ADVERTISEMENT

ഹാങ്ചോ∙ ചൈനയുടെ നിറം ചുവപ്പാണ്. പക്ഷേ ചൈനയിലെ ഹാങ്ചോയിൽ നാളെ തുടക്കമാകുന്ന 19–ാം ഏഷ്യൻ ഗെയിംസിന്റെ നിറം പച്ചയാണ്. തെരുവുകളിൽ വച്ചുപിടിപ്പിക്കുന്ന മരങ്ങൾ മുതൽ ഗെയിംസ് വേദികൾക്ക് ഊർജമേകുന്ന ഗ്രീൻ എനർജി വരെ ഹരിതാഭമാണ് ഹാങ്ചോ ഏഷ്യൻ ഗെയിംസിന്റെ മുഖമുദ്ര. നാളത്തെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ കരിമരുന്ന് പ്രയോഗം ഒഴിവാക്കാൻ തീരുമാനിച്ച സംഘാടകർ പ്രകൃതിക്കു നോവേൽപ്പിക്കില്ലെന്ന നയം ലോകത്തിനു മുൻപിൽ വ്യക്തമാക്കി കഴി‍‍ഞ്ഞു. വെടിക്കെട്ടില്ലാത്ത ഉദ്ഘാടനച്ചടങ്ങ് സമീപകാല ഏഷ്യൻ ഗെയിംസുകളിലാദ്യം. 

∙ പ്രകൃതിക്കു താങ്ങ് 

ഗെയിംസ് നഗരമായ ഹാങ്ചോയിലൂടെയുള്ള യാത്രയിലെല്ലാം വഴിയരികിൽ മരങ്ങൾ‌ വച്ചുപിടിപ്പിച്ചിരിക്കുന്നതു കാണാം. ഇത്രയും പരിസ്ഥിതി സ്നേഹമോ എന്നു ചിന്തിക്കുമ്പോഴാണ് അവയ്ക്കു താങ്ങായി നിർത്തിയിരിക്കുന്ന 3 ഇരുമ്പ് കാലുകൾ കൂടി കാണുന്നത്. പരിസ്ഥിതി മലിനീകരണത്തോതിൽ ഏറെ മുന്നിലായിരുന്ന ചൈനയ്ക്ക് മരം ഒരു വരമാണെന്ന ബോധ്യമുണ്ടാകുന്നത് അൽപം വൈകിയാണ്. ചൈനയുടെ മറ്റു പ്രവിശ്യകളിൽ നിന്ന് മരങ്ങളും ചെടികളും വേരോടെ പിഴുതെടുത്ത് ഗെയിംസ് നഗരിയിലേക്കെത്തിക്കുകയായിരുന്നു. ‘കൃത്രിമമായി’ നട്ടുപിടിപ്പിച്ച മരങ്ങൾ ഇടയ്ക്കു തളർന്നുവീഴാതിരിക്കാനാണ് ഇരുമ്പുകാലുകൾ. ഗെയിംസ് മുദ്രയും ഭാഗ്യചിഹ്നവുമുള്ള പുൽത്തകിടികളും  പൂന്തോട്ടങ്ങളും നഗരത്തിൽ പുതുതായി ഒരുക്കിയിട്ടുണ്ട്. 

∙ പാഴ്‌വസ്തുക്കളിൽ നിന്ന് സ്റ്റേഡിയം

ഏഷ്യൻ ഗെയിംസ് വേദികളുടെ നിർമാണം പരമാവധി ചുരുക്കിയ ചൈന പഴയതു മോടിപിടിപ്പിക്കുകയാണ് ചെയ്തത്. ആകെയുള്ള 56 വേദികളിൽ 12 സ്റ്റേഡിയങ്ങൾ മാത്രമാണ് പുതുതായി നിർമിച്ചത്. റീസൈക്കിൾ ചെയ്ത പാഴ്‌വസ്തുക്കളാണ് ഇവയുടെ നിർമാണത്തിന് ഉപയോഗിച്ചത്. ഹുവാങ്ചുവിലെ സോളർ പ്ലാന്റിൽ നിന്നാണ് ഗെയിംസ് വേദികളിലേക്കും ഗെയിംസ് വില്ലേജുകളിലേക്കുമുള്ള വൈദ്യുതിയെത്തുന്നത്. ജല ഉപയോഗം അഞ്ചിലൊന്നായി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ് വാട്ടർ സ്പോർട്സ് മത്സരവേദികളിലെ സജ്ജീകരണങ്ങൾ. 

∙ വയർലെസ് ചാർജിങ്

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങിലും വയർലെസ് സംവിധാനമൊരുക്കിയാണ് ചൈനയുടെ കുതിപ്പ്. 100 കണക്കിനു ഇലക്ട്രിക് ബസുകളും കാറുകളുമാണ് ഏഷ്യൻ ഗെയിംസ് അതിഥികളുടെ യാത്രകൾക്കായി നിരത്തിലിറക്കിയിരിക്കുന്നത്. ഇവയുടെ ചാർജിങ്ങിനായി ഗെയിംസ് വില്ലേജിലും വേദികളിലും പ്രത്യേക പ്രതലം സജ്ജീകരിച്ചിട്ടുണ്ട്. ചാർജിങ്ങിനായി ഈ പ്രതലത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ മതിയാകും.

English Summary : China getting ready for an eco-friendly Asian Games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com