ADVERTISEMENT

ന്യൂഡൽഹി∙ ചെസ് താരം ആർ. പ്രഗ്നാനന്ദയെയും കുടുംബത്തെയും കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെസ് ലോകകപ്പിൽ നേടിയ വെള്ളി മെ‍ഡലുമായാണ്, പ്രധാനമന്ത്രിയെ കാണാൻ പ്രഗ്ഗയും കുടുംബവും ഡൽഹിയിലെത്തിയത്. പ്രഗ്നാനന്ദയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ചെസ് താരത്തെയും കുടുംബത്തേയും നേരിൽ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റര്‍) അറിയിച്ചു.

‘‘അഭിനിവേശത്തിന്റെയും  സ്ഥിരോത്സാഹത്തിന്റെയും ആൾരൂപമാണ്. ഇന്ത്യയിലെ യുവജനങ്ങൾക്ക് ഏതു മേഖലയും കീഴടക്കാൻ കഴിയുമെന്ന ദൃഷ്ടാന്തം. താങ്കളെക്കുറിച്ച് അഭിമാനിക്കുന്നു.’’–പ്രധാനമന്ത്രി പ്രതികരിച്ചു. പ്രധാനമന്ത്രിയെ വസതിയിലെത്തി കാണാൻ സാധിച്ചതു വലിയ ആദരവാണെന്നു പ്രഗ്നാനന്ദയും എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. തനിക്കും രക്ഷിതാക്കൾക്കും നൽകിയ പ്രോത്സാഹനത്തിനു നന്ദിയുണ്ടെന്നും പ്രഗ്നാനന്ദ പ്രതികരിച്ചു.

ലോകകപ്പ് ചെസ് ഫൈനലിൽ നോർവേ താരം മാഗ്നസ് കാൾസനെതിരെ ശക്തമായ പോരാട്ടത്തിനൊടുവിലാണ് പ്രഗ്നാനന്ദ കീഴടങ്ങിയത്. ആദ്യ രണ്ടു ഗെയിമുകൾ സമനിലയിലാക്കിയ പ്രഗ്ഗ, ടൈ ബ്രേക്കറിൽ പൊരുതി വീഴുകയായിരുന്നു. തമിഴ്നാട്ടിലേക്കു തിരികെയെത്തിയ താരത്തിനു വൻ വരവേൽപാണു വിമാനത്താവളത്തിൽ ലഭിച്ചത്. പ്രഗ്നാനന്ദയ്ക്ക് 30 ലക്ഷം രൂപയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സമ്മാനമായി നൽകിയത്. താരത്തിന്റെ രക്ഷിതാക്കൾക്ക് വൈദ്യുത കാർ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്രയും അറിയിച്ചിട്ടുണ്ട്.

English Summary: PM Modi meets R Praggnanandhaa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com