ADVERTISEMENT

സ്വിറ്റ്സർ‌ലൻഡിലെ സൂറിക്കിൽ പരിശീലനത്തിലാണ് ജാവലിൻ ത്രോ ലോകചാംപ്യൻ നീരജ് ചോപ്ര. പാലക്കാട്ടെ മെഡിക്കൽ കോളജ് ഗ്രൗണ്ടിലാണ് ലോങ്ജംപ് താരം എം.ശ്രീശങ്കറിന്റെ തയാറെടുപ്പുകൾ. ഏഷ്യൻ ചാംപ്യൻ അബ്ദുല്ല അബൂബക്കറും നിലവിലെ ഏഷ്യൻ ഗെയിംസ് ചാംപ്യൻ ജിൻസൻ ജോൺസനും ബെംഗളൂരുവിലെ സായ് സെന്ററിലും. പരിശീലന മാർഗങ്ങളും വേദികളും വ്യത്യസ്തമെങ്കിലും ഇന്ത്യയുടെ 68 അംഗ അത്‌ലറ്റിക്സ് സംഘത്തിന് മുൻപിൽ ഒരേയൊരു ലക്ഷ്യമേയുള്ളൂ– ഏഷ്യൻ ഗെയിംസ് മെഡൽ. ബെംഗളൂരു, ബെല്ലാരി, പാലക്കാട്, തിരുവനന്തപുരം, പട്യാല എന്നിങ്ങനെ രാജ്യത്തെ 5 കേന്ദ്രങ്ങളിലായാണ് ഇന്ത്യൻ ടീമിന്റെ ഒരുക്കം. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെയാണ് അത്‌ലറ്റിക്സ് മത്സരങ്ങൾ.

ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ‌ ഇന്ത്യയ്ക്ക് കൂടുതൽ മെഡൽ സമ്മാനിച്ച കായിക ഇനം, ഹാങ്ചൗ ഗെയിംസിൽ ഇന്ത്യൻ സംഘത്തിൽ കൂടുതൽ പ്രാതിനിധ്യമുള്ള മത്സരയിനം, ഇത്തവണ ഇന്ത്യ കൂടുതൽ മെഡൽ പ്രതീക്ഷിക്കുന്ന മത്സരം, എല്ലാ ചോദ്യങ്ങൾ‌ക്കും ഒരേയൊരു ഉത്തരമേയുള്ളൂ– അത്‌ലറ്റിക്സ്.

ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ മെഡൽ നേട്ടത്തിൽ സെഞ്ചറി മോഹിക്കുമ്പോൾ ഇന്ത്യൻ പ്രതീക്ഷകളുടെ കുന്തമുന ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര നയിക്കുന്ന അത്‌ലറ്റിക്സ് സംഘമാണ്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 672 ആണെങ്കിൽ അതിൽ 254 മെഡലുകളും അത്‌ലറ്റിക്സിലായിരുന്നു. 

സൂപ്പർതാര നിര

താരങ്ങളുടെ ട്രാക്ക് റെക്കോർഡും സമീപകാല പ്രകടനങ്ങളും പരിഗണിച്ചാൽ എക്കാലത്തെയും മികച്ച അത്‌ലറ്റിക്സ് സംഘവുമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നത്. കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവായ എൽദോസ് പോളിനു വരെ പുരുഷ ട്രിപ്പിൾജംപ് സംഘത്തിൽ ഇടംനേടാനായില്ലെന്നതാണ് അതിനുള്ള പ്രധാന തെളിവ്.

ഒരു ഒളിംപിക്സ് ചാംപ്യനുമായി ഇന്ത്യ ഏഷ്യൻ ഗെയിംസിൽ മത്സരിക്കാനെത്തുന്നത് ഇതാദ്യം. 5 ഏഷ്യൻ ചാംപ്യൻമാരും 6 കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളും ഉൾപ്പെടുന്നതാണ് ഇന്ത്യൻ അത്‌ലറ്റിക്സ് ടീം.

അരികെയുണ്ട്, മെഡൽ

അത്‌ലറ്റിക്സിലെ ഏഷ്യൻ റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തുള്ള 6 പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്. രണ്ടാംറാങ്കുകാരായി 5 പേരും. ഏഷ്യൻ ഗെയിംസ് മെഡൽ കയ്യെത്തുംദൂരത്തുണ്ട് എന്നു തെളിയിക്കുന്നതാണ് ഈ റാങ്കിങ്. ഏഷ്യൻ റാങ്കിങ്ങിൽ ആദ്യ 5 സ്ഥാനങ്ങളിലുള്ള ഇന്ത്യൻ താരങ്ങൾ ഇവരാണ്:

പുരുഷ വിഭാഗം 800 മീറ്റർ: ക്രിഷൻ കുമാർ– റാങ്ക് 1, പി.മുഹമ്മദ് അഫ്സൽ– 4
1500 മീറ്റർ: അജയ്കുമാർ സരോജ്– 1
സ്റ്റീപിൾ ചേസ്: അവിനാഷ് സാബ്‌ലെ– 2
ഹൈജംപ്: സർവേഷ് അനിൽ കുശാരെ– 4
ഷോട്പുട്: തേജീന്ദർസിങ് പാൽ– 1
ലോങ്ജംപ്: എം.ശ്രീശങ്കർ– 2, ജെസ്വിൻ ആൽഡ്രിൻ– 4
ട്രിപ്പിൾ ജംപ്: പ്രവീൺ ചിത്രവേൽ– 3, അബ്ദുല്ല അബൂബക്കർ– 4
ജാവലിൻത്രോ: നീരജ് ചോപ്ര–1, കിഷോർ‌ കുമാർ ജന– 4
ഡെക്കാ‌ത്‌ലൺ: തേജസ്വിൻ ശങ്കർ– 5
വനിതാ 400 മീറ്റർ: ഐശ്വര്യ മിശ്ര– റാങ്ക് 4
800 മീറ്റർ: കെ.എം.ചന്ദ– 1
5000 മീറ്റർ: അങ്കിത ധ്യാനി– 5
100 മീറ്റർ ഹർഡിൽസ്: ജ്യോതി യാരാജി– 1
400 മീറ്റർ‍ ഹർഡിൽസ്: വിദ്യ രാംരാജ്– 5
സ്റ്റീപ്പിൾ ചേസ്: പാരുൽ ചൗധരി– 2
ലോങ്ജംപ്: ശൈലി സിങ്– 2 , ആൻസി സോജൻ– 4
ഹെപ്റ്റാത്‌ലൺ:  സ്വപ്ന ബർമൻ– 2

English Summary :  India prepares for more medals In Asian Games Athletics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com