ADVERTISEMENT

ചൈനയുടെ സാങ്കേതികസ്പന്ദനം നിയന്ത്രിക്കുന്ന ഹാങ്ചോയിൽ ഏഷ്യൻ കായിക കരുത്തിന്റെ ലോഞ്ചിങ്. 5 ജി വേഗത്തിൽ സഞ്ചരിക്കുന്ന നഗരത്തിന്റെ ട്രാക്കുകളിൽ ഇന്നുമുതൽ അതിവേഗം കൊണ്ട് കായികതാരങ്ങൾ ചരിത്രമെഴുതും. 19–ാം ഏഷ്യൻ ഗെയിംസിന് ചൈനയുടെ ഡിജിറ്റൽ നഗരമായ ഹാങ്ചോയിൽ ഇന്ന് ഔദ്യോഗിക തുടക്കം.

ഒളിംപിക്സ് സ്പോർട്സ് സെന്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതലാണ് ഉദ്ഘാടനച്ചടങ്ങുകൾ. മാർച്ച് പാസ്റ്റിൽ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും വനിതാ ബോക്സിങ് താരം ലവ്‌ലിന ബോർഗോഹെയ്നും ഇന്ത്യൻ പതാക വഹിക്കും. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളും ഉൾപ്പെടെ അരലക്ഷത്തോളം പേർ പങ്കെടുക്കും. 

സാങ്കേതികവിദ്യയും കലയും കോർത്തിണക്കി, രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും വികസനവും ലോകത്തിനു മുൻപിൽ കാഴ്ചവയ്ക്കുന്ന ഉദ്ഘാടനച്ചടങ്ങിനാണ് ചൈന ഒരുങ്ങുന്നത്. ഹാങ്ചോ ഗെയിംസിന്റെ ദീപശിഖാ പ്രയാണം ഡിജിറ്റൽ രൂപത്തിലാക്കി ലോകത്തെ വിസ്മയിപ്പിച്ച ചൈന ഉദ്ഘാടനച്ചടങ്ങിലും അത്തരമൊരു സാങ്കേതിക അത്ഭുതത്തിന്റെ പ്രദർശനത്തിന് ഒരുങ്ങുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വെർച്വലായി ഒരുമിച്ചു തെളിയിക്കുന്ന ദീപനാളത്തിലൂടെയാകും 19–ാം ഗെയിംസിന് തുടക്കമാകുക. 

45 രാജ്യങ്ങളിൽ നിന്നായി 12417 കായിക താരങ്ങളാണ് ഇത്തവണ ഗെയിംസിൽ മത്സരിക്കുന്നത്. ഏഷ്യൻ ഗെയിംസിലെ റെക്കോർഡാണിത്. 56 വേദികളായി 481 മെഡൽ ഇനങ്ങൾ.  4 വർഷത്തിനുശേഷം ഉത്തര കൊറിയ രാജ്യാന്തര മത്സരവേദിയിലേക്കു തിരിച്ചെത്തുന്നുവെന്നതും ഈ ഗെയിംസിന്റെ പ്രത്യേകതയാണ്. 

∙ വൻമതിലായി ചൈന

ഏഷ്യൻ ഗെയിംസിൽ തങ്ങളുടെ കായിക കരുത്തിന്റെ പ്രദർശനത്തിനൊരുങ്ങുന്ന 44 രാജ്യങ്ങളുടെയും പ്രധാന വെല്ലുവിളി ആതിഥേയരായ ചൈന തന്നെയാണ്. ഇത്തവണ 886 താരങ്ങളെ ചൈന കളത്തിലിറക്കുമ്പോൾ ടീമിൽ‌ 36 ഒളിംപിക് ചാംപ്യൻമാരുമുണ്ട്. 25 വയസ്സാണ് ഗെയിംസിൽ മത്സരിക്കുന്ന ചൈനീസ് താരങ്ങളുടെ ശരാശരി പ്രായം. 1473 സ്വർണമടക്കം 3187 മെഡലുകളാണ് ചൈനയുടെ ഇതുവരെയുള്ള ആകെ നേട്ടം. 1982 മുതലുള്ള എല്ലാ ഗെയിംസുകളിലും മെഡൽ പട്ടികയിൽ‌ ചൈന ബഹുദൂരം മുന്നിൽ ഒന്നാമതായിരുന്നു. 

ഗെയിംസ് വില്ലേജിലൂടെ സൈക്കിൾ ചവിട്ടുന്ന ഇന്ത്യൻ തുഴച്ചിൽ താരങ്ങളായ കുൽവീന്ദർ സിംങും ആശിഷ് ഗോളിയാനും. 	ചിത്രം: മനോരമ
ഗെയിംസ് വില്ലേജിലൂടെ സൈക്കിൾ ചവിട്ടുന്ന ഇന്ത്യൻ തുഴച്ചിൽ താരങ്ങളായ കുൽവീന്ദർ സിംങും ആശിഷ് ഗോളിയാനും. ചിത്രം: മനോരമ

∙ കരുത്തുകാട്ടാൻ ഇന്ത്യ

2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 16 സ്വർ‌ണമടക്കം 70 മെഡലുകളുമായി എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇത്തവണ 100 മെഡലുകളെന്ന ലക്ഷ്യവുമായാണ് ഇറങ്ങുന്നത്. 655 കായിക താരങ്ങളുമായി ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ അണിനിരത്തുന്നത്. ജക്കാർത്തയിൽ 8 സ്വർ‌ണമടക്കം 20 മെഡലുകൾ നേടിത്തന്ന അത്‌ലറ്റിക്സിലാണ് ഇത്തവണയും പ്രധാന പ്രതീക്ഷ. 68 താരങ്ങളാണ് അത്‌ലറ്റിക്സ് സംഘത്തിലുള്ളത്. ഗുസ്തി, ഷൂട്ടിങ്, ബോക്സിങ് എന്നിവയാണ് ഇന്ത്യ കൂടുതൽ മെഡൽ പ്രതീക്ഷിക്കുന്ന മറ്റിനങ്ങൾ.

English Summary : Asian Games 2022 Starts Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com