് ടോക്കിയോയിൽ ഒളിംപിക്സ് സ്വർണത്തിനായുള്ള ഇന്ത്യക്കാരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച ഹരിയാനക്കാരൻ നീരജ് ചോപ്ര ഇന്നലെ ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിലെ കന്നി സ്വർണമെന്ന ഇന്ത്യൻ സ്വപ്നത്തിലേക്കും ജാവലിൻ പായിച്ചു. ലോക ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ മാത്രം മെഡലാണിത്.

2003ൽ അഞ്ജു ബോബി ജോർജ് നേടിയ വെങ്കലവും കഴിഞ്ഞവർഷം നീരജിന്റെ തന്നെ വെള്ളിയുമായിരുന്നു ഇതുവരെയുള്ള നേട്ടങ്ങൾ. ജാവലിൻ ത്രോയിൽ ലോക അത്‍‍ലറ്റിക്സിലെ എല്ലാ പ്രധാന നേട്ടങ്ങളും ഇതോടെ നീരജിനു സ്വന്തമായി. കോമൺവെൽത്ത് ഗെയിംസ് ചാംപ്യൻ പാക്കിസ്ഥാന്റെ അർഷാദ് നദീം വെള്ളി നേടിയപ്പോൾ ടോക്കിയോ ഒളിംപിക്സ് വെള്ളി മെഡൽ ജേതാവ് ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജ് വെങ്കലം നേടി. ലോക ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിൽ ആദ്യമായി 3 ഇന്ത്യക്കാർ അണിനിരന്ന ഫൈനലിൽ കിഷോർ കുമാർ ജന അഞ്ചാം സ്ഥാനവും ഡി.പി.മനു ആറാം സ്ഥാനവും നേടി. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കിഷോർ കുമാർ (84.77 മീറ്റർ) ഇന്നലെ പുറത്തെടുത്തത്. 

നീരജ് ചോപ്രയുടെ ആഹ്ലാദം
നീരജ് ചോപ്രയുടെ ആഹ്ലാദം

ഫൗളിലൂടെ തുടക്കം

12 പേർ മത്സരിച്ച പുരുഷ ജാവലിൻത്രോ ഫൈനലിലെ ആദ്യം ഊഴം യോഗ്യതാ റൗണ്ടിലെ ഒന്നാംസ്ഥാനക്കാരനായ നീരജിന്റേതായിരുന്നു. 80 മീറ്റർ പരിധിയിലാണ് ആ ത്രോയിൽ ജാവലിൻ ചെന്നു പതിച്ചത്. ആ ദൂരം കണക്കാക്കാതിരിക്കാൻ നീരജ് മനപൂർവം ഫൗൾ വഴങ്ങി. പക്ഷേ എതിരാളികളിലാർക്കും ആ ഊഴത്തിൽ മികച്ചൊരു പ്രകടനം നടത്താൻ കഴിഞ്ഞില്ല. 83.38 മീറ്റർ പിന്നിട്ട ഫിൻലൻഡിന്റെ ഒലിവർ ഹെലാൻഡറായിരുന്നു ആദ്യ റൗണ്ടിൽ മുന്നിൽ. ഒലിവർ അടക്കം 4 പേർക്കു മാത്രമാണ് 80 മീറ്റർ എറിഞ്ഞിടാനായത്. 

അർഷാദിന്റെ വെല്ലുവിളി

രണ്ടാം റൗണ്ടിലെ ആദ്യ ത്രോയിൽ 88.17 മീറ്റർ എറി‍ഞ്ഞിട്ട് ഒന്നാംസ്ഥാനത്തേക്കു കയറിയാണ് നീരജ് സ്വർണത്തിലേക്കുള്ള കുതിപ്പ് തുടങ്ങിയത്. പിന്നീടുള്ള 4 ത്രോകളിലും ഇന്ത്യൻ സൂപ്പർതാരം ഈ ലീഡ് കൈവിടാതെ മുന്നേറി. 6 റൗണ്ട് നീണ്ട ഫൈനലിൽ നീരജിന് വെല്ലുവിളിയുയർത്താനായത് പാക്കിസ്ഥാന്റെ അർഷാദ് നദീമിനു മാത്രമാണ്. മൂന്നാം ത്രോയിൽ 87.82 മീറ്റർ എറിഞ്ഞ അർഷാദ് നീരജുമായുള്ള അകലം 35 സെന്റിമീറ്ററായി കുറച്ചു. പക്ഷേ അതിലും മികച്ചൊരു പ്രകടനം നടത്താൻ പിന്നീട് അർഷാദിനു കഴിഞ്ഞില്ല. നീരജിന്റെ വിസ്മയ പ്രകടനം ഇന്ത്യൻ സഹതാരങ്ങളായ ഡി.പി.മനുവിനും കിഷോർ കുമാർ ജനയ്ക്കും ഊർജമേകി. മൂന്നാം ത്രോയിൽ 83.72 മീറ്റർ എറിഞ്ഞിട്ട മനു മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ അഞ്ചാംസ്ഥാനത്തുണ്ടായിരുന്നു.

നീരജിന്റെ പ്രധാന രാജ്യാന്തര നേട്ടങ്ങൾ

ലോക ജൂനിയർ ചാംപ്യൻഷിപ് സ്വർണം 2016

ഏഷ്യൻ ചാംപ്യൻഷിപ് സ്വർണം 2017

കോമൺവെൽത്ത് ഗെയിംസ് സ്വർണം 2018

ഏഷ്യൻ ഗെയിംസ് സ്വർണം 2018

ഒളിംപിക്സ് സ്വർണം 2021

ലോക ചാംപ്യൻഷിപ് വെള്ളി 2022

ഡയമണ്ട് ലീഗ് ചാംപ്യൻ 2022

ലോക ചാംപ്യൻഷിപ് സ്വർണം 2023

English Summary: Neeraj Chopra becomes first Indian to win gold at World Athletics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com